ഭാവന: “ഓ.. അതൊന്നും സാരമില്ലന്നേ…” | ഡോ. അജു തോമസ്‌, സലാല

എന്നും പോകുന്നതുപോലെ പെന്തെകോസ്തു സഭയുടെ മുന്നിലൂടെ പോകുമ്പോൾ ഉള്ളിൽ നിന്നും “മറ്റൊരുത്തനിലും രക്ഷയില്ല, യേശു മാത്രം രക്ഷകൻ, വിശുദ്ധിയെ തികയ്ക്കുക, വേർപാട് മുറുകെ പിടിച്ചുകൊൾക” എന്ന അവറാച്ചൻ ഉപദേശിയുടെ സ്ഥിരം പല്ലവി തന്നെയാണ് ജോജി അന്നും കേട്ടത്. അല്പം ദൂരെ ഉള്ള തന്റെ സഭയിലെ പ്രാർത്ഥന കഴിഞ്ഞു തിരിച്ചു ബൈക്കിൽ വരുമ്പോൾ അവറാച്ചൻ ഉപദേശി ഹാളിന്റെ മുൻപിൽ നിൽക്കുന്നത് കണ്ട്‌ ഇഷ്ടമല്ലെങ്കിൽ കൂടി ഒരു ‘പ്രെയ്‌സ് ദി ലോർഡ്’ ജോജി പറഞ്ഞു. ചില കുശലാന്വേഷണങ്ങൾ നടത്തിയതിനു ശേഷം ഇപ്പോഴും വിശുദ്ധിയും വേർപാടും ഒക്കെ തന്നെയാണോ പാസ്റ്ററേ പ്രസംഗവിഷയം എന്ന് ജോജി ഉപദേശിയോട് ചോദിച്ചു. ജോജിയുമായി മുൻപ് ഈ വിഷയം ദീർഘനേരം സംസാരിച്ചത് ഉപദേശിയുടെ മനസ്സിലേക്ക് ഓടി വന്നു. “ഓ, അതല്ലാതെ ഞാൻ എന്ത് പ്രസംഗിക്കാനാ, ഇതൊക്കെ മാത്രമേ എനിക്ക് പ്രസംഗിക്കാൻ ഉള്ളു. ഇത് അന്ത്യകാലമാ മോനെ” എന്ന് ജോജിയോട് പറഞ്ഞു. “ഹാ, ഇത് മാത്രമേ പ്രസംഗിക്കാവൂ, ആളുകൾ നിരനിരയായി വന്നു കയറും, ആഭരണം ഇട്ടവരെ ഒന്നും കയറ്റരുത്, ഹാൾ നിറഞ്ഞു കവിയും, നോക്കിയിരുന്നോ” എന്ന് പരിഹാസരൂപേണ ജോജി പറഞ്ഞത് തന്റെ സഭയിലെ ആളുകുറവിനെ ഉദ്ദേശിച്ചാണ് എന്നുള്ളത് ഉപദേശിയെ തെല്ലൊന്നു വിഷണ്ണനാക്കി. ഉപേദശിയുടെ മനസ്സ് വികസിക്കണം എന്നും കമന്ററി ഒക്കെ വായിക്കണമെന്നും വേണമെങ്കിൽ മാത്യു ഹെൻറിയുടെ കമന്ററി ഒക്കെ തരാമെന്നും ഒക്കെ ജോജി പറഞ്ഞത് പ്രതിധ്വനിയായി ഉപദേശിയുടെ മനസ്സിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു. വചനം പറയുന്നതാണ് താൻ പ്രസംഗിക്കുന്നത് എന്നൊക്കെ ഉപദേശി പറഞ്ഞു നോക്കിയെങ്കിലും ജോജി വിട്ടുകൊടുക്കുന്ന ലക്ഷണമില്ല. “അതൊന്നും സാരമില്ലന്നെ, പുറമെ ഉള്ളത് ദൈവം നോക്കില്ല” എന്നുള്ള ജോജിയുടെ ഉത്തരം ഉപദേശിയെ അസ്വസ്ഥനാക്കി. മനസ്സിൽ ചിന്തിക്കുന്നതല്ലേ പുറത്തു കാണുന്നത്‌ എന്നൊക്കെ ഉപദേശി ചിന്തിച്ചെങ്കിലും പഠിപ്പുള്ള ജോജിയോട് താൻ കൂടുതൽ തർക്കത്തിന് പോയില്ല. ഇതിനെതിരെ ഉള്ള സഭാപിതാക്കന്മാരുടെ ലേഖനങ്ങളെ കുറിച്ച് ആരോ പറഞ്ഞത് ഉപദേശിയുടെ മനസ്സിലേക്ക് ഓടിവന്നുവെങ്കിലും ഒന്നും മിണ്ടിയില്ല.

