ലേഖനം:വേലയും വേലത്തരങ്ങളും വളഞ്ഞ വഴിയിലൂടെ. | ഷാജി ആലുവിള

എല്ലാ വേലയിലും മികച്ച വേല സുവിശേഷ വേല എന്ന് ആദിമ ഭക്തർ ആദരവോടെ അനുവർത്തിച്ചിരുന്ന ഒരു ആത്മീയ പശ്ചാത്തലം ക്രിസ്‌തീയരുടെ ഇടയിൽ ഉണ്ടായിരുന്ന ഒരു കാലഘട്ടം ഇപ്പോൾ സ്മരണീയമായി കൊണ്ടിരിക്കുകയാണ്. ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്ക് വേണ്ടി പോകും? എന്നുള്ള ദൈവീക ചോദ്യത്തിന്റെ മുൻപിൽ നാമ മാത്രമായും, മൊത്തമായും തലമുറകളെ കർത്തൃവേലക്കായി മാതാപിതാക്കൾ കൊടുത്തിരുന്ന കാലം സഭകൾക്ക് അനുഗ്രഹം ആയിരുന്നു. ആത്മ സമർപ്പണവും, പ്രേക്ഷിത വേലയായി സുവിശേഷ വേലയെ കണ്ടിരുന്നവരും ആയിരുന്നു അവർ. അന്ന് സ്നേഹവും, ആദരവും, ഐക്യതയും ഉണ്ടായിരുന്നത് കൊണ്ട് ആരാധനാലായങ്ങലിൽ വിശ്വാസികളുടെ വർദ്ധന ഉണ്ടായിരുന്നു.
ശുശ്രൂഷകന്റെ പാത അത്ര സുഗമകരമല്ല, വളരെ ദുർഘടപൂരിതമാണ്. സത്യ ശുശ്രൂഷകൻ എപ്പോഴും ഏകാന്തപഥികനാണ്. തന്നെ മനസിലാക്കുന്നവർ ചുരുക്കമാണ്. സദുദ്യമം ചോദ്യം ചെയ്യാൻ മടിക്കാത്ത വിമർശകർ ആയിരിക്കും അധികവും. സത്കർമ്മദോഷികൾ സർവ്വധ എന്തിനും ഏതിനും കലശൽ കൂടിയാൽ പ്രവർത്തന മേഖല അതു പുരോഹിതനായാലും പാസ്റ്റർ (minister)ആയാലും ദുർഘടം നിറഞ്ഞതായിരിക്കും. Minister is Minus ster എന്നാണ് പറയാറുള്ളത്. സാധാരണക്കാരിലും എളിമപ്പെട്ടവൻ എന്നാണ് അതിന്റെ അർത്ഥം. കർതൃത്ത്വ ബോധവും യെജമാനത്ത ബോധവും ആണ് അനേക ശുശ്രൂഷകരിലും ഇപ്പോൾ കാണുന്നത്. ദൈവശാസ്ത്രത്തിൽ അല്പം പഠനം കൂടുതൽ നേടിയാലും, നിഗളം കൂടുക്കുകയായി. പിന്നെ ഞാൻ എല്ലാവരേക്കാളും വലിയവൻ എന്നുള്ള ഹുങ്കും എടുത്തു കാണിക്കും. പേരിന് ഒരു സ്ഥാനവും കൂടി ആയാൽ പിന്നെ പറയുകയും വേണ്ട. ചില പ്രസ്ഥാനങ്ങളിൽ ഓർടിനേഷൻ വേളയിൽ കനമുള്ള കവർ സെന്റർ മിനിസ്ട്രറിന് പ്രേതൃകം കൊടുത്തിരിക്കണം അതും അയ്യായിരത്തിൽ കുറയരുത്. അതു ഒരു നിയമം പോലെ ചെയ്തിരിക്കണം. ദൈവം ഏൽപ്പിച്ച ഉദ്യോഗം(കൊലോ: 1: 25) ദൈവ വചന ഘോഷണം നിവർത്തിക്കേണ്ടതിന് ആണന്ന് ഓർക്കാതെ, പല കുഠില തന്ത്രങ്ങൾ മിനഞ്ഞു ആത്മീയ ധാർമ്മികത നഷ്ടപ്പെടുത്തി സഹ ശുശ്രൂഷകർ ഭാവി