കഥ :ഒരു പരസ്യയോഗത്തിന്റെ അവസാനം | ആഷേർ മാത്യു

“നമുക്ക് ഒരു ചർച്ചയാവാം… എന്തുപറയുന്നു?”
“അതെ…അതാണ് നല്ലത്.. അല്ലെങ്കിൽ ഈ സംസാരം എങ്ങും എത്തില്ല.”

അങ്ങനെ അവർ നാലുപേരും ആ മേശയുടെ ചുറ്റും ഒത്തുകൂടി. അവർ നാല് പേർ. ബൈബിൾ കോളേജിൽനിന്നും പഠനം കഴിഞ്ഞ 2 യുവാക്കൾ. സാമും ഫിലിപ്പും. മൂന്നാമത്തെയാൾ യുവജന നേതാവും പാസ്റ്ററും കൂടിയാണ്. പേര് ബെഞ്ചമിൻ. നാലാമത്തെയാളാണ് കൂട്ടത്തിൽ മുതിർന്നയാൾ. പാസ്റ്റർ എബ്രഹാം.

സുവിശേഷ വേലയിൽ എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാം എന്നതിനെപ്പറ്റി ആലോചിച്ച് തീരുമാനിക്കാൻ വേണ്ടിയാണ് അവർ ഒത്തുകൂടിയിരിക്കുന്നത്. എല്ലാവരും നശിക്കുന്ന ആത്മാക്കളെ നേടുക എന്നതിനെപ്പറ്റി ദാഹം ഉള്ളവർ തന്നെ. എന്തെങ്കിലുമൊക്കെ കർത്താവിനു വേണ്ടി പ്രവർത്തിക്കണം എന്ന ആഗ്രഹമുണ്ട് നാല് പേർക്കും. പക്ഷെ, ഏതെങ്കിലും സംഘടനയോട് ചേർന്ന് പ്രവർത്തിക്കുന്നതിൽ അവർക്ക് യോജിപ്പില്ല.

എബ്രഹാം പാസ്റ്ററാണ് ചർച്ചക്ക് തുടക്കമിട്ടത്. ”നോക്കൂ, വ്യത്യസ്തമായ രീതിയിലൂടെയാവണം നമ്മുടെ പ്രവർത്തനങ്ങൾ. അതായത് മറ്റാരും എത്തിപ്പെടാത്ത മേഖലകളിൽ വേണം നമ്മൾ പ്രവർത്തനം ആരംഭിക്കുവാൻ. ”തീർച്ചയായിട്ടും അങ്ങനെ തന്നെ വേണം പാസ്റ്ററെ… ഒരു ‘വെറൈറ്റി’ വേണം”. സാമും അനുകൂലിച്ചു .

”ഞാൻ ഒരുഅഭിപ്രായം പറയാം”.ഫിലിപ്പ് പറഞ്ഞു തുടങ്ങി.
” ഈ പ്രളയം കഴിഞ്ഞതിന് ആഘാതത്തിൽ നിന്നും ഇതുവരെ പലരും മോചിതരായിട്ടില്ല. നമുക്ക് അവർക്ക് ആഹാരം കൊടുക്കാം,വസ്ത്രം കൊടുക്കാം,… എന്തുപറയുന്നു?”

”അതെ, അതാണ് ഇപ്പോഴത്തെ ട്രെൻഡ്” സാം അനുകൂലിച്ചു. പക്ഷേ ബെഞ്ചമിന് അതിനോട് യോജിപ്പുണ്ടായിരുന്നില്ല. അതെല്ലാവരും ചെയ്യുന്നതാണ്.അതിലൊരു പുതുമയില്ല. മാത്രമല്ല നല്ല ഒരു തുകയും വേണം”.
എബ്രഹാം പാസ്റ്ററും വിയോജിച്ചു. ”അല്ലെങ്കിലും അതിൽ സുവിശേഷം ഇല്ലല്ലോ, ആഹാരവും വസ്ത്രവുമൊക്കെയല്ലേയുള്ളൂ”.

”എന്നാൽ ജയിൽ മിനിസ്ട്രി ആയാലോ?” അടുത്ത നിർദ്ദേശം പറഞ്ഞത് ഫിലിപ്പാണ്. ”അതൊക്കെ വലിയ ബുദ്ധിമുട്ടാണ്. അപേക്ഷ കൊടുക്കണം, പെർമിഷൻ കിട്ടണം ..അതും എപ്പോഴുമൊന്നും സാദ്ധ്യവുമല്ല.” എബ്രഹാം പാസ്റ്ററിന് താല്പര്യമില്ല.

”പിന്നെയുള്ളത് ഹോസ്പിറ്റൽ മിനിസ്ട്രിയാണ്. പക്ഷെ, അതൊക്കെ സ്ഥിരമായി വർഷങ്ങളായി ചെയ്യുന്ന പ്രവർത്തകർ അനേകരുണ്ട് .അവരുടെ ഇടയ്ക്ക് നമ്മളുടെ ചെന്ന് എന്ത് ചെയ്യാനാ…?” ബെഞ്ചമിന്റെ അഭിപ്രായം.

