കഥ: എനിക്ക്‌ വിശക്കുന്നു! | റോജി ഇലന്തൂർ

1991…
മുൻ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ട അതേ വർഷം ഞാൻ അട്ടപ്പാടിയിലെ ഒരു പുരാതന ആദിവാസി ഗോത്രസമൂഹമായ കുറുമ്പ വിഭാഗത്തിൽ ഗോത്രവര്‍ഗ്ഗ ഊരായ കടുകുമണ്ണയിലെ മല്ലന്റെയും മല്ലികയുടെയും മൂന്നു മക്കളില്‍ ഒരുവനായി ജന്മം കൊണ്ടു. ഞാൻ കറുത്തവനെങ്കിലും അപ്പനും അമ്മയും സ്നേഹത്വാത്സല്യത്തോടെ എന്നെ ‘മധു’ എന്ന് പേർ വിളിച്ചു.

എല്ലാവരെയും പോലെ പഠിച്ച്‌ മിടുക്കൻ ആകണമെന്ന് ഞാനും ആഗ്രഹിച്ചു. പഠനത്തിൽ മുൻപനായിരുന്ന എന്നെ ഊരില്‍ നിന്ന് ഇരുപത്തിരണ്ട്‌ കിലോമീറ്റര്‍ അകലെ ശ്രീശങ്കര എന്ന സ്ഥലത്ത്‌ ഒരു കോണ്‍വെന്റില്‍ നിർത്തി പഠിപ്പിച്ചു. നാലാം ക്ളാസുവരെ ഞാൻ അവുടെ നിന്ന് പഠിച്ചു. ചില വർഷങ്ങൾക്ക്‌ ശേഷം എന്റെ അച്ഛൻ മല്ലന്‍ ഈ ലോകം വിട്ടുപോയിരുന്നു. രണ്ടു സഹോദരിമാരെയും അമ്മയേയും പോറ്റേണ്ട ചുമതല അതോടെ പറക്കമുറ്റാത്ത ഏഴാംക്ലാസുകാരനായ എന്റെ ചുമലിലായി.

പഠിക്കണമെന്നും ഉയരണമെന്നും മോഹിച്ച എനിക്ക്‌ കുടുംബത്തിന്റെ പ്രാരാബ്‌ധങ്ങള്‍ കാരണം പഠനം പാതിവഴിക്ക്‌ ഉപേക്ഷിച്ച്‌ എന്റെ കുടുംബത്തെ പോറ്റേണ്ട സ്ഥിതി താമസിയാതെ തന്നെ വന്നു.

അതിനിടയ്‌ക്കാണ് ഞാൻ ‘അവളെ’ പ്രണയിക്കുന്നത്‌. പ്രണയം തലയ്ക്ക്‌ പിടിച്ചപ്പോള്‍ വിവാഹാഭ്യര്‍ത്ഥനയുമായി ഞാൻ കാമുകിയുടെ വീട്ടിലേയ്ക്കെത്തിയപ്പോള്‍ പട്ടിയെപ്പോലെ തല്ലിച്ചതച്ച്‌ അവർ എന്റെ ഓര്‍മ്മകളെ താളം തെറ്റിച്ചു. കാട്ടിൽ പണിയെടുത്തും മറ്റ് ആദിവാസികളോടൊപ്പം തേനും കുങ്കില്യവും ശേഖരിച്ചും അന്നത്തിനുള്ള വഴി ഞാൻ കണ്ടെത്തി കുടുംബം പോറ്റി.

പിന്നീട്‌, ആദിവാസികള്‍ക്കുള്ള തൊഴില്‍ വൈദഗ്ദ്ധ്യ പരിശീലനത്തിനായി ഐ. ടി. ഡി. പി മുഖാന്തരം പാലക്കാട് മുട്ടിക്കുളങ്ങരയിലേക്ക് ഞാൻ പോയി. തടിപ്പണിയിലും നിര്‍മ്മാണതൊഴിലിലും ഞാൻ വൈദഗ്ദ്ധ്യം നേടി. അവിടെവച്ച്‌ ഞാൻ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. അവളോടൊത്തൊരു ജീവിതം‌ സ്വപ്നം കണ്ടെങ്കിലും പിന്നത്തേതിൽ എന്റെ തന്നെ ജീവിതമായിരുന്നു കൈവിട്ടു പോയതെന്ന്‌‌ അറിഞ്ഞപ്പൊഴേക്കും ഏറെ വൈകിയിരുന്നു. പ്രണയം കടുത്തതോടെ പെണ്‍കുട്ടിയുടെ വീട്ടുകാരെ സമീപിച്ച്‌ ഞാൻ കാര്യം അവതരിപ്പിച്ചു. എന്നാൽ പെണ്‍വീട്ടുകാര്‍ ബന്ധം നിരസിച്ചെന്നു മാത്രമല്ല, പട്ടിയെ തല്ലുംപോലെ എന്നെ ക്രൂരമായി മര്‍ദ്ദിച്ചു.

എന്റെ സ്വന്തം നാടായ അട്ടപ്പാടിയില്‍ ഞാൻ പിന്നീട്‌ തിരിച്ചെത്തിയത് പെരുമാറ്റത്തിലും സംസാരത്തിലും സ്വാഭാവികത നഷ്ടപ്പെട്ട ഒരു യുവാവായാണ്. എന്റെ അമ്മയും സഹോദരിമാരും അതു കണ്ട് വിങ്ങിപ്പൊട്ടി. ആരെയെങ്കിലും കണ്ടാല്‍ എനിക്ക്‌ അന്നുമുതൽ ഭീതിയാണ്. എന്തെന്നില്ലാത്ത ഭീതി!

കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയില്‍ പത്തുവര്‍ഷത്തോളം എനിക്ക്‌ വേണ്ടി ചികിത്സ നടത്തി. എന്നിട്ടും കാര്യമായ ഫലമൊന്നും ഉണ്ടായില്ലെന്നു വേണം പറയാൻ.
തുടര്‍ന്നുള്ള എന്റെ ജീവിതം ഏകാന്തതയിലേക്കു പറിച്ചുനടപ്പെട്ടു. ഒറ്റപ്പെട്ട മലമടക്കിലും ഗുഹയിലും പാർത്ത്‌ ആർക്കും ശല്യമില്ലാതെ ഞാൻ അവിടെ സന്തോഷത്തോടെ ജീവിച്ചു. മൃഗങ്ങളായിരുന്നു എനിക്ക്‌ അവിടെ കൂട്ട്‌. കാട്ടിനുള്ളിൽ നിന്ന് വിശപ്പ് സഹിക്കാന്‍ കഴിയാതെ വരുമ്പോൾ എന്തെങ്കിലും കഴിക്കാനായി മാത്രം ഞാൻ പുറംലോകത്തേക്കു വന്നു. ആ വരവിലും എന്നെ മര്‍ദ്ദിക്കാനായിരുന്നു പലര്‍ക്കും താല്പര്യം. മോഷണക്കുറ്റം ആരോപിച്ചാണ് ഓരോ തവണയും അവരെന്നെ മര്‍ദ്ദിച്ചിരുന്നത്. ആ ഭയം കാരണം ഞാൻ എന്റെ വിശപ്പ് അടക്കിപ്പിടിച്ചാണ് കാട്ടില്‍ കഴിഞ്ഞിരുന്നത്. വിശപ്പിന്റെ വിളി സഹിക്കാന്‍ കഴിയാത്ത ഒരു വേളയിലാണ് കഴിഞ്ഞ ചില ദിവസങ്ങൾക്ക്‌ മുൻപ്‌ ഞാൻ വീണ്ടും പുറംലോകത്തേക്കു വന്നത്. ആ വരവില്‍ അവർ എന്നെ സെൽഫിയെടുക്കാൻ നിർബന്ധിപ്പിച്ച്‌ ചിരിപ്പിച്ചു. ഞാൻ അറിഞ്ഞിരുന്നില്ല അതെന്റെ അവസാനത്തെ ചിരി ആയിരുന്നു എന്ന്. എങ്കിലും കുഴപ്പമില്ല, അതാണല്ലൊ ഇപ്പോൾ എന്നെ കൊന്നവർക്ക്‌ നേരെ നിൽക്കുന്ന ഏറ്റവും വലിയ തെളിവ്‌. അവർ എന്നെ എന്തിനായിരുന്നു കൊന്നത്‌, എനിക്ക്‌ ഇപ്പോഴും ഉത്തരം കിട്ടുന്നില്ല! കാട്ടിലെ മൃഗങ്ങൾ ഇതിലും എത്രയോ ഭേദമായിരുന്നു. കാരണം അവർ സ്വന്തവർഗ്ഗത്തെ അക്രമിക്കാറില്ല എന്നതുതന്നെ. ‌ അവർ യേശുനാഥനെ ചെയ്തതുപോലെ എന്റെ ഉടുതുണി അഴിച്ചതിനു ശേഷം എന്റെ കരങ്ങൾ കെട്ടിയിട്ട് മർദ്ദിച്ചു. ആ സമയത്തും മര്‍ദ്ദിക്കുന്നവരോട്‌ ഞാൻ പറഞ്ഞത് “എനിക്ക് വിശക്കുന്നു” എന്ന് മാത്രം! എന്നാല്‍ എന്റെ വാക്കിനെ ആരും കാതൊര്‍ക്കാതെ ചില മനുഷ്യമൃഗങ്ങൾ എന്നെ ജീവിക്കാൻ അനുവദിക്കാതെ, ഒരിക്കലും വിശപ്പും ദാഹവും ഒന്നുമില്ലാത്ത ഒരു ലോകത്തേക്ക്‌ അവർ എന്നെ യാത്രയാക്കി. അന്ന് ഞാൻ ഒരിറ്റ്‌ ഭക്ഷണത്തിനായി വിശന്ന് അവരോട്‌ കേണു, എന്നാൽ അവർ എനിക്ക്‌ ഭക്ഷിപ്പാൻ തന്നില്ല പകരം മരണം ദാനമായി തന്നു. ഇന്നും എനിക്ക്‌ വിശക്കുന്നു, എന്നാൽ ഇന്നെന്റെ വിശപ്പ്‌‌ നീതിക്കായാണ്. എന്റെ ആത്മാവ്‌ നീതിക്കായ്‌ വിശന്നു ദാഹിക്കുന്നു… പറയൂ, നീതിപീഠമേ.. എനിക്ക്‌ നീതി കിട്ടുമോ, ഇനിയെങ്കിലും…? എനിക്ക്‌ വിശക്കുന്നു..!

വേദശകലം:
‘നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്ക്‌ തൃപ്തി വരും.’ (മത്തായി 5:6)

– റോജി ഇലന്തൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.