മാർഗ്ഗ തടസ്സം ആണന്നു തോന്നിയാൽ, താൻ എന്തു തരം താണ കളിയും ഇറക്കിയും അതിന് ആരെയും കൂട്ടുപിടിച്ചും വെട്ടിമാറ്റുന്ന ചില “കീചകന്മാർ” ക്രിസ്തീയ പ്രസ്ഥാനങ്ങളിലും വർധിച്ചു വരുന്നത് ഖേദകരം ആണ്. ദൈവവും, കാലവും വെച്ചു പൊറുപ്പിക്കില്ല അധികം നാൾ ഈ തന്ത്ര ശാലികളെ. തിരിഞ്ഞു മിണ്ടാൻ ത്രാണിയില്ലാത്ത മിണ്ടാപ്രാണികളായി മാറുന്നു ഒരു കൂട്ടം സുവിശേല വേലക്കാർ. ഇരിക്കുന്നിടത്തു നിന്നു ഓടിക്കുവാനും, പോകുന്നടുത്തു ഇരുത്തിക്കാതിരിക്കാനും മിനഞ്ഞെടുക്കുന്ന അസ്ത്രം തൊടുത്തുവിട്ടു, പവിത്രമായ സുവിശേഷ വേലയിൽ ദൈവഇഷ്ടമല്ലാത്ത വേലത്തരങ്ങൾ ചെയ്യുന്നവർ ഒന്നു മനസിലാക്കണം “every dog has a day”. ഇന്നത്തെ പദവിയും, കഴിവും അധികാരവും കൈയ്യിൽ നിന്നും മാറിപ്പോകും. നല്ല ബന്ധങ്ങൾ കാത്തു സൂക്ഷിച്ചെങ്കിൽ മാത്രമേ സാധാരണക്കാരായ ഒരാളായി നാം മാറുമ്പോൾ മറ്റുള്ളവർ നമ്മെ അംഗീകരിക്കയുള്ളൂ എന്ന് നന്നായി ഓർക്കുക.
സ്ഥാനത്തിനും നേട്ടത്തിനും വളഞ്ഞ വഴിയിലൂടെ തത്രങ്ങൾ മിനയുന്നതും, അക്രമ രാഷ്ട്രീയം പോലെ ദൈവാലായത്തിലെ, കക്ഷി തിരിഞ്ഞുള്ള പോരുകളും, ശുശ്രൂഷകൻമ്മാരോടുള്ള ജനത്തിന്റെ ആക്രോശവും, ശുശ്രൂകരുടെ പ്രതികരണവും, കണ്ണുനീരും കണ്ട്, ക്രിസ്തീയ സമൂഹത്തിന് വൻ നേട്ടങ്ങളായി മാറേണ്ട പിൻതലമുറ പിന്മാറിപോയൽ ആർക്കാണ് നഷ്ടം. ആത്മീയ ഗുണ്ടകൾ ആയി മാറുന്നു പല യുവജനങ്ങളും ശുശ്രൂഷക്കാരും. നേതാക്കന്മാർക്ക് വേണ്ടി തമ്മിൽ തല്ലുന്ന സാധാരണ രാഷ്ട്രീയ പ്രവർത്തകരെ പോലെയായി മാറുന്നു പലരും. ഇതൊക്കെ ദൈവ ഭയം ഇല്ലാത്ത ഒരു കൂട്ടം ജനത്തെ വളർത്തി വഷളാക്കുകയാണ് ഇന്നത്തെ ആത്മീയ ലോകം. വേണ്ട വിധത്തിൽ, ദൈവശാസ്ത്ര പരമായുള്ള ചിലരുടെ സംശയം നിവാരണം പോലും ചെയ്യുവാൻ കഴിവുള്ളവർ നമ്മുടെ ഇടയിൽ ഇല്ല എന്നുള്ളത് മറ്റൊരു വസ്തുതയാണ്. എന്നാൽ ചില അഭിഷക്തൻമാർ രാപ്പകൽ പഠനം നടത്തി സംശയങ്ങൾ തീർത്തുകൊടുക്കുന്നതും പ്രശംസനീയം തന്നെ ആണ്. പ്രാർത്ഥനയും വചന പഠനവും ശുശ്രൂഷർക്കു കരുത്തേകും. വളഞ്ഞ വഴി വെച്ചുകൊണ്ടുള്ള ഒരു പ്രാർത്ഥനയും ധ്യാനവും ദൈവം കേൾക്കില്ല.(വിലാപം: 3:8, 44).
