ഭാവന:കപ്പക്കമ്പും മരക്കുരിശും | ജസ്റ്റിൻ കായംകുളം

എല്ലാ മാധ്യമ, ചാനൽ ക്യാമറ കണ്ണുകളും തുറിച്ചു നോക്കിക്കൊണ്ടിരുന്നു. അടുത്ത ദിവസത്തെ പത്രത്തിലും ചാനൽ വാർത്തയിലും തലക്കെട്ട് അതായിരുന്നു.

“ജീവിക്കുന്ന സുവിശേഷം മരക്കുരിശിൽ മരണപ്പെട്ടു.”

ഫേസ്ബുക്കിലും വാട്ട്സാപ്പിലും പോസ്റ്റുകൾ തലങ്ങും വിലങ്ങും ഷെയർ ചെയ്യപ്പെട്ടു. ആദ്യവായനയിൽ സ്തോത്രം പറഞ്ഞു കണ്ണുനീർ തുടച്ചവർ മുട്ട് മടക്കി പ്രാർത്ഥിച്ചു. അപ്പോഴാണ് കുഞ്ഞുമോനച്ചയാനു തോന്നിയത് ഒരു പോസ്റ്റ് ഞാനുമിട്ടേക്കാം. പുള്ളി പോസ്റ്റ് ഇട്ടു വാർത്തയാക്കി. പുള്ളിയുടെ പോസ്റ്റിനു റീച് അല്പം കൂടുതലാണ്. അത് വ്യാപകമായി സമൂഹമാധ്യമത്തിൽ നിറഞ്ഞാടി. യേശു അതുവരെ ചെയ്ത അത്ഭുതങ്ങളും യേശുവിന്റെ വിശുദ്ധജീവിതവുമൊക്കെ ചർച്ചയായി. കുരിശിൽ മരിക്കുന്നതിന് മുൻപ് അനുഭവിച്ച കഷ്ടതകൾ എല്ലാവരെയും കണ്ണീരിലാഴ്ത്തി.

post watermark60x60

തൊട്ടു പിന്നാലെ പ്രമുഖ കൂട്ടായ്മകളിൽ പോസ്റ്റുകൾ എത്തിത്തുടങ്ങി. പല പല അഭിപ്രായങ്ങൾ വന്ന കൂട്ടത്തിൽ യേശുവിന്റെ കൂടെയാണ് എന്ന് തോന്നിപ്പിക്കുന്ന വ്യക്തികൾ മരക്കുരിശിൽ മരിക്കുന്നതിന്റെയും അടി കൊള്ളൂന്നതിന്റെയും പ്രായോഗികതകൾ സംശയിച്ചു ചർച്ചകൾ ആരംഭിച്ചു. കൂടെ നിൽക്കേണ്ട സമയത്തു കാലുവാരി നിലത്തടിച്ച പോലെയായിപ്പോയി.

എന്നാലും യേശുവിന് അടികൊള്ളേണ്ട കാര്യമുണ്ടോ?
അത്ഭുതം ചെയ്യുന്ന യേശു അത് എന്ത് കൊണ്ട് തടഞ്ഞില്ല?
രണ്ടടി കൊള്ളുന്നത് ഇത്ര വല്യ കാര്യമാണോ?
ദൈവരാജ്യം പ്രസംഗിക്കേണ്ട ആവശ്യമുണ്ടായിരുന്നോ?
വീട്ടിലെങ്ങാനും ഇരുന്ന് പ്രാർത്ഥിച്ചാൽ പോരായിരുന്നില്ലേ?
ഇതൊക്കെ കാണിച്ചാൽ അടി കിട്ടും അത് സഹിച്ചോണം. മരിക്കേണ്ടി വരും.. എന്നൊക്കെ ചർച്ചകൾ നീണ്ടു പോയി.
നെഗറ്റിവ് ചർച്ചകൾ വാർത്ത പ്രാധാന്യം നേടിക്കൊണ്ടിരുന്നു. വിഷയം പിന്നീട് പരസ്പരം പഴി പറയാനുള്ള, ഇഷ്ടമില്ലാത്ത ആൾ പറയുന്നതിന് എതിര് പറയുന്ന നിലയിലേക്കെത്തിക്കൊണ്ടിരുന്നു. ക്രിസ്തു ശിഷ്യർ എന്നഭിമാനിച്ചവർ പരസ്പരം ചെളി വാരിയെറിഞ്ഞ് സംതൃപ്തി അടഞ്ഞു ലൈകും കമന്റും വാരിക്കൂട്ടി..