”അത് ശരി…എന്നാൽ ട്രാക്റ്റ് വിതരണം ആയാലോ…” സാമിന്റെ അഭിപ്രായം.
”ഒരു കാരണവശാലും വേണ്ട.. ട്രാക്റ്റ് കൊണ്ടുപോകുന്നവരെ വഴിയിൽ നിർത്തി അടി കൊടുക്കുന്ന കാലമാണ്. മാത്രമല്ല വീഡിയോ എടുത്ത് അവന്മാർ ഫേസ്ബുക്കിലുമിടും”. ഫിലിപ്പ് അതിനെ പാടേ എതിർത്തു.

”ശെടാ..പിന്നെ എന്ത് പ്രവർത്തനമാണ് നമ്മൾ ചെയ്യുക…എന്നാൽ നമുക്ക് യുവജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാലോ?” ബെഞ്ചമിന്റെ അഭിപ്രായം. ”യുവജനങ്ങൾക്കിടയിൽ മാത്രം പ്രവർത്തിക്കുന്ന അനേകം സംഘടനകളുണ്ട്. അവരുടെ പ്രവർത്തനത്തിൽ നമ്മളെന്തിനാ ഇടപെടുന്നത്?” സാമിന് അതിനോട് താൽപര്യമില്ല.

”എന്നാൽ നമുക്ക് കേരളം വിട്ട് നോർത്തിന്ത്യയിലേക്ക് പോയാലോ?” സാമിന്റെ നിർദ്ദേശം.
”എന്റെ സാമേ, കേരളത്തിലെ കാര്യംതന്നെ കഷ്ടമാണ്. പിന്നെ നമ്മൾ നോർത്തിന്ത്യയിൽ ചെന്ന് എന്ത് ചെയ്യാനാ? മാത്രമല്ല ഇപ്പോൾ നാട്ടിൽ നിന്നും മാറിനിൽക്കാൻ പറ്റുന്ന സാഹചര്യമല്ല എനിക്കുള്ളത്. മാത്രമല്ല എന്റെ തട്ടകവും കേരളം ആണല്ലോ…” ബെഞ്ചമിന്റെ അഭിപ്രായത്തോടെ ആ നിർദ്ദേശവും തള്ളപ്പെട്ടു.
”ശരി… എന്നാൽ എനിക്കൊരു നല്ല നിർദ്ദേശമുണ്ട്… ഇതേ ഇനി നടക്കൂ…” എബ്രഹാം പാസ്റ്റർ പറഞ്ഞു.
”എന്താണത്??
മൂന്ന് പേരും ഒരുമിച്ചാണ് ചോദിച്ചത്.
”സംഭവം മറ്റൊന്നുമല്ല, എല്ലാവരും ചെയ്യുന്നതൊക്കെ തന്നെ. പരസ്യയോഗം.
നമുക്കൊരു വണ്ടിയിൽ സൗണ്ട് സിസ്റ്റം ഒക്കെ ഘടിപ്പിച്ച് കേരളത്തിന്റെ അങ്ങോളമിങ്ങോളം യാത്ര ചെയ്യാം. ഓരോ കവലകളിൽ വണ്ടി നിർത്തി പരസ്യയോഗം നടത്താം.”

” പക്ഷെ, ചില സ്ഥലങ്ങളിൽ പ്രശ്നമുണ്ടാകും”. സാം പറഞ്ഞു.

”എന്തെങ്കിലും പ്രശ്നമുണ്ടായാൽ നമുക്ക് അന്നേരം തന്നെ ആ സ്ഥലത്തുനിന്ന് മാറി പോകാമല്ലോ.” എബ്രഹാം പാസ്റ്റർ പറഞ്ഞു.

”മാത്രമല്ല ഇപ്പോഴത്തെ ട്രെൻഡ് അതാണ്… ഈ ഫേസ്ബുക്കിൽ വരുന്ന ലൈവ്കളും അതിന് കിട്ടുന്ന ലൈക്കുകളും ഒക്കെ നമ്മൾ കാണുന്നതല്ലേ…” ബെഞ്ചമിന്റെ മുഖത്ത് ഒരു സന്തോഷം.
”അത് കറക്റ്റാണ്. പരസ്യ യോഗത്തിന് ലൈവ് വിട്ടാൽ ഭയങ്കര ‘റീച്ചാ’ണ്. സാമും ശരിവെച്ചു.

അങ്ങനെ ആ ചർച്ചയുടെ അവസാനം അവർ അവിടെ ഒരു തീരുമാനമെടുത്തു. അടുത്ത രണ്ടാഴ്ച അവർ പരസ്യയോഗത്തിനായി പോകും.
എല്ലാമാസവും ഒന്നാം തീയതി നാലുപേരും അടുത്ത ആലോചന മീറ്റിംഗിന് എത്തണം. നമ്മുടെ കൂടെ മറ്റ് ആളുകളെ ചേർക്കണോ വേണ്ടയോ തുടങ്ങി മറ്റു കാര്യങ്ങളൊക്കെ നമുക്ക് അടുത്ത യോഗത്തിൽ ആലോചിക്കാം.
ഈ മേശക്ക് ചുറ്റുമിരുന്നാവും നമ്മുടെ തീരുമാനങ്ങൾ.

