ഭാവന:ബോസ്‌ പാസ്റ്ററേ,കുരിശാകുമോ? | റോജി ഇലന്തൂർ

പാസ്റ്ററമ്മാമ്മ റോസിക്കുട്ടി ചിരിച്ചുചിരിച്ച്‌ മണ്ണുകപ്പി ഇരിക്കുമ്പോഴാണ് ചിന്നമ്മയും ചാക്കോച്ചായനും ആ വഴി വന്നത്‌.

“ബോസ്‌ പാസ്റ്ററേ, അറിഞ്ഞോ നമ്മുടെ പള്ളിയിലും കുരിശും കുപ്പായവും ഒക്കെ വരുന്നൂന്ന്..” ചാക്കോച്ചായൻ ആമുഖം ഒന്നും തന്നെ കൂടാതെ വന്ന കാര്യത്തിലേക്ക്‌ കടന്നു, പിന്നല്ല!

ബോസ്‌ പാസ്റ്റർ അന്തംവിട്ട്‌ നിൽക്കുന്നത്‌ കണ്ട ചിന്നമ്മാമ്മ കഥ തുടർന്നു, “ഫേസ്ബുക്കിൽ നമ്മുടെ പാസ്റ്റർമാരും, ആ അമേരിക്കൻ അച്ചാനും.. ആ പേരൊന്നും ഞാൻ ഓർക്കുന്നില്ല.. ലൈവ്‌ ഇട്ടു തകർക്കുവല്ലാരുന്നോ? അല്ല, ബോസ് പാസ്റ്റർ അപ്പോൾ ഇതൊന്നും കണ്ടില്ലേ? അല്ല, നമ്മൾ ഇക്കാലമത്രയും പള്ളിയും പട്ടവും ഒക്കെ വിട്ടിറങ്ങിയിട്ട്‌ നമ്മൾ അതിലേക്ക്‌ തിരിച്ച്‌ പോവാണോ പാസ്റ്ററേ? അല്ല, ശരിക്കും കുരിശും കുപ്പായവും ഒക്കെ നമ്മുടെ സഭയിലും ഇനി വരുമോ?” ഒരു സാധാരണ വിശ്വാസിയായ ചിന്നമ്മയ്ക്ക്‌ പിന്നെയും സംശയം ബാക്കി.

post watermark60x60

“അതിനിടയ്ക്ക്‌ ചില അച്ചന്മാരും അവരുടെ സഭയെ മാത്രമേ അംഗീകരിച്ചിട്ടുള്ളൂ എന്ന് ആ പാസ്റ്റർ പറഞ്ഞെന്നും പറഞ്ഞ്‌ ‘കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന’ ചില പോസ്റ്റുകളും കണ്ടു..” ചാക്കോച്ചായൻ ചിന്നമ്മയെ ഓവർടേക് ചെയ്തു പറഞ്ഞു.

“സത്യം പറഞ്ഞാൽ ഈ വാട്ട്സ്‌ ആപ്പും ഫേസ്ബുക്കും ഒക്കെ വന്നതിൽ പിന്നെ ജനത്തിന്റെ സമാധാനം നഷ്ടപ്പെട്ടെന്ന് മാത്രമല്ല ‘വാളെടുക്കുന്നവൻ എല്ലാം വെളിച്ചപ്പാട്‌’ എന്ന മട്ടിൽ ഓരോ ലൈവ് വീഡിയോ അവിടെയും ഇവിടെയുമൊക്കെ ഇരുന്ന് ഇടും. അത്‌ ഏറ്റുപിടിക്കാൻ ഒരുപറ്റം ജനങ്ങളും. ജനങ്ങൾ എല്ലാം ഇതും നോക്കി ഇരുക്കുവല്ലിയോ, പിന്നെ പറയണോ പുകിൽ? അല്ല, അറിയാൻ വയ്യാത്തതുകൊണ്ട്‌ ചോദിക്കുവാ.. ഇവറ്റകൾക്കൊന്നും വേറൊരു പണിയുമില്ലേ? ഇക്കാലത്ത് ഇൗ വാട്ട്സ്‌ ആപ്പും ഫേസ്ബുക്കുമാണ് മനുഷ്യനെ ശരിക്കും ആപ്പിലാക്കുന്നത്‌! പിന്നെ കുരിശും കുപ്പായവും.. അത്‌ നമ്മുടെ പ്രധാനമന്ത്രി വിചാരിച്ചാൽ പോലും കേരളത്തിൽ വരുമെന്ന് എനിക്ക്‌ വിശ്വാസമില്ല. കാരണം നമ്മുടെ പിതാക്കന്മാരുടെ കാലം മുതൽക്കേ ഇവിടെ ചില അടിസ്ഥാനങ്ങൾ ഇട്ടിട്ടുണ്ട്‌. അതുവിട്ട്‌ നമ്മുടെ സഭക്കാർ അണുവിട ചലിക്കുമെന്ന് എനിക്കൊട്ട്‌ വിശ്വാസോമില്ല. അതുമല്ല, ഇത്‌ കേരളമാണ് കേരളം.. ഇവിടെ ഇങ്ങനൊക്കെയേ നടക്കൂ..”

എന്തായാലും കൊള്ളാം.. ബോസ്‌ പാസ്റ്ററുടെ വാക്കുകൾ കേട്ടപ്പോൾ ചിന്നമ്മയ്ക്കും ചാക്കോച്ചനും എന്തെന്നില്ലാത്ത ഒരു റിലാക്സേഷൻ ഉളവായി.

ആശയം: ജനങ്ങളെയും വിശ്വാസികളെയും ഒരുപോലെ ആശങ്കയിൽ ആഴ്‌ത്തുന്ന പ്രസ്താവനകൾ കഴിവതും ആത്മീയ മണ്ഡലത്തിൽ ഒഴിവാക്കുക, അല്ലാത്തപക്ഷം ‘കാള പെറ്റു എന്ന് കേട്ട്’ ജനങ്ങൾ അത് ചർച്ച ചെയ്ത് മറ്റൊരു നിലയിൽ ആക്കും!

-ADVERTISEMENT-

-ADVERTISEMENT-

You might also like