2018 ജനുവരി മാസം

ജോജി കുടുംബമായി തന്റെ ഇന്നോവ കാറിൽ യാത്രചെയ്യവേ അവറാച്ചൻ ഉപദേശി നടന്നു പോകുന്നത് ശ്രദ്ധയിൽ പെട്ട് കാറിൽ കയറ്റി. ആത്‌മീയ വിഷയത്തിൽ താല്പര്യമുണ്ടായിരുന്ന ജോജിയും ഉപദേശിയും പല കാര്യങ്ങൾ സംസാരിച്ചതിന് ശേഷം ചർച്ച പരിശുദ്ധാത്മ അഭിഷേകത്തിൽ എത്തിനിന്നു. പരിശുദ്ധാത്മ അഭിഷേകം ഒന്നും ഇന്ന് വേണ്ട പാസ്റ്ററെ , അന്യഭാഷ ഒക്കെ പുറമെ ഉള്ളതല്ലേ , ദൈവം മനസ്സല്ലേ നോക്കുന്നത് എന്ന ജോജിയുടെ ചോദ്യം അവറാച്ചൻ ഉപദേശിയിൽ വല്ലാത്ത വിഷമം ഉളവാക്കി. മാത്രമല്ല , ഇപ്പോൾ പരിശുദ്ധാത്മ അഭിഷേകത്തെ കുറിച്ച് facebook-ലും whatsapp -ലും ഒക്കെ ചർച്ച നടക്കുവാണ് . അതിന്റെ ഒക്കെ ഒരു തീരുമാനമായിട്ടു പരിശുദ്ധാത്മ അഭിഷേകത്തെ കുറിച്ച് പറഞ്ഞാൽ മതി എന്നുള്ള ജോജിയുടെ ഉത്തരം ഉപദേശിയുടെ മനസ്സിനെ തെല്ലൊന്നുമല്ല അലട്ടിയതു . ഈ ചിന്തയിൽ മുഴുകിയിരുന്നതിനാൽ ഇറങ്ങേണ്ടുന്ന സ്ഥലം കഴിഞ്ഞു പോയത് ഉപദേശി അറിഞ്ഞില്ല. കാർ തിരിച്ചെടുത്തു ഉപദേശിയെ ഇറക്കാൻ വന്ന വഴിയേ തിരിച്ചു സഞ്ചരിക്കുമ്പോഴും ജോജിയും ആത്മിക ജീവിതത്തിൽ തിരിച്ചു സഞ്ചരിക്കുവാണോ എന്ന ചിന്ത അവറാച്ചൻ ഉപേദശിയെ ഭരിച്ചുകൊണ്ടിരുന്നു.അവറാച്ചൻ ഉപദേശി കാറിൽ നിന്ന് ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോഴും ജോജിയുടെ ചോദ്യങ്ങൾ ജോജിയുടെ സമപ്രായക്കാരുടെ ചോദ്യങ്ങൾ അല്ലെ എന്ന് ഉപദേശി ചിന്തികൊണ്ടേയിരുന്നു .

2028 മാർച്ച് മാസം

ഒരു ഐക്യ കൺവെൻഷൻ നടക്കുന്ന സമയം………ജോജി മോനുമായി കടന്നു വരുമ്പോൾ കൺവെൻഷൻ ഗ്രൗണ്ടിൽ അവറാച്ചൻ ഉപദേശി നിൽക്കുന്നു. പ്രായത്തിന്റെ നര ഉപദേശിയെ ബാധിച്ചിരുന്നു. പ്രായത്തിന്റെ പക്വത ജോജിയിലും പ്രകടമായിരുന്നു….അവർ തമ്മിൽ സംസാരിച്ചു നിൽക്കുമ്പോൾ ഈ സ്നാനം ഒക്കെ എന്തിനാ , കലക്കവെള്ളത്തിൽ മുങ്ങുന്നതുകൊണ്ട് എന്താ പ്രയോജനം , ദൈവം മനസ്സല്ലേ നോക്കുന്നത് , പുറമെ ഉള്ളതല്ലല്ലോ ” എന്ന് ചില ചെറുപ്പക്കാർ സംസാരിച്ചുകൊണ്ടു പോകുന്നത് അവർ ശ്രദ്ധിച്ചു. പാസ്റ്ററെ അവർ പറയുന്നത് ശരിയല്ലേ എന്നുള്ള ജോജിയുടെ മകന്റെ ചോദ്യം പെട്ടന്നായിരുന്നു . “അല്ല മോനെ , സ്നാനത്തിനു അതിന്റെതായ പ്രാധാന്യം ഉണ്ട് , നിന്റെ പപ്പയോടു ചോദിച്ചു നോക്കുക ” എന്ന് ദേഷ്യം അടക്കി പിടിച്ചു ഉപദേശി പറഞ്ഞതും “ഓ അതൊന്നും സാരമില്ലന്നേ , ദൈവം പുറമെ ഉള്ളതല്ല നോക്കുന്നത് ,മനസ്സാ നോക്കുന്നത് എന്ന് പപ്പാ വേറെ പല കാര്യങ്ങൾക്കും പറയാറുണ്ടല്ലോ ” എന്ന് ജോജിയുടെ മോൻ പറഞ്ഞതും ഒരുമിച്ചായിരുന്നു. ഇത്രയും പറഞ്ഞു നിൽക്കേ തോമസ് പാസ്റ്റർ വന്നു അവറാച്ചൻ ഉപദേശിയെ സ്റ്റേജിലേക്ക് കൊണ്ട് പോയി.

