കഥ: ഹോളി | രഞ്ചിത്ത് ജോയി

വീഥികളും നിരത്തുകളും എന്നു വേണ്ട മനുഷ്യന്മാർ വരെ  ചായം പൂശിയ നിലയിൽ കാണായി വന്നു.  തലയും മുഖവും വസ്ത്രങ്ങളും  എല്ലാം പലവിധ നിറത്തിലുള്ള ചായങ്ങളാൽ നിറഞ്ഞ മനുഷ്യർ എവിടെയും പ്രത്യക്ഷമായി. ചായങ്ങൾ തങ്ങൾക്കൊരു ഗമ യാണെന്നു അവരുടെ നടപ്പുകളിലും  ഭാവങ്ങളിലും അവർ വ്യക്തമാക്കി കൊണ്ടിരുന്നു.

എന്താടാ ഈ ഹോളി? സംശയത്തോടെ  വിപിൻ രാജേഷിനു ഒരു ചോദ്യമെറിഞ്ഞു..

എനിക്കും വ്യക്തമായി അറിഞ്ഞു കൂടാ… എന്നാലും തിന്മ പ്രവർത്തിച്ച അസുരന്റെ മേൽ നേടിയാ ജയത്തിന്റ  ആഘോഷമാണിത് എന്നാണ് എന്റെ ചെറിയ ഒരറിവ്

റോഡുകൾ വിട്ട് മുന്തിയ ഫ്ലാറ്റുകൾ നിറഞ്ഞ ഇടത്തേക്കു അവർ പ്രവേശിച്ചു. പ്രവേശന കവാടത്തിൽ നിന്നു അര കിലോമിറ്റർ നടന്നു, ഇടത്തു തിരിഞ്ഞാൽ രാജേഷിന്റെ ഫ്ലാറ്റാണ്. നമ്പർ 407 അതാണ് ഫ്ലാറ്റ് നമ്പർ. അതിനരികിൽ തന്നെയാണ് വിപിന്റെയും ഫ്ലാറ്റ്. നടക്കുന്നതിനിടയിൽ ഫ്ലാറ്റുകളുടെ ബാൽക്കണിമേൽ ഇരുന്നു കുട്ടികൾ ചായം ചേർത്ത വെള്ളം മുകളിൽ നിന്നും താഴെക്കും അരികിലേക്കു ഒക്കെ ചീറ്റി നിർവ്വിതി അണയുകയാണ്. കളർ ദേഹത്തു വീഴുമ്പോൾ ചിലർ ദേഷ്യത്തോടെയും മറ്റുചിലർ തമാശ രൂപേണയും അതിനോട് പ്രതികരിച്ചു പോന്നു. എന്നാൽ മറ്റു ചിലരാക്കട്ടെ കൈയിൽ കരുതിയ വെള്ളം ചീറ്റുന്ന യന്ത്രം കൊണ്ടു തിരിച്ചും ആക്രമിച്ചു. തന്റെ ശരീരത്തിൽ വീഴുന്ന ചായങ്ങളെ വകവയ്ക്കാതെ രാജേഷ് എന്തോ ഗഹനമായ ചിന്തയിലാണ്ടു കാലുകളെ മുന്നോട്ടു വച്ചു കൊണ്ടിരുന്നു.

എടാ, നീ ചെന്നിട്ട് ചായ കുടിച്ചിട്ട് വീട്ടിലോട്ടു ഒന്നു ഇറങ്ങ് , ഇത്തവണത്തെ ഹോളി നമ്മുക്കു ആഘോഷമാക്കണം: ചിന്തയിൽ നിന്നും ഉണർന്നു കൊണ്ടു രാജേഷ് മൊഴിഞ്ഞു.

