കാനഡയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനുള്ള പോരാട്ടത്തിൽ ബ്രദർ ടോം വർഗീസ്

മിസ്സിസാഗ: കാനഡയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, മിസ്സിസാഗ-മാൾട്ടൺ റൈഡിങ്ങിൽ സ്ഥാനാർഥിയാകാനുള്ള അവസാനവട്ട പോരാട്ടത്തിനൊരുങ്ങുകയാണ് മലയാളിയായ ടോം വർഗീസ്. നിലവിൽ മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ സ്ഥാനാർഥിത്വത്തിന് സജീവമായി രംഗത്തുള്ള ഏക മലയാളികൂടിയാണ് കൺസർവേറ്റീവ് പാർട്ടി നാമനിർദേശത്തിനായി കച്ചമുറുക്കുന്ന ടോം. ഇപ്പോഴത്തെ തീരുമാനപ്രകാരം ഏപ്രിൽ നാലിന് മുന്പ് പാർട്ടി അംഗത്വം എടുക്കുന്നവർക്കാണ് വോട്ടെടുപ്പിൽ പങ്കെടുക്കാൻ അർഹത. ഓൺലൈനിലോ അല്ലാതെയോ പാർട്ടി അംഗത്വം ഉറപ്പാക്കി വോട്ടെടുപ്പിൽ തന്നെ പിന്തുണയ്ക്കുന്നതിന് റൈഡിങ്ങിലെ എല്ലാ മലയാളികളുടെയും ആത്മാർഥമായ സഹായസഹകരണമാണ് ടോം വർഗീസ് അഭ്യർഥിക്കുന്നത്. എൽ4ടി, എൽ4സെഡ്, എൽ5ആർ, എൽ5എസ്, എൽ5ടി എന്നീ പോസ്റ്റൽ കോഡ് മേഖലയിലുള്ളവരാണ് മിസ്സിസാഗ മാൾട്ടൺ റൈഡിങ്ങിൽ ഉൾപ്പെടുന്നത്. പൌരത്വമുള്ളവർക്കു പുറമെ പിആർ കാർഡുള്ളവർക്കും പാർട്ടി വോട്ടെടുപ്പിൽ പങ്കെടുക്കാനാകും.

പ്രമുഖ കക്ഷികളുടെ സ്ഥാനാർഥിപട്ടികയിൽ വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവർ പതിവാണ്. നൂറുകണക്കിന് മലയാളികളാണ് ഓരോ വർഷവും ഇവിടേക്ക് കുടിയേറുന്നതെങ്കിലും രാഷ്ട്രീയരംഗത്ത് നിർണായക സാന്നിധ്യമാകാൻ ഇനിയും മലയാളികൾക്കു സാധിച്ചിട്ടില്ല. മിസ്സിസാഗ-മാൾട്ടൺ റൈഡിങ്ങിലെ പാർട്ടി തിരഞ്ഞെടുപ്പിൽ ടോം വർഗീസിന് ജയിക്കാനായാൽ ഈ കുറവു പരിഹരിക്കുന്നതിനുള്ള സാധ്യതകൂടിയാണ് തെളിയുന്നത്. മേയിലാകും സ്ഥാനർഥിയെ കണ്ടെത്തുന്നതിനുള്ള വോട്ടെടുപ്പ്. ഒക്ടോബറിലാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുക.

മൂന്നര പതിറ്റാണ്ട് മുന്പാണ് പത്തനംതിട്ട ജില്ലയിലെ റാന്നിയിൽനിന്ന് ടോം വർഗീസ് കാനഡയിലേക്ക് കുടിയേറിയത്. നാട്ടിൽ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഇവിടെയെത്തിയത്. എറ്റോബിക്കോ, സ്കാർബ്രോ, മാർക്കം തുടങ്ങിയ മേഖലകളിൽ താമസിച്ചിട്ടുള്ള ടോം മിസ്സിസാഗക്കാരനായിട്ട് രണ്ടു പതിറ്റാണ്ടായി. ടൊറന്റോ രാജ്യാന്തര വിമാനത്താവളം കൺട്രോൾ ടവറിൽ ഏപ്രൺ കോ-ഓർഡിനേറ്ററായി ജോലി ചെയ്ത ടോം വർഗീസ് പിന്നീട് ബിസിനസ് രംഗത്തേക്ക് കടക്കുകയായിരുന്നു. ഇവിടെയും ട്രാവൽ ഏജൻസി മേഖലയിൽ സാന്നിധ്യമറിയിച്ചിരുന്നു.

ഇപ്പോൾ സ്വന്തമായി ഇംപോർട്ടിങ് കമ്പനി നടത്തിവരുന്നു. പൊതുരംഗത്ത് സജീവമായ ടോം വർഗീസ്, മേഖലയിലെ മിക്ക മലയാളി സംഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. മിസ്സിസാഗ-മാൾട്ടൺ റോട്ടറി ക്ളബ് സെക്രട്ടറി, കേരള ക്രിസ്ത്യൻ അസംബ്ളി അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ പദവികളിലൂടെയും ഒട്ടേറെ കോൺഫറൻസുകൾക്ക് നേതൃത്വം നൽകിയുമെല്ലാം സംഘാടനമികവും പ്രകടിപ്പിച്ചിട്ടുണ്ട്. നാട്ടിലായിരുന്നപ്പോഴും രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ പ്രവർത്തിച്ച പരിചയമുണ്ട്. ഇപ്പോൾ കൺസർവേറ്റീവ് പാർട്ടിയുടെ മിസ്സിസാഗ-മാൾട്ടൺ റൈസിങ് ഡയറക്ടർ ബോർഡ് അംഗവുമാണ്. റാന്നി കപ്പമാമൂട്ടിൽ കെ. ടി. വർഗീസിന്റെയും ചിന്നമ്മയുടെയും മകനാണ്. ജിജിയാണ് ഭാര്യ. മക്കൾ: ഡാനി, ജോനഥൻ. പി.സി.എൻ.എ.കെ യുടെ കഴിഞ്ഞ 4 കോൺഫെറെൻസുകളിൽ എക്സിക്യൂട്ടീവ് ആയും പ്രവർത്തിച്ചിട്ടുണ്ട്. സഭാതലത്തിലും സജീവ സാന്നിധ്യമാണ് ബ്രദർ ടോം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.