ഭാവന:ബോസ്‌ പാസ്റ്ററെ തുഷാറാക്കരുത്‌!! | റോജി ഇലന്തൂർ

ബോസ്‌ പാസ്റ്ററുടെ തലവെട്ടം കണ്ടതും സഭയിലെ വിരുതൻ എവിടുന്നോ ഓടി വന്നു. വരുന്ന വഴിയേ തന്നെ ചോദ്യോത്തരവേളയും ആരംഭിച്ചു!

“ദൈവദാസനെ, എങ്ങനുണ്ടാരുന്നു വിദേശയാത്രയൊക്കെ? മീറ്റിംഗുകളൊക്കെ അനുഗ്രഹമാരുന്നല്ലോ.. ല്ലേ? നമ്മുടെ ജോസൂട്ടി അവിടെ ഉള്ളോണ്ട്‌‌ കാര്യങ്ങളൊക്കെ ഉഷാറാരുന്നല്ലൊ.. ല്ലേ.?” വിരുതൻ ആദ്യം തന്നെ ന്യൂസ്‌ എടുത്ത്‌ സഭക്കാരോട്‌ വിളമ്പാനാണെന്ന് ബോസ്‌ പാസ്റ്റർ ഉണ്ടോ അറിയുന്നു!

“ഓ..എന്നാ പറയാനാ മകനേ, ജോസൂട്ടി ആണെങ്കിൽ തിരക്കിന്റെ പുറത്ത്‌‌ തിരക്ക്‌! ഭാര്യക്കും ഭർത്താവിനും ജോലി ഉള്ളതുകൊണ്ട്‌ രണ്ടുപേർക്കും കൂടി ഓഫ്‌ കിട്ടിയിട്ട്‌‌ കാണാമെന്ന് വിചാരിച്ചു. എന്നാൽ, അവസാനം വരെ ജോസൂട്ടിയെ കണ്ടില്ല!”

post watermark60x60

“ആ എന്നാ പോട്ടെ, പിന്നെ നമ്മുടെ സ്വന്തം സരോജ്‌ പാസ്റ്റർ ഉണ്ടാരുന്നല്ലൊ അവിടെ.. മറ്റ്‌ പാസ്റ്റർമാരൊക്കെ എങ്ങനെ ഉണ്ടാരുന്നു?”

“അ.. അ.. അതൊന്നും പറയണ്ടെന്റെ ബ്രദറേ, സരോജ്‌ പാസ്റ്ററും മറ്റ്‌ എല്ലാരും അവിടൊക്കെ തന്നെയുണ്ട്‌‌. എല്ലാരെയും ഞാൻ ചെന്നപ്പോൾ തന്നെ കോണ്ടാക്ട്‌ ചെയ്തു. വിളിക്കുമ്പോഴൊക്കെയും ‘ഉ.. ഊ.. ഉറപ്പായിട്ടും ബോസ്‌ പാസ്റ്റർക്ക്‌ ഒരു മീറ്റിംഗ്‌ ഉണ്ടെന്നും, നമ്പർ സേവ്‌ ചെയ്യാമെന്നും’ പറയും. എന്നാൽ, പിന്നെ വിളി ഇല്ലെന്ന് മാത്രമല്ല, നമ്മൾ വിളിച്ചാൽ ഈ നമ്പറുകളിൽ ഫോൺ എടുക്കുകയുമില്ല! ചില വിരുതന്മാർ നമ്മുടെ നമ്പർ സേവാക്കി ബ്ലോക്ക്‌ ആക്കിയും ഇടും! പിന്നെ വിളിച്ചാൽ കിട്ടില്ലല്ലോ. അതായിരുന്നു മകനേ ഗൾഫിന്റെ അവസ്ഥ!” ഒരു ദീർഘനിശ്വാസത്തോടെ ബോസ്‌ പാസ്റ്റർ തുടർന്നു..

“എന്റെ അനുഭവത്തിൽ നമ്മുടെ പരിചയക്കാരെക്കാളും‌ അവിടുത്തെ അപരിചിതരെയാ ദൈവം എനിക്കായി ഉപയോഗിച്ചത്‌‌. പിന്നെ അവനാർക്കും കടക്കാരനല്ല മകനേ.. നമ്മുടെ ദൈവം ആരാ.. ചില അവിചാരിതമായ കാര്യങ്ങൾ ദൈവം തമ്പുരാൻ അനുകൂലമാക്കി തന്നു!

“അപ്പൊ, ചുരുക്കം പറഞ്ഞാൽ പ്രതീക്ഷിച്ച പോലൊന്നും അല്ലാരുന്നു കാര്യങ്ങളുടെ കിടപ്പുവശം അല്ലിയോ.? ഈ ‘പ്രതീക്ഷ കൊടുത്തിട്ട്‌ പറ്റിക്കുന്ന’ പരിപാടിക്ക്‌ ഞങ്ങളുടെ ഇടയിൽ ഒരു പുതിയ പദപ്രയോഗം തന്നെ വന്നിട്ടുണ്ട്‌..

“അതെന്നാ മകനെ.?” ബോസ്‌ പാസ്റ്റർ ജിജ്ഞാസാഭരിതനായി.

“തുഷാറാക്കി എന്ന് പറയും അതിന്. അപ്പൊ, സത്യം പറഞ്ഞാൽ ബോസ്‌ പാസ്റ്ററെ എല്ലാരും കൂടി അങ്ങ്‌ തുഷാറാക്കി അല്ലിയോ..?!”

വിരുതന്റെ പരിഹാസച്ചുവയുള്ള ചോദ്യം കേട്ട്‌ ബോസ്‌ പാസ്റ്റർ പകച്ചുപോയി!! പാവം ബോസ്‌ പാസ്റ്റർ, ഇതിനൊക്കെ മറുപടി പറയാനാ.. നിങ്ങൾ പറയൂ.?

വായനക്കാരോട്‌‌:
ദയവായി നിങ്ങൾ ആരെയും തുഷാറാക്കരുത്‌!!

-ADVERTISEMENT-

-ADVERTISEMENT-

You might also like