എ.ജി. മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ജനുവരി 8 മുതൽ 13 വരെ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് സഭകളുടെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ സംഗമമായ പുനലൂർ ജനറൽ കൺവൻഷൻ 2019 ജനുവരി 8 ചൊവ്വ മുതൽ 13 ഞായർ വരെ എ.ജി. കൺവൻഷൻ നഗറിൽ വെച്ച് നടക്കും. 8ന് വൈകിട്ട് 5:30ന് ആരംഭിക്കുന്ന ഈ മഹായോഗം സഭാ സൂപ്രണ്ട് പാസ്റ്റർ പി.എസ്. ഫിലിപ്പ് പ്രാർത്ഥിച്ചു സമർപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ ടി.ജെ. സാമുവൽ (എ.ജി ദേശീയ ജനറൽ സെക്രട്ടറി), ഏബ്രഹാം തോമസ് (സൂപ്രണ്ട്, എ.ജി തമിഴ്നാട്) ജോൺസൺ വർഗ്ഗീസ് (ബെഥേൽ എ.ജി ബംഗലൂരു), ജോർജ്ജ് പി. ചാക്കോ (ന്യൂയോർക്ക്) എന്നിവർ പ്രധാന യോഗങ്ങളിൽ പ്രസംഗിക്കും.കൂടാതെ പാസ്റ്റർമാരായ കെ.ജെ. മാത്യു (സൗത്ത് ഇന്ത്യാ ജനറൽ സെക്രട്ടറി), ഐസക് വി. മാത്യു (ഡിസ്ട്രിക്ട് അസി. സൂപ്രണ്ട്), ടി.വി. പൗലോസ് (ഡിസ്ട്രിക്ട് സെക്രട്ടറി), എ. രാജൻ (ട്രഷറർ), എം.എ. ഫിലിപ്പ് (കമ്മറ്റിയംഗം) എന്നിവരും വിവിധ യോഗങ്ങളിൽ ശുശ്രൂഷിക്കും. ശുശ്രൂഷക സെമിനാർ, കേരള – ബാഹ്യകേരള മിഷൻ സമ്മേളനങ്ങൾ, ഓർഡിനേഷൻ സർവ്വീസ്, കൗൺസലിംഗ്, ദൂതൻ മാസിക സമ്മേളനം, സൺഡേ സ്കൂൾ സമ്മേളനം, യുവജന(C.A) സമ്മേളനം തുടങ്ങിയവയും ഈ ദിവസങ്ങളിൽ നടക്കുന്നതാണ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടക്കുന്ന ഓർഡിനേഷൻ സർവ്വീസിൽ യോഗ്യരെന്നു തെളിഞ്ഞ സുവിശേഷകരെ പൂർണ്ണ സമയ വേലക്കായി വേർതിരിക്കും. സഭാ സൂപ്രണ്ട് പാസ്റ്റർ പി.എസ്. ഫിലിപ്പ് ശുശ്രൂഷക്ക് നേതൃത്വം നൽകും.

ശനി രാവിലെ നടക്കുന്ന സൺഡേസ്കൂൾ സമ്മേളനത്തിനു ഡയറക്ടർ സുനിൽ പി. വർഗ്ഗീസ് ചുമതല വഹിക്കും. തദവസരത്തിൽ കടക്കൽ എ.ജി. സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന പരിപാടികളും ഉണ്ടായിരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് യുവജന സമ്മേളനം നടക്കും. സി.എ. പ്രസിഡന്റ് പാസ്റ്റർ സാം ഇളമ്പൽ യോഗാദ്ധ്യക്ഷനായിരിക്കും.

ഞായറാഴ്ച രാവിലെ 7 മണിക്ക് സ്നാന ശുശ്രൂഷ നടക്കും. റീജനൽ ഡയറക്ടർമാരായ പാസ്റ്റർ കെ.വൈ. വിൽഫ്രഡ് രാജ്, പാസ്റ്റർ എ. ബനാൻസിയോസ്, പാസ്റ്റർ പി. ബേബി എന്നിവർ സ്നാന ശുശ്രൂഷക്ക് നേതൃത്വം നൽകും. 8:30 ന് ആരംഭിക്കുന്ന പൊതുസഭാ യോഗത്തിൽ ഡിസ്ട്രിക്ടിലെ 53 സെക്ഷനുകളിൽ നിന്നുള്ള ശുശ്രൂഷകൻമാരും ദൈവജനവും പങ്കെടുക്കും. രാജ്യത്തിനകത്തും പുറത്തും ഡിസ്ട്രിക്ടുമായി ബന്ധപ്പെട്ടു നിൽക്കുന്ന സഭകളിൽ നിന്നുള്ളവരും ഈ യോഗത്തിൽ സംബന്ധിക്കുന്നതാണ്. അന്നേ ദിവസത്തെ വചന ശുശ്രൂഷക്കും തിരുവത്താഴ ശുശ്രൂഷക്കും സൂപ്രണ്ട് പി.എസ്. ഫിലിപ്പ് നേതൃത്വം നൽകും.

കൺവൻഷന്റെ വിപുലമായ നടത്തിപ്പിനായി ഡിസ്ട്രിക്ട് ട്രഷറർ പാസ്റ്റർ എ. രാജൻ ചെയർമാനായ കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്. പ്രാർത്ഥനയിലും, മുന്നൊരുക്കത്തിലും ഈ കമ്മറ്റി ബഹുദൂരം പിന്നിട്ടു കഴിഞ്ഞു.

കൺവൻഷൻ യോഗങ്ങൾ തത്സമയം ഹാർവെസ്റ് ടി.വി യും ക്രൈസ്തവ എഴുത്തുപുരയും ജനങ്ങളിൽ എത്തിക്കും. ക്രൈസ്തവ എഴുത്തുപുര എല്ലാ പ്രിയപ്പെട്ട വായനക്കാരുടെ പ്രാർത്ഥനയും സഹകരണവും ഈ യോഗങ്ങളിൽ പ്രത്യേകം ക്ഷണിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.