കവിത:അന്ധകാരവും അത്ഭുതവെളിച്ചവും!! | ജെയിംസ്‌ വെട്ടിപ്പുറം , ദുബായ്

സര്‍വ്വവും വാക്കിനാല്‍ അങ്കുരിപ്പിച്ചവന്‍,
സര്‍വ്വ ചരാചര സൃഷ്ടിയിന്‍ നായകന്‍ ,
കല്‍പ്പിച്ചുണ്ടാക്കി വെളിച്ചവുമാദിയില്‍,
സൂര്യചന്ദ്രാദികള്‍, താരകരാജികള്‍ …!!
തിങ്ങും തമസ്സതില്‍ ചൈതന്യധോരണി ,
മന്നില്‍തെളിഞ്ഞിടും ദീപപ്രഭാവമായ് ,
ജ്യോതിര്‍മയം തവ ധന്യം അലംകൃതം,
അത്ഭുതമേകും അനവദ്യസത്കൃതം …!!
മോഹാന്ധകാരത്തില്‍ നീങ്ങുന്ന മര്‍ത്യനു,
മാര്‍ഗ്ഗനിര്‍ദ്ദേശകമാകും വെളിച്ചവും ,
ആശകകളെല്ലാം ഇരുണ്ടതിന്‍ ശേഷമായ്,
ആശാമയൂഖങ്ങള്‍ അങ്കുരിപ്പിക്കയായ് …!!!
പാപന്ധകാരത്തില്‍പ്പെട്ടുഴലും തവ ,
ശാപത്തിന്‍ പാശം ഞെരുക്കിയ മര്‍ത്യനു,
പാപവും ശാപവും നീക്കി മഹാദ്യുതി –
ജ്യോതിസ്സായ് മിന്നിത്തെളിഞ്ഞിടുമത്ഭുതം…..!!!!!
ആത്മപ്രഭാധരിച്ചെന്നും വിളങ്ങുന്ന –
സ്വര്‍ല്ലോകനാഥനവന്‍ സ്നേഹദായകന്‍ ,
വിസ്മയം തന്നെയീ അന്ധകാരത്തിലും ,
സല്‍പ്രകാശം നല്‍കി നമ്മെ നയിച്ചവന്‍…!!!
അക്രമവൃദ്ധികളാവൃത്തമാകവേ –
ദുഷ്കൃതി വൈഭവമാടി ത്തിമിര്‍ക്കവേ ,
സന്മാര്‍ഗ്ഗ സന്ദേശമാകും മഹാദ്യുതി ,
അന്യൂനമെന്നും ലസിക്കട്ടെ ഭൂമിയില്‍ …!!!
ആശതന്‍ രേണുക്കളെല്ലാം തകര്‍ന്നു നി –
രാശയോടൊട്ടുഴലുന്നതാം മര്‍ത്ത്യരെ ,
ആശ്വാസമേകും പ്രഭാചൊരിഞ്ഞെന്നെന്നും –
പ്രത്യാശ നല്‍കി നയിച്ചിടും പാതയില്‍ …!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.