ജാഗ്രതാ നിര്‍ദേശം: മഴ കനത്തു, ഷോളയാര്‍ ഡാം തുറക്കുന്നു; ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരും

തൃശൂര്‍ : കനത്ത മഴ കാരണം ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ 12 മണിയ്ക്ക് തുറക്കും. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലേക്ക് വെള്ളമെത്തും. ചാലക്കുടി പുഴയില്‍ ഒരടിയോളം ജലനിരപ്പ് ഉയരുമെന്നും മുന്നറിയിപ്പ്. ഇതിനാല്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

ഷോളയാര്‍ ഡാമിന്റെ സംഭരണശേഷിയുടെ 99 ശതമാനവും നിറഞ്ഞതായാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് ഷട്ടറുകള്‍ തുറക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡാമിലേക്കുള്ള നീരൊഴുക്കിലും വര്‍ധനയുണ്ട്. പെരിങ്ങല്‍കുത്തിലും നീരൊഴുക്ക ശക്തമാണ്.

ഷോളയാര്‍ ഡാം തുറക്കുന്നതോടെ ഡാമിലെ ജലം മുഴുവന്‍ പെരിങ്ങല്‍കുത്തിലേക്ക് വരും. പെരിങ്ങല്‍ക്കുത്ത് ഡാമിലെ ഷട്ടറുകള്‍ തകരാറിലാണ്. അതുകൊണ്ടുതന്നെ ഷട്ടറുകള്‍ ഇനിയും പൂര്‍ണമായും അടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. തകരാര്‍ പരിഹരിക്കാന്‍ ഒരാഴ്ച എങ്കിലും എടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

post watermark60x60

ഈ സാഹചര്യത്തില്‍ പെരിങ്ങല്‍കുത്തിലെത്തുന്ന ജലം നേരെ ചാലക്കുടി പുഴയിലെത്തും. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഒരടി ഉയരുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. പുഴയില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like