ലേഖനം: ജംഗ്‌ഫുഡ്‌ സുവിശേഷങ്ങൾ | ബ്ലസ്സൺ ഡൽഹി

ജംഗ്‌ ഫുഡ് ശരീരത്തെ സാരമായി ബാധിക്കുന്നു എങ്കിലും അതിന്റെ വില്പനയും ഉപയോഗവും ദിനംപ്രതി കൂടിവരുന്നതായി കാണാം. ചുരുക്കം പറഞ്ഞാൽ രോഗം വിലക്ക് വാങ്ങി അതെ രോഗത്തെ ചികിൽസിക്കുവാൻ നാം അതിലേറെ ചിലവാക്കുന്നു. ആത്മീയ ഗോളത്തിലും ജംഗ്‌ ഫുഡുകൾ അധികമായി ഈ നാളുകളിൽ കാണുവാൻ കഴിയും. രുചിയും ഡെക്കറേഷനുകളും സമയലാഭവും ഒക്കെയും ഉണ്ടെങ്കിലും ഇത് അകത്തുള്ളതിനെ ബലപ്പെടുത്തുന്നതിലും അധികം ദുർബലരാക്കുന്നു സുവിശേഷത്തിന്റെ മട്ടും ഭാവവും മാറി. ക്രൂശ് എടുക്കാൻ വിശ്വാസിയെ ബലപ്പെടുത്തേണ്ട സുവിശേഷം ക്രൂശ് എടുക്കുവാൻ കഴിയാതെ വണ്ണം ദുർബലരാക്കുന്നുവോ? വളരെ സമ്പന്നതയിൽ വളർന്നു, ജീവിച്ച പൗലോസ് അപ്പോസ്തോലൻ സുവിശേഷം തിരിച്ചറിഞ്ഞപ്പോൾ അതുവരെ താൻ മറുത്തുനിന്ന ക്രൂശ് എടുക്കുവാൻ ബലമുള്ളവനായി തീർന്നു. ഫിലിപ്പിയർ4:12 താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു.

സുവിശേഷത്തിന്റെ മൂല്യ സ്വഭാവമാണിത്. അല്ലെങ്കിൽ സുവിശേഷം ഒരു മാജിക് അല്ല സുവിശേഷം അകത്തുള്ളതിനെ ബലപ്പെടുത്തുന്നതാണ്. അകത്തുള്ളവൻ പരാജയപ്പെടാത്തിടത്തോളം ഒരു മനുഷ്യനും പരാജയപെടുന്നില്ല. പൗലോസ് അപ്പോസ്തലൻ ഇപ്രകാരം പറയുന്നു 4:13 എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു. അകമേയുള്ള മനുഷ്യന്റെ പരാജയത്തെയാണ് നാം യഥാർത്ഥത്തിൽ കഷ്ടത എന്ന് വിളിക്കുന്നത്. 2 കൊരിന്ത്യർ 12:8 അതു എന്നെ വിട്ടു നീങ്ങേണ്ടതിന്നു ഞാൻ മൂന്നു വട്ടം കർത്താവിനോടു അപേക്ഷിച്ചു.
2 കൊരിന്ത്യർ 12:9 അവൻ എന്നോടു: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ബലപ്പെടുത്തുന്ന ഈ കൃപ നമ്മുടെസുവിശേഷങ്ങളിൽ ഇന്ന് ഇല്ലാതായിരിക്കുന്നു. പകരം നാം കൊടുക്കുന്നത് ജങ്ക് ഫുഡുകളാണ് അനുഗ്രഹത്തിന്റെ സുവിശേഷങ്ങൾ .ലോകത്തിൽ പിടിച്ചുനിൽക്കുവാൻ കഴിയുന്ന ആഹാരം. എന്നാൽ അത് നില നിൽക്കില്ല. മത്തായി 16:24 പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.