കാലങ്ങൾക്കിപ്പുറം അതെ യേശുവിന്റെ സുവിശേഷം പ്രസംഗിക്കുന്ന പ്രമുഖനും കിട്ടി തല്ല്. കപ്പതണ്ടു കൊണ്ട് ഒരു പെട. പുള്ളി മിണ്ടാതെ തടഞ്ഞു. ഭാഗ്യത്തിന് വല്യ കുഴപ്പമൊന്നും പറ്റിയില്ല.
അപ്പോഴേക്കും ഒരു കൂട്ടർ സുവിശേഷ വിരോധിയുടെ ആക്രമണം. മറ്റൊരു കൂട്ടർ ആളുകൾ സഹികെട്ട് അടിച്ചു എന്നടിച്ചിറക്കി വാർത്ത ഹിറ്റായി.അനുകൂലവും പ്രതികൂലവുമായ ചർച്ചകൾക്കു പിന്നാലെ ആളുകൾ ഓടി.

കപ്പ കമ്പ് കൊണ്ടടിച്ചാൽ എന്താ കുഴപ്പം?
ഇതാണോ സുവിശേഷത്തിനു വേണ്ടിയുള്ള പീഡനം?
എന്നിട്ടെന്തിനാണ് പുള്ളി തടഞ്ഞത്?
ഗുണ്ടാ പാസ്റ്റർമാർ ചാടി വീണില്ലേ?
അത്യാവശ്യം ആയിരുന്നു രണ്ട് കിട്ടേണ്ടത്

മനസ്സിൽ തോന്നിയതെല്ലാം പോസ്റ്റിൽ വന്നു
കൂടെ ഒന്നിച്ചു നിൽക്കേണ്ട സമയത്തു കുറ്റപ്പെടുത്തലും പഴി ചാരലും.
യേശുവിനെപ്പോലും വെറുതെ വിടാത്തവർക്ക് എന്ത് ശിഷ്യൻ !

അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന പോലെ രണ്ടു പക്ഷത്തു ചേറുവാരൽ ആരംഭിച്ചു കഴിഞ്ഞു. ഇനിയിത് പടർന്ന് മറ്റുള്ളവരുടെ അടുക്കൽ എത്തി അവരുടെ ചീത്ത വിളിയും പരിഹാസവും പാവപ്പെട്ട ഉപദേശിമാർക്ക് വാങ്ങിക്കൊടുത്തു കഴിയുമ്പോൾ സമാധാനത്തോടെ കിടന്നുറങ്ങാമായിരിക്കും. വിദേശ രാജ്യങ്ങളിൽ മാസാമാസം സുരക്ഷിത ജോലിയും ശമ്പളവും വാങ്ങുന്നവർക്ക് തെരുവിൽ സുവിശേഷം പറയുന്ന ഉപദേശിക്ക് അടി കിട്ടിയാൽ എന്ത് കിട്ടിയില്ലെങ്കിൽ എന്ത്.

ഒന്ന് മാറി ചിന്തിക്കാൻ കഴിയട്ടെ. മറ്റേതൊരു പാർട്ടിയിലും സംഘടനകളിലും സമുദായത്തിലും സ്വന്തം നേതാക്കന്മാർക്കും പ്രഭാഷകർക്കും വേണ്ടി വാദിക്കാനും കൂടെ നിൽക്കാനും ആളുള്ളപ്പോൾ നമുക്ക് എങ്ങനെയെങ്കിലും കൂട്ടത്തിലൊന്നിനെ ചവിട്ടി താഴ്ത്തി അവന്റെ മുകളിൽ കയറി ആനന്ദ നൃത്തം ചവിട്ടാനാണ് ആഗ്രഹം.

കുഞ്ഞുമോനാച്ചയൻ പോസ്റ്റിട്ട നിമിഷത്തെ ശപിച്ചു കൊണ്ട് ചാര് കസേരയിലേക്ക് ചാഞ്ഞു…..

-ADVERTISEMENT-

-ADVERTISEMENT-

You might also like