കഥ:പൊടിയമ്മ സഹോദരിയുടെ കൺവെൻഷൻ | ആഷേർ

മകന് ദുബായിൽ ജോലി കിട്ടിയ അന്ന് പൊടിയമ്മ സഹോദരി എടുത്ത തീരുമാനമാണ്. “വീടിന്റെ മുറ്റത്ത് പന്തല് കെട്ടി ഒരു കൺവെൻഷൻ നടത്തും”.
നേർച്ചയാണോ എന്നൊക്കെ ചോദിച്ചാൽ പൊടിയമ്മക്ക് മറുപടിയില്ല.
“നേർച്ചയൊന്നും അല്ലെന്നേ…നാട്ടുകാര് സുവിശേഷം കേൾക്കട്ടെന്നേ..”

post watermark60x60

അത് സത്യവുമായിരുന്നു. യഥാർത്ഥമായി ആത്മഭാരമുള്ള ഒരു സഹോദരി ആയിരുന്നു പൊടിയമ്മ. എങ്ങനെ എങ്കിലും ഒക്കെ സുവിശേഷം അറിയിക്കണം എന്ന ആഗ്രഹമുള്ള ഒരു സഹോദരി. കിട്ടുന്ന അവസരമൊക്കെ ഭവനസന്ദർശനവും,ആശുപത്രി സന്ദർശനവുമൊക്കെ നടത്തിയിരുന്നു പൊടിയമ്മ.
തന്റെ അയൽവാസികളായ ചില കുടുംബങ്ങൾ ഉണ്ട്. അവരോടു സ്ഥിരമായി സുവിശേഷം പറയാറുണ്ടെങ്കിലും അവർ അതൊന്നും ചെവിക്കൊള്ളാറില്ല. പൊടിയമ്മയെ പരിഹസിക്കുകയും ചെയ്യും.പെന്തകോസ്ത് എന്ന് കേൾക്കുന്നതേ പുച്ഛമാണ് അവർക്ക്. അവർ എങ്ങനെയെങ്കിലും കർത്താവിനെ അറിഞ്ഞിരുന്നെങ്കിൽ എന്ന് അതിയായി പൊടിയമ്മ ആഗ്രഹിച്ചിരുന്നു.

അങ്ങനെ മകൻ ജോണിക്ക്‌ ദുബായിൽ ജോലി കിട്ടി. പോകുന്നതിനു മുൻപ് തന്നെ പൊടിയമ്മ മകനോട് പറഞ്ഞു.
“ആദ്യത്തെ ഒന്നല്ലെങ്കിൽ രണ്ടു ശമ്പളം…കൺവെൻഷൻ നടത്താൻ ഇങ്ങു അയച്ചു തന്നേക്കണം. മറ്റു കാര്യങ്ങളൊക്കെ പിന്നെ…”
അമ്മ പറയുന്നതിന് ജോണിക്കു അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നില്ല . ഒരു നല്ല കാര്യത്തിനല്ലേ…ഇരിക്കട്ടെ..

Download Our Android App | iOS App

അങ്ങനെ സഭയിലെ പാസ്റ്ററോട് പൊടിയമ്മ സഹോദരി കാര്യം അവതരിപ്പിച്ചു. പാസ്റ്റർക്കു അതിയായ സന്തോഷം. കുറച്ചു നാളായി തന്റെ മനസ്സിലും അതുണ്ടായിരുന്നു. പക്ഷെ ചെറിയ ഒരു സഭയായതിനാൽ അത്രയും തുക ചിലവഴിച്ചു ഒരു കൺവെൻഷൻ നടത്താനുള്ള സാമ്പത്തികസ്ഥിതി ഇല്ലാത്തതിനാലാണ് നടക്കാതെ പോയത്.
ഇപ്പോൾ ഇതാ സകല ചിലവും ഏറ്റെടുക്കാൻ തയ്യാറായി പൊടിയമ്മ സഹോദരി വന്നിരിക്കുന്നു.

“കൺവെൻഷൻ നമ്മുക്ക് ഏറ്റവും മനോഹരമാക്കണം”. പാസ്റ്റർ അടുത്ത ഞായറാഴ്ച സഭയിൽ പ്രസ്താവിച്ചു.
അന്ന് തന്നെ കമ്മിറ്റി കൂടി തീയ്യതിയും തീരുമാനിച്ചു .
പിന്നെ അങ്ങോട്ട് തിരക്ക് പിടിച്ച ദിനങ്ങളായിരുന്നു. പന്തൽ…ഗാനസംഘത്തിന്റെ പരിശീലനം…അനൗൺസ്‌മെന്റ്…നോട്ടീസ് വിതരണം…അങ്ങനെ ഓരോ കാര്യങ്ങൾ…

ഒരു കാര്യത്തിൽ മാത്രമായിരുന്നു അഭിപ്രായവ്യത്യാസമുണ്ടായത്. കൺവെൻഷന്റെ പ്രസംഗകനെ ചൊല്ലിയായിരുന്നു അത് . സഭയുടെ പ്രെസിഡന്റിനെ വിളിക്കണം എന്ന് ഒരു കൂട്ടർ…പ്രസിഡന്റിന്റെ പ്രസംഗത്തിന് നിലവാരം പോരാ, നല്ല പേരും പ്രശസ്തിയും ഉള്ള ആളെ തന്നെ വിളിക്കണം എന്ന് ഒരു കൂട്ടർ. “എന്തൊക്കെയായാലും പ്രസംഗകന്റെ പേര് കേൾക്കുമ്പോൾ തന്നെ ആള് കൂടണം”.സഭയിലെ മൂപ്പൻ അച്ചായന്റെ അഭിപ്രായം അവസാനം അംഗീകരിക്കപ്പെട്ടു.