സുവിശേഷ വേല ഏറ്റം ഭാരമേറിയതും, വേദനനിറഞ്ഞതും ആണെന്നുള്ളത്തിന് സന്ദേഹമില്ല. പ്രതൃകിച്ചു നിരാശക്കും, ഹൃദയമിടിപ്പിനും, നിരാശക്കും, കാരണമായ പല തിക്താനുഭവങ്ങളും അനുഭവിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ വേലയിൽ ധാരാളം ഉണ്ട്. അതിനാൽ പല രോഗങ്ങളും ശുശ്രൂഷകർക്കു പിടിക്കപ്പെടുകയും ചെയ്യുന്നു. ദൈവ സ്നേഹം വെടിഞ്ഞു മനുഷ്യർ സ്വസ്‌നേഹികളും, വഴക്കാളികളും, വളഞ്ഞ വഴിവെട്ടി- കാട് വെട്ടിയവന്റെ കൈ വെട്ടി മാറ്റുന്ന തന്ത്ര ശാലികളും ആയി മാറുന്നു നമ്മുടെ സമൂഹം സുവിശേഷ വേലക്ക് ഒട്ടും അനൂകൂലമല്ല ഈ സാഹചര്യങ്ങൾ. ഭൗതികത്വത്തിന്റെ അസൂയാർഹമായ മുന്നേറ്റവും, അതോടൊപ്പം ആത്മീയരോടുള്ള വ്യക്തമായ വിരസതയും മുഖ മുദ്രയായുള്ള ഏദൻ കാലം, സത്യ ശുശ്രൂഷകർക്ക് അനുയോജ്യമല്ല. മാനുഷിക മഹത്വത്തിന്റെയും, ഭൗതീക വാദത്തിന്റെയും കുത്തൊഴുക്കിൽ പിടിച്ചുനിൽക്കാൻ, മത ആദർശങ്ങൾക്കോ, തത്വ ചിന്തകൾക്കോ കഴിയാതെ ആയി. ഒരിക്കൽ ഒഴിച്ചുകൂടാൻ കഴിയാത്തതും, അനർഘങ്ങളുമായി കരുതിയിരുന്ന ധാർമ്മിക മൂല്യങ്ങളും, സദാചാര വ്യവസ്ഥകളും, ആത്മീയ ദർശനത്തോടുള്ള സുവിശേഷ പ്രവർത്ഥനങ്ങളും വലിച്ചേറിഞ്ഞിട്ട് മൂല്യച്യുതി വന്നില്ലേ. വിശ്വാസ സത്യങ്ങൾ ബലി കഴിച്ച് ഏത് വിധേനയും ജീവിക്കണം എന്നുള്ള ക്ഷുദ്ര ലക്ഷ്യത്തിൽ കണ്ണും നട്ട് അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന തലമുറയുടെ മധ്യേ ദൈവ ശുശ്രൂഷ ചെയ്യുന്നത് ദുഷ്‌ക്കരം എന്നിരിക്കെ ആത്മീയർക്ക് മാതൃകയായ ജീവിതം നാം നയിക്കണം.
ലോകമയത്വത്തിന്റെയും അനാത്മികതയുടെയും അതിപ്രസരം നിഴലിച്ചു നിൽക്കുന്ന പശ്ചാത്തലത്തിൽ വേല നിർവ്വിഘ്നം നിർവ്വഹിക്കേണ്ടത് എങ്ങനെ എന്ന് ചിന്തിക്കണം. സഹകാരികളിൽ നിന്ന് സഹാനുഭൂതിയോ, സഹകരണമോ പ്രതീക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ , സ്വർഗീയ ദർശനത്തിനു മങ്ങൽ ഏൽക്കാതെ, ആദർശത്തിനും, ഉപദേശത്തിനും മങ്ങൽ ഏൽക്കാതെ കർത്താവ് തന്ന ശുശ്രൂഷ നിവർത്തിപ്പൻ കഴിയണം. ഓരോ തിക്താനുഭവവും നമ്മെ അധികം ശക്തി പെടുത്തി വെല്ലുവിളികൾ സുധീരം നേരിടുവാനും സ്വസ്ഥാനങ്ങളിൽ നിലനിന്നു വേലതികപ്പൻ വളഞ്ഞ വഴികൾ ഇല്ലാതെ ദൈവം നമ്മെ ഏവരെയും സഹായിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.