ഭാവന:ദയവായി പാദരക്ഷകൾ പുറത്തിടുക | ജസ്റ്റിൻ കായംകുളം

‘ദയവായി പാദരക്ഷകൾ പുറത്തിടുക’ മിക്കവാറും ഉള്ള എല്ലാ ദേവാലയങ്ങളുടെ മുൻപിലും എഴുതി വെച്ചിട്ടുള്ള ഒരു പ്രസ്താവനയാണിത്. ഇത്രയും ഭവ്യതയോടെ തന്നെ ഇതു പറയുന്നതെന്താണെന്നറിയില്ല. ദൈവമക്കൾ ആലയത്തിൽ കൂട്ടായ്മയ്ക്ക് ചെല്ലുമ്പോൾ ആദ്യം കാണുന്നതും ചെയ്യുന്നതും ഞങ്ങളെ വെളിയിൽ ഊരിയിടുക എന്നുള്ളതാണ്. എന്ത് രസമാണ് പലരെയും കാണുവാൻ ! പല വിലയിലും നിലയിലും കഴിയുന്നവർ, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ, സെക്രട്ടറി എന്നോ പാസ്റ്ററെന്നോ, പ്രായ വ്യത്യാസമോ ഒന്നുമില്ലാതെ അടങ്ങി ഒതുങ്ങി പുറത്തു വളരെ ഐക്യതയോടെയാണ് ഞങ്ങൾ ആരാധന കാണറുള്ളത്… പക്ഷെ ചിലരെങ്കിലും ഞങ്ങളെയും കൊണ്ടുപോയി മാറ്റിയിടാറുണ്ട്, “വിശ്വാസികളാണെങ്കിലും വിശ്വാസം ഇല്ല അത്രേ !
പുറത്തു പോയി ചവുട്ടിയ അഴുക്കും പൊടിയുമൊന്നും ആലയത്തിനകത്തു കയറരുതെന്നും മറ്റാരും കാണണ്ട എന്നുമൊക്കെ കരുതിയാണ് ഞങ്ങളെ പുറത്തിടുന്നത്…

ഒരിക്കൽ ഞാൻ വെറുതെ ആരാധനാ ആലയത്തിലേക്കൊന്നു നോക്കിയപ്പോൾ എന്റെ ഉടമസ്ഥൻ അച്ചായൻ ഭയങ്കര ആരാധന… എന്റെ കണ്ണു നിറഞ്ഞു പോയി.. തലേന്ന് ഞങ്ങൾ പോയ വഴിയൊക്കെ ഒന്നോർത്തു… അച്ചായന്റെ ഭാവവും, പാട്ട് പാടലും, സ്തോത്രം പറച്ചിലുമൊക്കെ കണ്ടപ്പോൾ ഇന്നലെ പാവപ്പെട്ട വർക്കിച്ചായൻ 500 രൂപ കടം വാങ്ങിയത് തിരിച്ചു കൊടുക്കാത്തതിന് പുള്ളിയെ വിളിച്ച തെറികളും വാക്കുകളും എന്റെ കാതിൽ മുഴങ്ങി..

പാസ്റ്ററിനു കൈ കൊടുത്തു വിശുദ്ധ ചുംബനം കൊടുത്തിട്ടു  “പാസ്റ്റർ ഞങ്ങളുടെ ഭാഗ്യമാണെന്ന്” പറഞ്ഞപ്പോൾ സെക്രട്ടറി അച്ചായനോട് ചേർന്ന് പാസ്റ്ററെ ഒതുക്കാൻ മെനഞ്ഞ തന്ത്രങ്ങൾ എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു…

സെക്രട്ടറി അച്ചായന്റെ കൈക്കു പിടിച്ചു കുശലം പറയുമ്പോൾ, സെക്രട്ടറി അച്ചായന്റെ കുറ്റം അമ്മമ്മയോട് പറഞ്ഞതും, അങ്ങേരാണ് സഭ മുടിപ്പിച്ചതെന്നും പറഞ്ഞത് ഞാൻ വെറുതെ ഒന്ന് ഓർത്തു പോയി…

ട്രെഷറർ അച്ചായന്റെ കയ്യിലോട്ട് പുത്തൻ പെടയ്ക്കണ നോട്ടു വെച്ചു കൊടുത്തിട്ടു “ഞാൻ ഉണ്ട് എന്താവശ്യം ഉണ്ടെങ്കിലും ചോദിക്കണം” എന്നു പറഞ്ഞപ്പോൾ ഞാൻ കണ്ണുപൊത്തി.. കള്ളന്റെ കയ്യിലാണല്ലോ പണസഞ്ചി കൊടുത്തത്, യൂദാ ഇതിലും ഭേദമായിരുന്നു,ഇങ്ങേർക്ക് കാശിനോട് എന്തൊരു ആർത്തിയാണ് എന്നൊക്കെ പറഞ്ഞു പ്രാകിക്കൊണ്ട് എ. ടി. എമിൽ നിന്നും കാശെടുത്ത് പോക്കറ്റിൽ വെച്ചത് എനിക്ക് ഓർമ വന്നു…