എന്നാൽ ശരി… ഹാപ്പി ഹോളി എന്നു പറഞ്ഞു വിപിൻ തന്റെ ഫ്ലാറ്റിലെത്തി വേഗം ചായ കുടിച്ചു രാജേഷിന്റെ ഭവനത്തിലേക്കു വച്ചടിച്ചു. വിപിൻ ചെല്ലുമ്പോൾ രാജേഷ് ഒരു പാത്രത്തിൽ കുറച്ചു ചായങ്ങളും മറ്റും കലക്കുകയായിരുന്നു.

എന്താടാ ഇത്?

ഇതു ഒരു പ്രത്യേക തരം ചായമാണ്. ഇതു ദേഹത്തു വീണാൽ ആസിഡിന്റെ ഫലം ചെയ്യും.

നീ എന്തിനുള്ള പുറപ്പാടാ?

നിനക്കറിയാമോ, ഈ നോർത്ത് ഇന്ത്യയിൽ, പ്രതികാര ദാഹികളായ ചില ആളുകൾ സൗഹൃദം നടിച്ച് പ്രതികാരം ചെയ്യാനെടുക്കുന്ന ഒരു സമയം കൂടിയാ ഈ ഹോളിപോലുള്ള ആഘോഷങ്ങൾ എന്നു ഞാൻ കേട്ടിട്ടുണ്ട്.

അതു ഏതായാലും നന്നല്ല.. എനിക്കു ഇതിനോടു യോജിക്കാൻ കഴിയില്ല.. ആട്ടെ ആരാണ് നിന്റെ ശത്രു..

ശത്രു ഒന്നുമല്ല.. നമ്മുടെ ബ്ലസ്സൻ, അവനിച്ചിരി അഹങ്കാരം കൂടുതലാ. അവനൊരു പണി കൊടുക്കണം എന്നു പണ്ടേ ഞാൻ കരുതിയിരിക്കുവാ

അവനാളു പാവമല്ലേ?? നമ്മുടെ കൂടെ കൂട്ടില്ല എന്നല്ലേ ഉള്ളോ?? ഈ പരിപാടിക്കു ഞാനില്ല രാജേഷെ

എടാ വിപിനെ, നീ വിചാരിക്കുന്നതു പോലെ അത്ര പേടിക്കാനെന്നുമുള്ള കാര്യമൊന്നുമല്ല ഇതു..

നീ പറഞ്ഞു ഇതു ആസിഡിന്റെ ഫലം ചെയ്യുമെന്നു..?

അതൊന്നുമില്ല.. ഒരു ചെറിയ ചൊറിച്ചിലുണ്ടാകും അത്രയൊയൊള്ളു..

അത്രയൊയൊള്ളോ.. എന്നാ പിന്നെ കൊഴപ്പമില്ല.. അതൊരണ്ണം അവനു വേണം..

ചായം കലർത്തിയ വെള്ളം ശരിയായപ്പോൾ,  അവർ ഇരുവരും ബ്ലസ്സന്റെ വീടിനോടു ചേർന്നുള്ള ബാൽക്കണിയിൽ ഇരുപ്പുറപ്പിച്ചു. ബ്ലസ്സൻ പുറത്തിറങ്ങി ഇതുവഴി നടന്നു വരുമ്പോൾ അവന്റെ മുകളിലോട്ട് ഒഴിക്കുക എന്നതാണ് ഇരുവരുടെയും തീരൂമാനം. ഇരതേടി ഇരിക്കുന്ന കഴുകന്മാരെ പോലെ അവർ ക്ഷമയോടെ ഇരുന്നു.

കുറച്ചു നേരം നോക്കി ഇരുന്നപ്പോൾ ബ്ലസ്സന്റെ വീടിന്റെ കതകു തുറക്കുന്ന ശബ്ദം കേട്ടു ഇരുവരും പതുക്കെ എഴുന്നേറ്റു. അവരെ നിരാശരാക്കി കൊണ്ടു  ബ്ലസ്സന്റെ മമ്മി, പുറത്തു വന്നു പൈപ്പ് തുറന്നു ചെടികൾക്കു എല്ലാം വെള്ളം ഒഴിച്ചു ശേഷം അകത്തു കയറി കതകു അടച്ചു.