മത്തായി 10:38 തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല. സുവിശേഷത്തിൽ സമാധാനം ഉണ്ട്‌, സൗഖ്യം ഉണ്ട് അനുഗ്രഹങ്ങൾ ഉണ്ട്‌. എന്നാൽ ഇതൊക്കെയും ആന്തരീക മനുഷ്യൻ പ്രാപിക്കുമ്പോൾ പ്രയോജനമുള്ളതായി തീരുന്നു. 3:18 ഞാൻ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകർ ക്രിസ്തുവിന്റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്നു എന്നു ഇപ്പോൾ കരഞ്ഞുംകൊണ്ടു പറയുന്നു. “ക്രിസ്തുവിന്റെ ക്രൂശിന്നു ശത്രുക്കളായി” ക്രൂശിനു ശത്രുക്കളുണ്ട്. എന്തെന്നാൽ അതിനപ്പുറം ഒരു അനുഗ്രഹമുണ്ടെങ്കിലും അതിനുവേണ്ടി ഈ ലോകത്തിലൊന്നും ത്യജിക്കുവാൻ കഴിയാത്തതിനാൽ അനേകര് ശതൃക്കളായിരിക്കുന്നു. കർത്താവ് പറഞ്ഞു ലോകത്തിൽ നിങ്ങള്ക്ക് കഷ്ടങ്ങളുണ്ട്. എന്നാൽ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു. ആ കൃപയുടെ വചനമാണ് സുവിശേഷം. ലോകത്തെ ജയിച്ച ക്രിസ്തുയേശു. ലോകത്തിനെതിരായി നിന്നപ്പോൾ ലോകം നൽകിയ ക്രൂശ്. ലോകത്തിനു എതിരായി നാം കടന്നുപോകുമ്പോൾ ഇവ്വണ്ണം അനേകം ക്രൂശുകൾ എടുക്കേണ്ടതായുണ്ട്. അകമേ ബലപ്പെടുത്തുന്നതാകട്ടെ നമ്മുടെ ആഹാരം. ഓരോരുത്തരും തങ്ങളെത്തന്നെ വചനത്തിൽ ഉറപ്പിക്കേണ്ട കാലമാണിത്. കാരണം ജംഗ്‌ഫുഡ്‌കളുടെ കാലമാണിത് അവനവന്റെ രക്ഷക്കുള്ളത് അവനവൻ കരുതേണ്ടിയിരിക്കുന്നു. വളരെ വിചിത്രമായ രീതിയിൽ പൊട്ടിച്ചിരിച്ചും, നിലത്തുകിടന്നുരുണ്ടും, ആത്മാവിൽ അടിച്ചുപൊളിക്കേടാ എന്നട്ടഹസിച്ചും ഒക്കെയും ഉള്ള സുവിശേഷത്തിന്റെ വിവിധ വേർഷനുകൾ നമ്മുടെ മുന്പിലുണ്ട് മറ്റു മതേതരർ രോഗശാന്തികളുടെ പേരിൽ ന്യൂസ് പേപ്പറുകളിലൂടെയും മറ്റും പരസ്യം ചെയ്തു വഞ്ചിക്കുന്നു.

ആന്തരീക സൗഖ്യം ഉള്ളവരായി സമാധാനം ഉള്ളവരായി ജീവിക്കേണം എങ്കിൽ ബാഹ്യമായതു ഉപേക്ഷിക്കേണം ബാഹ്യമായതിന്റെ പ്രാധാന്യം കുറയേണം.
എന്നാൽ ഇന്നുള്ള രോഗങ്ങൾക്കും മറ്റും ഉള്ള പ്രധാന കാരണം ബാഹ്യമായ സന്തോഷത്തിനും സൗഖ്യത്തിനു പ്രാധാന്യം നല്കുന്നതിനാലാണ്.
നാം കഴിക്കുന്നത് ജങ്ക് ഫുഡ് ആയതിനാലാണ്. ഈ ലോകത്തിലെ അനുഗ്രഹങ്ങളെ വിളിച്ചുപറയുന്ന ജുങ്ക്‌ഫുഡ് സുവിശേഷങ്ങൾ ദുർബലരായ വിശ്വാസികളെ വാർത്തെടുക്കുവാനെ സഹായിക്കു. മറിച്ചു പോഷകഗുണങ്ങൾ ഉള്ള കൃപയുടെ സുവിശേഷങ്ങൾ ആന്തരീക സൗഖ്യം നൽകി നമ്മെ ബലപ്പെടുത്തും. മോശയുടെ കാലം കഴിഞ്ഞപ്പോൾ ഇനിയെന്ത് എന്ന് ചിന്തിച്ചു നിന്ന ഇസ്രയേലിനോട് ദൈവം പറയുന്നത് ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക. മരുഭൂമിയുടെ അനുഭവത്തിൽ ഒരു വിശ്വാസിയോട് ദൈവം പറയുന്നത് നീ ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക. പിന്നത്തേതിൽ ഒരു അനുഗ്രഹമുണ്ട്. എന്നാൽ ഇപ്പോൾ നിനക്ക് വേണ്ടത് ആന്തരീക ബലമാണ് – ഉറപ്പും ധൈര്യവും .

പ്രിയ വിശ്വാസി,
നീ ആഗ്രഹിക്കുന്ന സൗഖ്യം നൽകുന്നതും അനുഗ്രഹം നൽകുന്നതുമായ മാജിക് അല്ല സുവിശേഷം. നിന്നെ ബലപ്പെടുത്തുന്ന കൃപയുടെ സന്ദേശമാണ് സുവിശേഷം . മരുഭൂമിയിൽ യുദ്ധങ്ങളുണ്ട് അതുകൊണ്ട് ഉറപ്പും ധൈര്യവും ഉള്ളവരായിരിക്ക. യുദ്ധത്തിൽ ജയിക്കുമെന്ന ഉറപ്പും യുദ്ധം ചെയ്യാനുള്ള ധൈര്യവും കൈമുതലായിരിക്കേണം. വചനം പറയുന്നു; എന്റെ കൃപ നിനക്കു മതി. അത് ബലഹീനതയിൽ തികഞ്ഞുവരുന്നു. മനുഷ്യന്റെ ബലഹീനത അവനെ മരണത്തിന്റെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയപ്പോൾ പിതാവായ ദൈവം തന്റെ കൃപ പ്രകാശിപ്പിച്ചു “ക്രിസ്തുയേശു” ജീവന്റെ അപ്പം. ഏതു മനുഷ്യനെയും പോഷിപ്പിക്കുന്ന പോഷക ആഹാരം. ലോകത്തോട് വിളിച്ചു പറഞ്ഞു നിന്റെ ബലഹീനതയിൽ എന്റെ കൃപ നിനക്ക് മതി .
ആമേൻ.

  • ബ്ലസ്സൺ ഡൽഹി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.