ഭാവന: “ബോസ്‌ പാസ്റ്ററേ… കൃപ പോകുമേ..!!” | റോജി ഇലന്തൂർ

ബോസ്‌ പാസ്റ്റർക്കും കിട്ടി ഇത്തവണ ഒരു ട്രാൻസ്ഫർ! ആളും പേരും ഇല്ലാത്ത ഒരു ഓണംകേറാമൂലയിൽ തനിക്കും കിട്ടി ഒരു സഭ!!

ചാർജ്ജെടുത്ത്‌ ആദ്യ ഞായറാഴ്ച. എല്ലാവരെയും പാസ്റ്ററും അമ്മാമ്മയും പരിചയപ്പെട്ടു വരുന്നതിനിടയിൽ ഒരു വിരുതൻ ഓടിവന്ന്,

“പാസ്റ്ററേ, പാസ്റ്ററാണ് ഞങ്ങടെ പുതിയ പാസ്റ്റർ അല്ലിയോ.. പാസ്റ്ററേ?”

ബോസ്‌ പാസ്റ്റർ പതിവ്‌ പുഞ്ചിരിയോടെ വിക്കി വിക്കി ‘അ.. ആ.. അതെ’ എന്ന് പറഞ്ഞു.

“ബോസ്‌ പാസ്‌റ്ററേ.. പിന്നേയ്‌, നമ്മുടെ വിശ്വാസികൾക്ക് പന്ത്രണ്ടേമുക്കാൽ ആകുമ്പോൾ ആശിർവ്വാദം പറഞ്ഞിരിക്കണം എന്നാ… അതാണ് ഇവിടെ പണ്ട്‌ മുതലെ ഉള്ള നമ്മുടെ ഒരു രീതി. അല്ലെങ്കിൽ ഒരുമണി ആകുമ്പോൾ ഇവിടുള്ള ചിലരുടെ‌ കൃപ പോകുമേ..” ഇത്രയും പറഞ്ഞ്‌ വിരുതൻ എങ്ങൊട്ടോ ഓടി മറഞ്ഞു!

പാസ്റ്റർ ആകെ ടെൻഷനിലായി, വിയർത്ത്‌ കുളിച്ച് ഒരു പരുവമായി‌… ‘വന്ന് ചാർജ്ജെടുത്തതുമല്ല, പൊല്ലാപ്പായോ ദൈവമേ..’ ബോസ്‌ പാസ്റ്റർടെ ഇടനെഞ്ചിൽ ഒരസ്വസ്ഥതയുടെ കാർമേഘം കൊണ്ടു!

പിന്നെ എല്ലാം ഝടുതിയിൽ ആയിരുന്നു. പാട്ടും പ്രാർത്ഥനയും സാക്ഷ്യവും പ്രസംഗവും എല്ലാം! പ്രസംഗം തുടങ്ങിയപ്പോൾ ബോസ്‌ പാസ്റ്റർ ഇടയ്‌ക്ക്‌ പറഞ്ഞു, “ഞാൻ വചനത്തിന്റെ ആഴങ്ങളിലേക്ക്‌ ഇറങ്ങുകയാണ്..” ഇതുകേട്ട വിരുതൻ ആരും കേൾക്കാതെ മനസ്സിൽ പറഞ്ഞു, “ഇറങ്ങുന്നെ ഒക്കെ കൊള്ളാം, കൃപ പോകുന്നേന് മുൻപ്‌ തിരിച്ചുകയറി ഇങ്ങ്‌ വന്നാൽ മതി!’

എന്തായാലും ഫാസ്റ്റ്‌ പാസഞ്ചർ കണക്കെ ബോസ്‌ പാസ്റ്റർ കൃത്യം പന്ത്രണ്ടേമുക്കാലിന് തന്നെ ആശിർവ്വാദം പറഞ്ഞു. വിരുതൻ തിടുക്കത്തോടെ ഓടിവന്ന് പാസ്റ്റർക്ക്‌ കൈ കൊടുത്ത്‌, “സമ്മതിച്ചിരിക്കുന്നു പാസ്റ്ററേ.. സമ്മതിച്ചിരിക്കുന്നു! ഒരു മണിയുടെ ‘കൃപ’ പോയിരുന്നെങ്കിൽ മൂന്നുമണിക്കുള്ള ‘സെന്റ്‌. മേരി’ക്കേ ഞങ്ങൾക്ക്‌ പോക്ക്‌ നടക്കത്തുള്ളായിരുന്നു.. നന്ദിയുണ്ട്‌ പാസ്റ്ററേ, നന്ദിയുണ്ട്‌”. ഇത്രയും പറഞ്ഞ്‌ വിരുതൻ ഒറ്റയോട്ടത്തിൽ ബസ്‌ സ്റ്റോപ്പിലെത്തി വേഗം തന്നെ താൻ പ്രാപിക്കേണ്ട  ‘കൃപ’ പ്രാപിച്ചു!

അപ്പോഴാണ് ബോസ്‌ പാസ്റ്റർക്കും അമ്മാമ്മയ്‌ക്കും കഥ മനസ്സിലായത്‌! അന്ന് മുഴുവൻ ‘കൃപ’ ഓർത്ത്‌ പാസ്റ്റർ അമ്മാമ്മ ചിരിച്ചു‌ചിരിച്ച്‌ മണ്ണ് കപ്പി!!

-ADVERTISEMENT-

-ADVERTISEMENT-

You might also like