ലേഖനം:ആരാധനകളുടെ ദൈവീക മഹത്വം കെടുത്തുന്ന സ്വയം പൊങ്ങികൾ | പാസ്റ്റർ.ബൈജു സാം,ദോഹ

ദൈവമക്കളുടെ ആരാധന എന്തുകൊണ്ടും വേറിട്ടതും ഹൃദയസ്പർശിയായ അനുഭവങ്ങൾ ഉളവാക്കുന്നതുമാണ്.ദൈവത്തോട് മനുഷ്യൻ എന്ന നിലയിൽ നമ്മുടെ വിധേയത്വവും,നിസ്സാഹായതയും,ഒന്നുമില്ലായ്മയും വെളിപ്പെടുന്ന രംഗങ്ങളാണ് ആരാധന. അവിടെ പ്രമുഖ സ്ഥാനം ദൈവത്തിനാണ്.ആത്മാവിലാണ് ആരാധന എങ്കിൽ പരിശുദ്ധാത്മാവ് ദൈവൊന്മുഖ തലങ്ങളിലേക്ക് നമ്മുടെ ഹൃദയങ്ങളെ കൊണ്ടു പോകുന്നു. അവിടെ എല്ലാം പുകഴ്ചയും മഹത്വവും ബഹുമാനവും ദൈവത്തിനാണ് അർപ്പിക്കപ്പെടുക.ദൈവം തന്നെയാണ് ആരാധകരുടെ ശ്രദ്ധാ കേന്ദ്രം.

എന്നാൽ ഇന്ന് ആരാധന എന്ന് പറഞ്ഞു നടക്കുന്ന പല യോഗങ്ങൾ പ്രഹസനങ്ങളും ക്ളമ്പുകളുടെ സംഗമ വേദിപോലെയും ആണ്. ഒരോരുത്തരുടെതായിട്ടുളള കാലാപരിപാടി നടത്തുന്ന സ്ഥലം ആയി ദൈവമക്കളുടെ ആരാധന സംഗമങ്ങൾ മാറുന്നത് ദുംഖകരമാണ്.

ആരാധന ആണെന്ന് പറഞ്ഞ് കൂടുന്ന പല കൂടിവരവുകളും സ്റ്റേജിൽ ഇരിക്കുന്ന ആളുകളുടെയും അല്ലാത്തവരുടെയും മഹിമ പറയാൻ ഉപയോഗിക്കുന്നത് അപഹാസ്യമാണ്.ഒരു വാക്കിൽ പ്രധാന ശ്രുശ്രൂഷകനെ പരിചയപ്പെടുത്തുന്നതിലുപരി അദ്ദേഹത്തിന്റെ വീരശൂരപരാക്രമങ്ങളെ കുറിച്ച് പറഞ്ഞ് സ്വയ പ്രശംസ തള്ളി വിടുന്നത് ദൈവീക ആരാധനയുടെ മഹത്വം കെടുത്തുന്നതാണ്.വേദിയിൽ ഇരിക്കുന്ന ശ്രുശ്രൂഷകന്മാരുടെ ഉലകം ചുറ്റിയ കഥ പറഞ്ഞ് അദ്ദേഹം അതാണ് ഇതാണ് (കയർ ബോർഡ് മെമ്പർ ആണ് മുൻസിപ്പാലിറ്റി അംഗം ആണ് ) എന്നൊക്കെ പറഞ്ഞ് ഒരു പൊതു മീറ്റിംഗ് സ്വയം പൊങ്ങികളുടെ വേദി ആകുമ്പോൾ ദൈവ നാമം നാനാവൃഥാമാക്കുകയാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

ആ വേദിയിൽ പാട്ടുക്കാരുംകൂടി ഉണ്ടെങ്കിൽ പറയുകയുംവേണ്ട .ഇത് ബാബു,ഇത് ജോണി അത് ബീന……ഇങ്ങനെ പോകുന്നു.എന്നാൽ പിന്നെ യോഗത്തിനു വന്നിട്ടുള്ള എല്ലാവരെ കൂടി സ്റ്റേജിൽ കയറ്റി പരിചയപ്പെടുത്തുന്നത് നല്ലതായിരിക്കും കാരണം ജനങ്ങൾ ഇല്ലാതെ എന്ത് യോഗമാണ്…… ആരാധന സമയം ദൈവത്തിന് മഹത്വം കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഇത്തരം തരം താണ കാര്യങ്ങൾ നടക്കുന്നത്. ഇവിടെ ആരെയാണ് നാം മഹത്വപ്പെടുത്തുന്നത് .അത്യുന്നതനായ ദൈവത്തിന് ആരാധന കൊടുമ്പോൾ ആ കേവല നിസ്സാരന്മായ നമ്മുക്ക് എന്ത് പ്രസക്തി. ദൈവ മഹത്വം കാണുമ്പോൾ സ്വന്തം കാര്യം ആര് പറയും, ഇനിം അങ്ങനെ പറയാൻ തോന്നുമോ?.ഈ വിഷയത്തിൽ നമ്മൾ ഒരു പുനർ വിചിന്തനത്തിന് തയ്യാറാകണം.

