പുതിയ ചർച്ച് ആക്ടിന്റെ കരട് പ്രസിദ്ധീകരിച്ചു; സഭകളുടെ മേൽ സർക്കാർ നിയന്ത്രണം വരുന്നു

തിരുവനന്തപുരം: സംസ്ഥാന നിയമപരിഷ്കാര കമ്മീഷൻ തയ്യാറാക്കിയ പുതിയ ചർച്ച് ആക്ട് കരട് സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കേരളത്തിലെ പെന്തക്കോസ്ത് എപ്പിസ്കോപ്പൽ തുടങ്ങി എല്ലാവിഭാഗങ്ങൾക്കും ബാധകമാകുന്ന ഈ നിയമത്തെപ്പറ്റി പൊതുജനങ്ങൾക്കും വിശ്വാസികൾക്കും പുരോഹിതർക്കും ഉള്ള ആക്ഷേപങ്ങൾ ഈ വരുന്ന മാർച്ച് ആറുവരെ നിയമപരിഷ്കാര കമ്മീഷൻ മുമ്പാകെ സമർപ്പിക്കാം കൂടുതൽ വിവരങ്ങൾക്ക് നിയമപരിഷ്കാര കമ്മീഷൻ വെബ്സൈറ്റ് കാണുക.

ക്രൈസ്തവ സഭകളുടെയും ക്രൈസ്തവ വിഭാഗങ്ങളുടെയും മുഴുവന്‍ സ്ഥാവര ജംഗമ സ്വത്തുക്കളും ബാഹ്യനിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനുള്ള വ്യവസ്ഥകളോടെയാണ് ബില്‍ തയാറാക്കിയിരിക്കുന്നത്. ഓരോ സ്ഥാപനവും പള്ളികളും വരവു ചെലവു കണക്കുകള്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ മുമ്പാകെ വര്‍ഷാവര്‍ഷം സമര്‍പ്പിക്കണം. പരാതികള്‍ കേള്‍ക്കുന്നതിനായി ട്രൈബ്യൂണല്‍ സ്ഥാപിക്കാനും വ്യവസ്ഥയുണ്ട്.
കരടു നിയമപ്രകാരം ക്രൈസ്തവ സഭകളുടെയും മറ്റു വിഭാഗങ്ങളുടെയും മുഴുവന്‍ വരുമാനമാര്‍ഗങ്ങളുടെയും ചെലവുകളുടെയും കണക്കുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വര്‍ഷം തോറും ഓഡിറ്റ് ചെയ്യണം. ഇടവക തലം മുതല്‍ ഇതു ചെയ്യേണ്ടതുണ്ട്. ഇവര്‍ തയാറാക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്ന ഉദ്യോഗസ്ഥന്‍ മുമ്പാകെ സമര്‍പ്പിക്കണം. ഈ ഉദ്യോഗസ്ഥന്‍ സഭയുടെയോ ഇതര വിഭാഗത്തിന്റെയോ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കണം.
പരാതികള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ച് ട്രൈബ്യൂണല്‍ സ്ഥാപിക്കാനും കരടു ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയുടെ പദവി വഹിച്ചിരുന്ന ആളോ അംഗമായ ഏകാംഗ ട്രൈബ്യൂണലോ, ജില്ലാ ജഡ്ജി അധ്യക്ഷനായും ജില്ലാ ജഡ്ജിയാകാന്‍ യോഗ്യതയുള്ള മറ്റു രണ്ടു പേരും ഉള്‍പ്പെടുന്ന മൂന്നംഗ ട്രൈബ്യൂണലോ ആണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ക്രൈസ്തവ സഭയിലോ ഏതെങ്കിലും വിഭാഗത്തിലോ ഉള്ള ഏതൊരാള്‍ക്കും ഫണ്ട് വിനിയോഗം സംബന്ധിച്ചോ സ്വത്തുക്കളുടെ ഭരണം സംബന്ധിച്ചോ ഉള്ള തീരുമാനങ്ങളില്‍ പരാതിയുണ്ടെങ്കില്‍ ട്രൈബ്യൂണലിനു മുന്പാകെ അവതരിപ്പിക്കാം. ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും. ഇതു സംബന്ധമായ ചട്ടങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും.
സഭയുടെ മുഴുവന്‍ സ്വത്തുക്കളും ഇപ്രകാരം കണക്കു ബോധിപ്പിക്കേണ്ടതില്‍ ഉള്‍പ്പെടും. സഭയുടെയും മറ്റു വിഭാഗങ്ങളുടെയും അംഗത്വ തുക, സംഭാവനകള്‍, വിശ്വാസികള്‍ നല്‍കുന്ന മറ്റു സംഭാവനകള്‍, സേവന പ്രവര്‍ത്തനങ്ങളും ശുശ്രൂഷകളും നടത്തുന്നതിനുള്ള ഫണ്ട് തുടങ്ങി എല്ലാ ഇനം വരവും നിയമത്തിന്റെ പരിധിയില്‍ വരും. മുഴുവന്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും ബാധകമാകുന്നതാണ് ഈ നിയമം. ക്രൈസ്തവ വിഭാഗങ്ങള്‍ നടത്തുന്ന ട്രസ്റ്റുകളും മറ്റും ഇപ്പോള്‍ തന്നെ വരവു ചെലവു സംബന്ധിച്ച കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിക്കുന്നുണ്ട്. കൂടാതെ സിവില്‍ നിയമങ്ങളും നികുതി നിയ മങ്ങളും ബാധകമാണ്. ഇതു കൂടാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ നിബന്ധനകളും നിയന്ത്രണങ്ങളും അടിച്ചേല്‍പ്പിക്കാന്‍ നീക്കം നടത്തുന്നതെന്ന് സഭാ നേതാക്കൾ പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.