ഭാവന:കണ്ണടച്ചിരുട്ടാക്കൽ | ജസ്റ്റിൻ കായംകുളം

ഈ യേശുവിന്റെ ശിഷ്യന്മാർക്ക് വല്ലവന്റെയും കഴുതയെ അഴിച്ചോണ്ട് പോകേണ്ട ആവശ്യമുണ്ടായിരുന്നോ? വില കൊടുത്തു വാങ്ങിയതല്ലേ. ഉടമസ്ഥന്റെ അനുവാദം കൂടാതെ ഞാൻ ഇതിനെ എനിക്കാവശ്യമുള്ളതു കൊണ്ട് എടുക്കുന്നു എന്ന് പറയുന്നതും മോഷണമല്ലേ.. എന്നിട്ട് രാജാവിനെ പോലെ ഞെളിഞ്ഞു അതിന്റെ പുറത്തും കയറി. പാവം മിണ്ടാപ്രാണി. എന്തൊരു കഷ്ടമാണ് ഹേ..
ഇതാണോ ആത്മീയം ഇങ്ങനാണോ ഒരു നേതാവ് ചെയ്യേണ്ടത്… ഹോ ഞാൻ ആയിരുന്നെങ്കിൽ,
അച്ചായന്റെ മനസ്സിൽ കൂടി ചിന്തകൾ വെള്ളിടി വെട്ടി.

യേശു ചമ്മട്ടിക്ക് ആലയത്തിൽ എല്ലാ വ്യക്തികളെയും അടിച്ചു പുറത്താക്കി. പാവപ്പെട്ട കച്ചവടക്കാർ, ജോലിക്കാർ എല്ലാവരെയും ചമ്മട്ടിക്ക് അടിച്ചു പുറം പൊളിച്ചു. എന്നാലും വേണ്ടായിരുന്നു. അവരെ ഉപദേശിച്ചാൽ പോരായിരുന്നോ, എങ്ങനെ മനസ്സ് വന്നു ഇങ്ങനെ ഉപദ്രവിക്കാൻ… അവരുടെ സ്ഥല സാമഗ്രികൾ മൊത്തം നശിപ്പിച്ചു. ഇനി അവരൊക്കെ എങ്ങനെ ജീവിക്കും..
അച്ചായൻ ചിന്തയിലാണ്ടു..

തീർന്നില്ല പുള്ളിക്ക് പ്രകൃതി സ്നേഹവുമില്ലത്രേ. സീസൻ അല്ലാത്ത സമയത്തു അതിൽ എങ്ങനാണ് പഴം ഉണ്ടാവുക. അത് മനസ്സിലാക്കാതെ ആ പാവം അത്തിയെ ശപിച്ചു കളഞ്ഞു. ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ കാര്യം മനസ്സിലാക്കിയിരുന്നെങ്കിൽ പ്രകൃതിയിൽ അത് ഇന്നുമുണ്ടായേനെ… അച്ചായന് ദേഷ്യം തോന്നി..

post watermark60x60

ഇത് പത്തുപേരെ അറിയിപ്പിച്ചിട്ട് തന്നെ കാര്യം.. അച്ചായന്റെ തള്ളവിരലിലേക്കു രക്തയോട്ടം കൂടി. നീട്ടിയും കുറുക്കിയും തോണ്ടൽ ആരംഭിച്ചു. നീണ്ട ഒരു കുറിപ്പ് എഴുതി നേരെ ഒരു പോസ്റ്റിങ്ങ്..
അച്ചായൻ എന്തേലും എഴുതിയാൽ അങ്ങനെയാണ് വായിക്കാൻ ഒരുപാട് പേരുണ്ടാകും. പിന്താങ്ങാനും കയ്യടിക്കാനും ആളുണ്ട്.. രസമതല്ല പകുതിപേരും കാര്യം മുഴുവൻ വായിക്കില്ല.. അരികും മൂലയും നോക്കും.. ആരുടെയെങ്കിലും പേര് കാണും… അത് വെച്ചു കമന്റും.. അഭിപ്രായങ്ങളിൽ ആത്മീയതയുടെ അപാരങ്ങളിൽ മുഴുകും..

ഈ കുറിപ്പും വൈറൽ ആയി..
യേശു കർത്താവു ചെയ്ത കാര്യങ്ങളിലെ ആത്മീക അർത്ഥം ഗ്രഹിക്കാതെ വികല മനസ്സിൽ തോന്നിയ ചിന്തകൾ തെറ്റ് ചൂണ്ടിക്കാണിക്കാനെന്ന പേരിൽ സൗകര്യ പൂർവം മറന്നു കളഞ്ഞു അച്ചായൻ. വികലമായ ചിന്തകൾ കൊണ്ട് ശെരികളെ മനസ്സിലാക്കാതെ തെറ്റ് മാത്രം ചിന്തിക്കുന്നവർ വർധിക്കുന്നു. അവരുടെ ലക്‌ഷ്യം നെഗറ്റിവ് പ്രചരിപ്പിച്ചു പ്രസിദ്ധരാവുകയെന്നതാണ്. വേദപുസ്തകത്തിലെ നല്ല ഭാഗങ്ങളെ തെറ്റായി വ്യഖ്യാനിച്ചു ആളുകളെ വശീകരിക്കുക..

പ്രിയമുള്ളവരെ, ആളുകൾ നല്ലതിനെ ഉൾക്കൊള്ളുന്നതിനേക്കാൾ വേഗത്തിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കും, ചർച്ച ചെയ്യും. അതൊരു നല്ല പ്രവണതയല്ല. നല്ലത് പ്രചരിപ്പിക്കുക.. നന്മയുള്ള സമൂഹം വളർന്നു വരുവാൻ.. നല്ല തലമുറ ഉണ്ടാകാൻ നമുക്ക് തെറ്റുകളെ ഉയർത്തി സമൂഹത്തിൽ വല്യ ആളാകാം എന്ന ചിന്ത വെടിയാം. നന്മയുണ്ടെങ്കിൽ നന്മകൾ പ്രചരിച്ചാൽ ദൈവനാമത്തിനു അത് മഹത്വവും നമുക്ക് മാന്യതയും ആയിത്തീരും.

-ADVERTISEMENT-

-ADVERTISEMENT-

You might also like