ദൂതന്മാരുടെ ആരാധന ദൃശ്യം ശ്രദ്ധിച്ചാൽ നമ്മുടെ ഈ ബാലിശ പരിപാടിയെ സംബന്ധിച്ച് ലജ്ജ തോന്നും.ഇരുപത്തിനാലും മൂപ്പന്മാരും കുഞ്ഞാടിന്റെയും ദൈവത്തിന്റെയും മുൻപിൽ സ്വയമായി ഒന്നും പറയാനില്ലാതെ ദൈവത്തിന്റെ മഹത്വത്തെ പ്രകീർത്തിച്ച് വീണു കിടക്കുന്ന കാഴ്ച തന്നെ നമ്മെ ഒക്കെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.

ഇരുപത്തിനാല് മൂപ്പന്മാർ ആരാണെന്ന് ഒരു വിശദീകരണം പോലും തരാതെ ആണ് അവിടെ ആരാധന നടക്കുന്നത്. അവിടെ അവർ ആരാണെന്നുളളതല്ല പ്രധാന്യം.സർവ്വ ശക്തനും ബുദ്ധിക്കതീതനും ആയ ദൈവ ത്തെ ആരാധിക്കുമ്പോൾ അവരുടെ വ്യക്തിത്വവും ,പശ്ചാത്തലവും ,സ്വയ കാര്യങ്ങളും ഒക്കെ അശ്ശേഷം ഇല്ലാതാകും. ദൈവം ശ്രദ്ധാ കേന്ദ്രവും,കേന്ദ്ര ബിദ്ധുവും ആയി മാറുന്നു.

സ്റ്റേജിൽ ഇരിക്കുന്നവരുടെ ഷോ കാണിക്കാനുളള സ്ഥലം ആയി നമ്മുടെ ആരാധന യോഗങ്ങൾ മാറിയാൽ അത് ദൈവത്തിന്റെ നാമം വൃഥാ എടുക്കുന്നതിന് തുല്യമായി മാറും.

പാട്ടുക്കാരുടെ വക ഒരു ഷോ ,പരിചയപ്പെടുത്തൽ വക മറ്റൊരും ഷോ ,പിന്നെ പ്രധാന ശ്രുശ്രൂഷകൻ വക മറ്റൊരു ഷോ. ഇവിടെ മുൻപിൽ ഇരിക്കുന്ന ജനങ്ങൾ ദൈവത്തെയാണോ കൂടുതൽ മനസ്സിലാക്കുന്നതും ദർശിക്കുന്നതും.? ഉത്തരം അല്ല എന്നുള്ളതാണ്. കൂടുതലും മാനുഷിക വിഷയങ്ങളിലാണ് ശ്രദ്ധ കൊണ്ട് പോകുന്നത്….ദൈവത്തിന് മഹത്വം കൊടുക്കേണ്ട സമയം അതിനായി വേർതിരിച്ചിട്ട് സ്വന്ത മഹിമയും മഹത്വവും ആണ് വിളമ്പുന്നതെങ്കിൽ ,ദൈവത്തിന് മഹത്വം കൊടുക്കാതെ സ്വയം മഹത്വം ഏറ്റുവാങ്ങി, ദൂതന്റെ അടി വാങ്ങി കൃമിക്ക് ഇരയായ ഹെരോദാവിനെ ഓർക്കുന്നത് നന്നായിരിക്കും.

ഇതിന് മാറ്റം വരുത്തിയില്ലെങ്കിൽ അടുത്ത തലമുറ ആരാധന യോഗങ്ങളെ ക്ളമ്പു പ്രോഗ്രാം പൊലെയും സ്ക്കൂൾ കലോത്സവം പോലെയും ആക്കിയാൽ അതിശയിക്കപ്പെടാൻ കാരണം ഉണ്ടാകുകയില്ല.കൂട്ടത്തിൽ ഇടക്ക് ദൈവീക കാര്യങ്ങൾ പറഞ്ഞാൽ മതിയല്ലോ…

ആരാധനയിൽ മുഴുവൻ കാര്യങ്ങളും ദൈവ കേന്ദ്രീകൃതമാകട്ടെ .എല്ലാം മഹത്വവും ദൈവത്തിന് ആകട്ടെ. നമ്മുടെ വീരേതിഹാസങ്ങൾ അപ്രസക്തമാകട്ടെ.പരിശുദ്ധാത്മാവ് ആരാധന യോഗങ്ങളെ മുഴുവനുമായി നിയന്ത്രിക്കട്ടെ.വ്യക്തി പ്രദർശനം ആകാതെ ദൈവൊന്മുഖമായ പരിശുദ്ധാത്മാവിന്റെ ആധിപത്യം ഉള്ള ആരാധനകളാകട്ടെ. അതുതന്നെയാണ് ദൈവ പ്രസാദകരമായ ആരാധന യും. ………

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.