ഈ ബ്ലസ്സൻ എന്തോ ചെറുക്കാനാ..! മമ്മിയെ കൊണ്ടാണോ ഈ ചെടികൾ ഒക്കെ നനയ്ക്കേണ്ടതു.. ? ദേഷ്യത്തോടെ വിപിൻ പറഞ്ഞു

നിന്റെ പറച്ചിൽ കേട്ടാൽ  തോന്നും. നീ ആണ് വീട്ടിലെ ചെടികളൊക്കെ നനയ്ക്കുന്നതു എന്നു…

സൂര്യനും പടിഞ്ഞാറു ചായമടിച്ച രീതിയിൽ പ്രത്യക്ഷപ്പെട്ടു. പെട്ടെന്നു ബ്ലസ്സന്റെ വിടിന്റെ മുന്നിലെത്തേ ലൈറ്റുകൾ തെളിഞ്ഞു. ആകാംഷയോടെ രാജേഷ് തയ്യാറായി നിന്നു. പക്ഷെ വാതിലുകൾ അടഞ്ഞു തന്നെ കിടന്നു. ഈ സമയം തന്റെ തലയ്ക്കു ചുറ്റു പറക്കുന്ന കൊതുകകളെ ആട്ടി പായിക്കുന്ന തിരക്കിലായിരുന്നു വിപിൻ.

എടാ വിപിനെ, ബ്ലസ്സൻ എനി വീട്ടിൽ ഇല്ലയോ..?

ആ… ഇന്നു കോളേജിൽ വന്നിരുന്നല്ലോ..
കോളേജിൽ വച്ച് നീ അവനെ കണ്ടല്ലോ അല്ലേ?? എന്നാൽ ഇവിടെ തന്നെ കാണും..

എടാ മക്കളെ, നിങ്ങൾ അവിടെ എന്തോടുക്കയാ.. അകത്തുനിന്നു രാജേഷിന്റെ മമ്മിയുടെ ചോദ്യം ഉണ്ടായി.

ഹോളികളിക്കുവാ മമ്മി?

എന്നാൽ ശരി..

എടാ സമയം ഒരുപാടായി, ആഘോഷം തുടങ്ങാറായി, നമ്മുക്കു പോയി ബ്ലസ്സനെ ഒന്നു വിളിച്ച് പുറത്ത് കൊണ്ടുവന്നു ഹോളി ആഘോഷിച്ചാലോ?

എന്നാൽ വാ…

വെള്ളം ചീറ്റുന്ന യന്ത്ര തോക്കെടുത്തു രാജേഷ് വിപിനെ അനുഗമിച്ചു. പോകുന്ന വഴിയിൽ, ബ്ലസ്സനോടു സംസാരിച്ചു വീട്ടിൽ നിന്നും വിളിച്ചെറക്കി കൊണ്ടുവരാൻ വിപിനെ രാജേഷ് ചട്ടം കെട്ടി. 

പോകുന്ന വഴിയിൽ നിന്നു നോക്കുമ്പോൾ, അങ്ങ് റോഡിലായി,  ഇന്നു തീ കൊടുക്കാനായി വലിയ ഒരു പ്രതിമ നിന്നിരുന്നു. ബ്ലസ്സന്റെ വീടിനോടു അടുത്തപ്പോൾ അകത്തു കയ്യടിയുടെ ശബ്ദം കേൾക്കാനുണ്ടായിരുന്നു. കോളിങ്ങ് ബെല്ലിൽ രാജേഷിന്റെ വിരൾ അമർന്നു. കുറച്ചു സമയത്തിനു ശേഷം കതകു തുറക്കപ്പെട്ടു.