2035 മേയ് മാസം

പ്രായം നന്നേ അവറാച്ചൻ ഉപേദശിയെ അലട്ടിയിരുന്നു. താൻ പ്രിയം വെച്ച അക്കര നാട്ടിലേക്ക് പോകാൻ ഉള്ള സമയം ആയി എന്ന് ഉപദേശിക്കു നല്ല ബോധ്യം ഉണ്ടായിരുന്നു. ഒരു ദിവസം രാവിലെ ഉപദേശിയെ കാണാൻ ജോജി എത്തി. കാഴ്ച മങ്ങിയെങ്കിലും ഉപദേശി ജോജിയ തിരിച്ചറിഞ്ഞു. കുടുംബത്തെ കുറിച്ചുള്ള അന്വേഷണം എത്തിയത് ജോജിയുടെ മകനിൽ ആയിരുന്നു. “അപ്പച്ചാ , മോൻ പിന്മാറ്റത്തിലാണ്. പ്രാർത്ഥനയ്ക്ക് ഒന്നും പോകില്ല. അവനും അവന്റെ കൂട്ടുകാരായ പല പെന്തെകോസ്തു സുഹൃത്തുക്കളും ആരാധനയ്ക്കു പോലും പോകാറില്ല. യേശുവിൽ പോലും അവർ വിശ്വസിക്കുന്നില്ല. മനസ്സാണ് പ്രധാനം , പുറമെ ഉള്ളത് ഒന്നും അല്ല എന്നാണ് അവർ പറയുന്നത്. മനസ്സ് നന്നായാൽ മതി.ആരോടും പ്രാര്ഥിക്കേണ്ട കാര്യമില്ല എന്നാണ് അവരുടെ ചിന്ത. എനിക്ക് ഒരു സമാധാനവുമില്ല.” ജോജിയുടെ ഈ വാക്കുകൾ അവറാച്ചൻ ഉപദേശി ഞെട്ടലോടാണ് കേട്ടത് . “മോനെ കാലാകാലങ്ങളിൽ ഞാൻ നിന്നോട് ഈ കാര്യങ്ങൾ എല്ലാം സംസാരിച്ചിട്ടില്ലേ . അപ്പോഴൊക്കെ നീയെന്താണ് പറഞ്ഞിട്ടുള്ളത് .. അതൊന്നും സാരമില്ലന്നല്ലേ പറഞ്ഞിട്ടുള്ളത് .പുറമെ ഉള്ളത് അല്ല നോക്കുന്നത് , മനസ്സല്ലേ നോക്കുന്നത് എന്നല്ലേ പറയാറുണ്ടായിരുന്നതു “.അവറാച്ചൻ ഉപദേശി ഇത് പറയുമ്പോൾ ഉപദേശിയുടെയും ജോജിയുടെയും കണ്ണുകളിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഇറ്റിറ്റു വീണുകൊണ്ടിരുന്നു. പുറമെ ഉള്ളത് തീരുമാനിക്കപ്പെടുന്നത് മനസ്സിലാണെന്നും അതിനാൽ തന്നെ പുറമെ ഉള്ളത് പ്രാധാന്യം അർഹിക്കുന്നു എന്നുമുള്ള വസ്തുത ജോജിയോട് പറയാതിരുന്നത് ഒരു കുറ്റബോധമായി അവറാച്ചൻ ഉപദേശിയുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു .

അതെ , ഉപദേശങ്ങളെ നിസ്സാരവൽക്കരിക്കുന്നതിന്റെ പരിണിത ഫലം ……..അറിവ് ചീർപ്പിച്ചതിന്റെ അനന്തര ഫലം………….ജോജി ഇങ്ങനെ ചിന്തിക്കുമ്പോൾ അങ്ങ് അകലെ പെന്തെക്കോസ്തു വേദശാസ്ത്രജ്ഞന്മാരുടെ ഒരു ചർച്ച നടക്കുന്നുണ്ടായിരുന്നു . സഭയ്ക്ക് വിശുദ്ധി വേണോ വേർപാട് വേണോ എന്നതായിരുന്നു ചിന്താവിഷയം.

വാൽകഷ്ണം : ഉപദേശങ്ങൾ നിസ്സാരവൽക്കരിക്കരുത്. തെറ്റിനേ തെറ്റുകൾ കൊണ്ട് ന്യായീകരിക്കരുത്.

– ഡോ. അജു തോമസ്‌, സലാല – ഒമാൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.