അങ്ങനെ കാത്തിരുന്ന ദിവസമെത്തി. പ്രശസ്തനായ പ്രസംഗകൻ എത്തിച്ചേർന്നു.
വലിയ ആൾക്കൂട്ടം കൺവെൻഷന് എത്തി. പൊടിയമ്മ സഹോദരിയും, സഭയിലെ മറ്റു വിശ്വാസികളും എല്ലാം വീട് തോറും കയറി ഇറങ്ങിയതിനെ ഫലമായി അവിശ്വാസികളായ ഒത്തിരി ആളുകൾ കൺവെൻഷന് എത്തിയിരുന്നു.
“ഒരാൾ എങ്കിലും രക്ഷിക്കപ്പെടണേ കർത്താവേ…” മുൻനിരയിൽ തന്നെ പ്രാര്ഥനാനിരതയായി പൊടിയമ്മ സഹോദരി ഇരുന്നു.

പ്രസംഗകൻ പ്രസംഗം തുടങ്ങി.
നല്ല ഫലിതം.നല്ല തുടക്കം തന്നെ. ജനം പ്രസംഗത്തിൽ മുഴുകി ഇരിക്കുകയാണ് . കോമഡി കേട്ട് എല്ലാവരും ചിരിക്കുന്നുണ്ട്.
“പക്ഷെ, ഇദ്ദേശം സുവിശേഷം പറയുന്നില്ലല്ലോ…” പൊടിയമ്മ ചിന്തിച്ചു . ചിലപ്പോൾ കുറച്ചു കഴിഞ്ഞു പറയുമാരിക്കും…

എന്നാൽ അൽപ്പം കഴിഞ്ഞതോടെ പ്രസംഗകന്റെ ശൈലി മാറി…കത്തിക്കയറുകയാണ്…
“നമ്മടെ സഭ ശരിയല്ല…” ഒറ്റ ആക്രോശം…പിന്നെ സഭയുടെ തെറ്റായ രീതികൾ എണ്ണിപ്പറഞ്ഞു അര മണിക്കൂർ…
“നമ്മടെ പാസ്റ്റർമാർ ശെരിയല്ല…” അടുത്ത ആക്രോശം…പാസ്റ്റർമാരുടെ കുറ്റം ഒരു അര മണിക്കൂർ…
പൊടിയമ്മയുടെ കണ്ണിൽ ഇരുട്ടുകയറി…തല കറങ്ങുന്നുണ്ടോ എന്നൊരു സംശയം…
“ഈ കുറ്റം മുഴുവൻ നാട്ടുകാരെ മൈക്ക് വെച്ചു കെട്ടി കേൾപ്പിക്കാനാണോ ദൈവമേ ഞാൻ കാശു മുടക്കി കൺവെൻഷൻ നടത്തിയത്…” വിറക്കുന്ന ശബ്ദത്തിൽ പൊടിയമ്മ അവിടെ തന്നെയിരുന്നു തേങ്ങി.

പക്ഷെ ജനം നല്ല ആവേശത്തിൽ ആയിരുന്നു.കൈ അടിച്ചു അവർ പ്രസംഗകനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു…തമാശകൾ കേട്ട് അവർ ആർത്തു ചിരിച്ചു.
വേദിയിൽ ഇരുന്ന പാസ്റ്റർമാരുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല..
“ശെടാ…ഇവരുടെ കുറ്റം ഇവര് തന്നെ കേട്ടിട്ട് ഇവർ എന്താ അതിണൈ കൈ അടിക്കുന്നത്…” പൊടിയമ്മയുടെ ചിന്ത അങ്ങനെയും പോയി.

അങ്ങനെ കൺവെൻഷൻ കഴിഞ്ഞു.

അടുത്ത ദിവസം വീടിന്റെ മുറ്റത്ത്‌ നിൽക്കുമ്പോൾ അയല്പക്കത്തെ ലിസി വിളിച്ചു പറഞ്ഞു…
“പൊന്നമ്മാമോ…എന്നാ പ്രസംഗമായിരുന്നു ആ പാസ്റ്ററുടെ…കലക്കി കേട്ടോ..എന്താണേലും പുള്ളിക്ക് കാര്യങ്ങൾ അറിയാം…ഇതാ ഞങ്ങളൊന്നും നിങ്ങടെ സഭയിലോട്ടു വരാത്തത് ..മനസ്സിലായോ ? മുഴുവൻ കൊള്ളരുതായ്മയും നിങ്ങടെ കയ്യിലുണ്ട്….”

തലയിൽ ഇടി വെട്ടുന്നത് പോലെ തന്നെ പൊടിയമ്മക്ക്.

നേരെ വീട്ടിൽ കയറി ഒരു ഗ്ലാസ് വെള്ളം കുടിച്ചു കസേരയിൽ അങ്ങനെ ഇരുന്നപ്പോഴാണ് മേശയിൽ കിടക്കുന്ന മാസിക കണ്ടത്.
അതിന്റെ ആദ്യ പേജിൽ തന്നെ പ്രശസ്തനായ പ്രസംഗകന്റെ അടുത്ത കൺവെൻഷന്റെ പരസ്യം കൊടുത്തിരുന്നു.
അദ്ദേഹം മനോഹരമായി ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു ചിത്രവും.

“ഇത് ചിരിയാണോ…അതോ എന്നെ നോക്കി പരിഹസിക്കുകയാണോ..ആവോ..”
പാവം പൊടിയമ്മ സഹോദരിയുടെ ആത്മഗതത്തിൽ വേദന കലർന്നിരുന്നു .

-ADVERTISEMENT-

-ADVERTISEMENT-

You might also like