ബൈബിൾ കോളേജിൽ പഠിക്കുന്ന സഹോദരൻ പത്തു മിനിറ്റ് പ്രബോധിപ്പിച്ചപ്പോൾ അവനെ പൊക്കിപ്പറയുന്നത് കണ്ടു.. “ഇങ്ങനെയുള്ള ചെറുപ്പക്കാരെ സഭയ്ക്ക് വേണം ” അയ്യയ്യോ എനിക്ക് നാണം വന്നു അച്ചായൻ അവനെ പുകഴ്ത്തുന്നത് കണ്ടപ്പോൾ….
കഴിഞ്ഞ ദിവസം ഈ സുവിശേഷവേലക്കാരൻ ചെറുക്കനെപ്പറ്റി പൊടിയനച്ചായനോട് പറഞ്ഞത് ഞാൻ കേട്ടതല്ലേ ” ഇവനെയൊക്കെ ആരാ സുവിശേഷകനാക്കിയത്, നമുക്കറിയില്ലേ അവനെ, എങ്ങനെ നടന്നവനാ, ഇപ്പോൾ വല്യ പ്രസംഗം ഒക്കെയാണ്,അവന്റെ ഒരു പ്രസംഗം ” ആ അച്ചായനാണ് ചെക്കനെ പൊക്കിയടിക്കുന്നത്…. കഷ്ടം !

അച്ചായന്റെ വിശുദ്ധി പ്രബോധനത്തിന്റെയും, കയ്യടിച്ചു അന്യഭാഷയിലുള്ള ആരാധനയുടെയും കൊടുക്കുന്ന കൈമടക്കിന്റെയും അടിസ്ഥാനത്തിൽ അച്ചായൻ സഭയിലെ പ്രധാനിയും, പ്രമാണിയും വിശുദ്ധനുമായി ഇങ്ങനെയൊക്കെ പൊയ്ക്കൊണ്ടിരുന്നു…

ചിരിച്ചു കൊണ്ടാണ് ഞാൻ ഇതൊക്കെ പറഞ്ഞതെങ്കിലും ഇന്നിന്റെ സമൂഹത്തിൽ ഉണ്ടാകുന്ന മനസ്സിലാക്കാതെ പോകുന്ന ചില യാഥാർഥ്യമാണ് ഇതൊക്കെ.പാവപ്പെട്ട ഈ ചെരുപ്പ് എന്ത് പറയാൻ, ആരും കേൾക്കില്ല..
ഞാൻ ഇതൊക്കെ ഓർത്തു വല്ലാതെ ഭാരപ്പെട്ടു. കാരണം ചെരുപ്പ് മാത്രമേ ആളുകൾ ഊരുന്നുള്ളു.. മനസ്സ് നിറയെ കയ്പ്പും വിദ്വേഷവും, പകയും, അസൂയയും, നിരാശയും ഒക്കെയായിട്ടാണ് ആലയത്തിൽ കടക്കുന്നത്.. ആരും അതൊന്നും ആലയത്തിന്റെ പുറത്തു കളയുന്നില്ല.. ഇനിയെങ്കിലും ഒരു മാറ്റമുണ്ടായാൽ മതിയായിരുന്നു..

ഞാൻ ഓരോന്ന് ഇനിയും തല പൊക്കി നോക്കിയാൽ ആകെ വിഷമമാകും… അച്ചായനെ തല്ക്കാലം എല്ലാവരേക്കാളും നന്നായിട്ടു എനിക്കറിയാം.. നിശബ്ദ സാക്ഷിയായി ഞാൻ കൂടെയുണ്ടല്ലോ എപ്പോഴും..

ഞാൻ ഉറങ്ങാൻ പോകയാണ്…..

ചെരുപ്പ് ചെറു മയക്കം പിടിച്ചു.

പാദരക്ഷകളല്ല മാറ്റി ഇടേണ്ടത്… ദൈവത്തെ ആരാധിക്കാൻ പോകുമ്പോൾ എല്ലാ ദുഷ്ട ചിന്തകളും ആലയത്തിന്റെ പുറത്തു ഉപേക്ഷിക്കണം.. വെള്ള വസ്ത്രത്തിന്റെ പ്രഭയിൽ മറ്റുള്ളവർ നമ്മെ മനസ്സിലാക്കിയില്ലെങ്കിലും ദൈവസാന്നിധ്യം ഉള്ള സ്ഥലമാണ് ദേവാലയം.. അവിടെ നിന്റെയും  എന്റെയും  ആന്തരിന്ദ്രിയങ്ങളെ ശോധന ചെയ്യുന്ന സർവശകതനായ ദൈവം ഉണ്ടെന്നുള്ള തിരിച്ചറിവുണ്ടാകട്ടെ..  പൂർണമായ ഒരു മാനസാന്തരം നമുക്കുണ്ടാകണം..മുഖം മൂടികൾ അഴിച്ചു വെച്ചിട്ട് കർത്താവിൽ നമുക്ക് ഒന്നാകാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.