മിഷ്ണറി വൈദികന് നിറകണ്ണുകളോടെ വിട നല്‍കി ബംഗ്ലാദേശ് ജനത

ധാക്ക: അറുപത് വർഷത്തോളം ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്തു വിടവാങ്ങിയ ഇറ്റാലിയൻ മിഷ്ണറി വൈദികന് അന്തിമോപചാരമര്‍പ്പിച്ച് ബംഗ്ലാദേശിലെ നാനാജാതി മതസ്ഥര്‍. സാവേറിയൻ വൈദികൻ ഫാ. മറിനോ റിഗോണിന്റെ മൃതസംസ്ക്കാരത്തിന് ഹൈന്ദവരും ഇസ്ലാം മതസ്ഥരും ക്രൈസ്തവരും അടക്കം മൂവായിരത്തോളം ആളുകളാണ് എത്തിയത്. കഴിഞ്ഞ വർഷം ഇറ്റലിയിൽ അന്തരിച്ച വൈദികന്റെ മൃതദേഹം ബംഗ്ലാദേശിൽ എത്തിക്കാൻ വൈകിയതിനെ തുടർന്നാണ് സംസ്ക്കാര ശുശ്രൂഷകൾ മാറ്റിവെച്ചത്. സംസ്ക്കാര ശുശ്രൂഷകൾ ബംഗ്ലാദേശിലെ ഷെലബുനിയ ദേവാലയത്തില്‍ നടത്തണമെന്ന് വൈദികന്‍ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരിന്നു.

പ്രാദേശിക സമൂഹത്തിന് നല്‍കിയ സംഭാവനകൾ കണക്കിലെടുത്ത് ഔദ്യോഗിക ബഹുമതികളോടെയാണ് മൃതസംസ്ക്കാരം നടന്നത്. സംസ്ക്കാര ശുശൂഷയിൽ നടന്ന ദിവ്യബലിയ്ക്കു ഖുല്‍ന ബിഷപ്പ് ജെയിംസ് റോമൻ ബൊയ്റാഗി നേതൃത്വം നല്‍കി. ക്രൈസ്തവർ എന്നതിലുപരി എല്ലാ മനുഷ്യരിലും വിശ്വാസദീപം പകർന്നു നല്കിയ അദ്ദേഹത്തിന്റെ മാതൃകയാണ് ജനങ്ങളെ ആകർഷിച്ചതെന്ന് ബിഷപ്പ് പറഞ്ഞു. മിഷൻ പ്രവർത്തനങ്ങൾക്കായി ജീവിതം മാറ്റി വെച്ച ഫാ.റിറോൺ ഇന്നും ബംഗ്ലാദേശ് ജനതയുടെ ഹൃദയത്തിൽ ജീവിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാ. മറിനോ ജീവിക്കുന്ന വിശുദ്ധനായിരുന്നുവെന്ന് സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത നാനാജാതി മതസ്ഥര്‍ പറഞ്ഞു.

ഇരുപത്തിയെട്ടാം വയസ്സിൽ ധാക്കയിലെത്തിയ അദ്ദേഹം പതിനഞ്ചോളം പ്രാഥമിക വിദ്യാലയങ്ങളും ഒരു ഹൈസ്ക്കൂളും നിരവധി ആശുപത്രികളും ആരംഭിച്ചു. സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് ആവശ്യമായ പരിശീലനം നല്കിയ വൈദികൻ 1971 ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ യുദ്ധത്തിൽ പട്ടാളക്കാർക്ക് ആവശ്യമായ ആതുര ശുശ്രൂഷകളും ചെയ്തിരുന്നു. ഫാ.മറിനോ റിഗോൺ രാജ്യത്തിന് നല്കിയ സേവനങ്ങൾ പരിഗണിച്ച് അദ്ദേഹത്തിന് ഹോണററി പൗരത്വവും 2012 ൽ ഫ്രണ്ട്സ് ഓഫ് ലിബറേഷൻ വാർ പുരസ്ക്കാരവും നല്കി ഭരണകൂടം ആദരിച്ചു. ബംഗാളി കവിയും നോബൽ സമ്മാന ജേതാവുമായ രബീന്ദ്രനാഥ ടാഗോറിന്റെ നാൽപതോളം കൃതികൾ ഫാ. റിഗോൺ ഇറ്റാലിയൻ ഭാഷയിലേക്ക് തർജ്ജമ ചെയ്തിരുന്നു. കൂടാതെ നാനൂറോളം നാടൻ ഗാനങ്ങളും കവിതകളും അദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.