എന്താ വിപിനെ, ബ്ലസ്സൻ ചെറിയ പുഞ്ചിരിയോടെ ആരാഞ്ഞു.

നീ വരുന്നോ ഹോളി ആഘോഷിക്കാൻ…? നിന്നെ വിളിക്കാൻ വന്നതാ ഞങ്ങൾ ഇരുവരും… വാ നമ്മുക്കു അടിച്ചു പൊളിക്കാം..

ഞാൻ ഇവിടെ വെറൊരു ആഘോഷത്തിലായിരുന്നു… കുടുംബ പ്രാർത്ഥന നടന്നുകൊണ്ടിരിക്കുകയാണ്. കൂടുന്നോ… ഞങ്ങളുടെ കൂടെ..

കൂടിയാലോ..? വിപിൻ, രാജേഷിന്റെ നേരെ മുഖം തിരിച്ചു..

രാജേഷിന്റെ മറുപടിയ്ക്കു കാക്കാതെ  ബ്ലസ്സൻ , രാജേഷിന്റെ കൈയ്ക്കു പിടിച്ചു. പ്രാർത്ഥന ഇപ്പം തീരും …വാ

വെറെ നിവൃത്തിയില്ലാതെ അവർ ഇരുവരും ബ്ലസ്സനോടും അവന്റെ മമ്മിയോടും ഒപ്പം നിലത്തു വിരിച്ച പായിൽ ഇരുപ്പുറപ്പിച്ചു. ബ്ലസ്സൻ പ്രാർത്ഥന ആരംഭിച്ചു. രാജേഷ് ആദ്യമായിട്ടായിരുന്നു ഇതുപോലൊരു പ്രാർത്ഥനയിൽ ഇരിക്കുന്നതു. തന്റെ പേരു പറഞ്ഞു ബ്ലസ്സൻ അനുഗ്രഹിച്ചു പ്രാർത്ഥിച്ചുപ്പോൾ രാജേഷിന്റെ കണ്ണുകൾ നിറഞ്ഞു. പ്രാർത്ഥന കഴിഞ്ഞു എഴുന്നേൽക്കുബോൾ , കഴിച്ചിട്ടു പോകാം എന്നായി ബ്ലസ്സൻ.

ഈത്തവണ പ്രാർത്ഥനയ്ക്കു ഇരുന്നില്ലേ, അടുത്ത തവണ തീർച്ചയായി കഴിക്കാനിരിക്കുന്നതായിരിക്കും എന്നു പറഞ്ഞു വിപിനെ വിളിച്ചോണ്ട് രജേഷ് തിരിച്ചു നടക്കുമ്പോൾ
ഹോളി എന്നാൽ വിശുദ്ധി,   ദൈവത്തെ വിശുദ്ധിയോടെ ആരാധിക്കുന്നതാ ഞങ്ങളുടെ ആഘോഷങ്ങൾ എന്നു കഴിഞ്ഞ തവണ ബ്ലസ്സൻ തന്നോടു പറഞ്ഞതു വിപിൻ  ഓർത്തെടുത്തു. രാജേഷ് തന്റെ കയ്യിൽ കരുതിയിരുന്ന ചായം ചേർത്ത വെള്ളം വഴിയിലേക്കു ഒഴുക്കി കളഞ്ഞു.

“ഭോ…”
പെട്ടെന്നു റോഡിൽ വച്ചിരുന്ന പ്രതിമ വലിയ ശബ്ദത്തോടെ കത്തുന്നതു കാണായി വന്നു.. അതിന്റെ മുന്നിൽ അനേകർ നിൽക്കുന്നതും ദ്യശ്യമായി. അന്തരിഷത്തെ പ്രകംമ്പനം കൊള്ളിച്ചു കൊണ്ട് ഹാപ്പി ഹോളി എന്ന ശബ്ദം അവിടെ മുഴങ്ങി.

– രഞ്ചിത്ത് ജോയി, കീക്കൊഴൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.