അങ്ങനെ അവർ പരസ്യയോഗങ്ങൾ തുടങ്ങി. ‘റിസ്ക്’ എടുക്കാൻ തയ്യാറാകാത്തത് കൊണ്ട് വലിയ ജനവാസമില്ലാത്ത ചെറിയ ചെറിയ ജംഗ്ഷനുകളിൽ വണ്ടി നിർത്തി, ഒരു പാട്ടുപാടി, ഓരോരുത്തരായി ചെറിയ പ്രസംഗങ്ങൾ നടത്തി, അവർ പ്രവർത്തനമാരംഭിച്ചു. എല്ലാ പ്രസംഗങ്ങളും ഫേസ്ബുക്കിൽ ‘ലൈവ്’ ആയിരുന്നു . കവലകളിൽ പ്രസംഗം കേൾക്കാൻ ചുരുക്കമാളുകളേ ഉണ്ടായിരുന്നുള്ളുവെങ്കിലും ‘ലൈവി’ൽ ഒത്തിരി കാഴ്ചക്കാരുണ്ടായിരുന്നു.
‘ലൈക്കു ‘കളും പ്രോത്സാഹിപ്പിക്കുന്ന കമന്റുകളും കുമിഞ്ഞുകൂടി.
‘ദൈവം അനുഗ്രഹിക്കട്ടെ’, ‘യഥാർത്ഥ സുവിശേഷകർ’, ‘ഇവരെ കണ്ട് പഠിക്കൂ’ എന്നൊക്കെയുള്ള കമന്റുകൾ കണ്ട് അവർ കോരിത്തരിച്ചു !! അവർ സംതൃപ്തിയണഞ്ഞു!!

അങ്ങനെ ഒരു മാസം കഴിഞ്ഞു.
അടുത്ത ഒന്നാം തീയതി വീണ്ടും ആലോചനായോഗം നടത്തേണ്ട സമയമായി. സാമും ഫിലിപ്പും നേരത്തെ എത്തി. എബ്രഹാം പാസ്റ്ററെയും ബെഞ്ചമിനെയും കാണുന്നില്ല. രണ്ടുപേരെയും വിളിച്ചിട്ടും കിട്ടുന്നുമില്ല. കുറച്ചുകഴിഞ്ഞപ്പോൾ എബ്രഹാം പാസ്റ്റർ എത്തി.

”എന്താ പാസ്റ്ററേ ലേറ്റ് ആയത്? ബെഞ്ചമിൻ പാസ്റ്ററുടെ ഒരു വിവരവുമില്ല”. സാം ചോദിച്ചു.
”ആഹ്.. ബെഞ്ചമിൻ എന്നെ രാവിലെ വിളിച്ചിരുന്നു. അദ്ദേഹം ഒരു സന്ദർശനത്തിനായി യുഎഇയിലേക്ക് പോകുകയാണത്രേ. പെട്ടെന്നായിരുന്നു എന്നാ പറഞ്ഞത്. ഇന്ന് തന്നെ യാത്രയാകുന്നു എന്നാണ് പറഞ്ഞത്.”
”ആഹാ യു.എ.ഇയിൽ അദ്ദേഹത്തിന് ബന്ധങ്ങൾ ഒക്കെ ഉണ്ടായിരുന്നോ?” ഫിലിപ്പിന് സംശയം.
”അങ്ങനെ വലിയ ബന്ധമൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിൻറെ ഫേസ്ബുക്ക് ‘ലൈവ്’ കണ്ട് ഇഷ്ടപ്പെട്ട ഗൾഫിലുള്ള ചില സഹോദരങ്ങൾ അദ്ദേഹത്തെ ക്ഷണിച്ചതാണ് ”

”അത് ശരി..അപ്പോൾ നമ്മുടെ പരസ്യയോങ്ങൾ എല്ലാവരും വീക്ഷിക്കുന്നുണ്ട് ” ഫിലിപ്പിനും സാമിനും സന്തോഷം.

”അതെയതെ…ദൈവം അനുവദിച്ചാൽ അടുത്തയാഴ്ച ഞാനും ഒരു സന്ദർശനത്തിനായി വിദേശത്തേക്ക് പോവുകയാണ്.. എന്നെയും ചിലർ ക്ഷണിച്ചിട്ടുണ്ട്”.എബ്രഹാം പാസ്റ്റർ പറഞ്ഞു.

അങ്ങനെ അന്നത്തെ യോഗം പിരിഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ പരസ്യയോഗങ്ങൾ ഉണ്ടായിരുന്നില്ല. അടുത്ത ഒന്നാംതീയതി ആലോചന യോഗം നടക്കുന്ന ആ മേശയ്ക്കു ചുറ്റുമുള്ള നാലു കസേരകളും ശൂന്യമായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.