കഥ: ഡുനാമിസ്‌!! | റോജി ഇലന്തൂർ

ഒരിക്കൽ ഒരു സഞ്ചാരസുവിശേഷകൻ പകലന്തിയോളം പരസ്യയോഗങ്ങൾ നടത്തി ഭവനത്തിലേക്കു തിരിച്ചു. കാടും മേടും താണ്ടി കുന്നും മലയും ചവിട്ടി അങ്ങ്‌ എത്തുമ്പോഴേക്കും അർദ്ധരാത്രിയോടടുക്കും. സുവിശേഷദീപ്തി എത്തിയിട്ടില്ലാത്ത ഇടങ്ങൾ തേടിപ്പിടിച്ച്‌ സുവിശേഷം എത്തിക്കുന്നത്‌ ഇന്നു തനിക്കൊരു ഹരമായി മാറിരിക്കുന്നു. വർഷങ്ങളായി ഒപ്പം കൂട്ടിയ ‘മെഗാഫോണും’ കരങ്ങളിലേന്തി തോൾസഞ്ചിയിൽ ശേഷിക്കുന്ന ലഘുലേഖകളും തിരുവചനങ്ങളുമായി ആ മലമടക്കുകൾ ഇറങ്ങിവന്നപ്പൊഴേക്കും നേരം മൂവന്തിയായി.

കൂടുതേടി പറക്കുന്ന പക്ഷിഗണങ്ങളും മലഞ്ചരിവിലൂടെ കളകളം പാടിവരുന്ന അരുവികളുടെ ശബ്ദവും ആ ഭൂപ്രദേശത്തിന്റെ മനോഹാരിതയെ വർദ്ധിപ്പിച്ചു. പ്രകൃതിസൗന്ദര്യവും ആസ്വദിച്ചു മലയിറങ്ങിയപ്പൊഴേക്കും നേരം നന്നേ വൈകിയിരുന്നു. പച്ചപ്പൈൻമരങ്ങളും പുൽമേടുകളും നിറഞ്ഞു നിൽക്കുന്ന ആ പ്രദേശത്തെങ്ങും മനുഷ്യവാസം ഉണ്ടെന്നു തോന്നുന്നില്ല. പള്ളക്കാടുകൾക്കിടയിൽ എവിടൊക്കെയോ ഒറ്റയടിപ്പാതകൾ കാണായ് ‌വന്നു. നേരം വൈകുംതോറും ചീവീടുകളുടെ ശബ്ദം കാതുകളിൽ തുളച്ചിറങ്ങി.

പ്രഭാതം പൊട്ടി വിടർന്നതും പ്രാർത്ഥിച്ച്‌, കട്ടനും കുടിച്ച്‌ മെഗാഫോണുമായി ഇറങ്ങിയതാണ് പാവം. ഉച്ചയൂണും അത്‌ കഴിഞ്ഞുള്ള ശുശ്രൂഷയും നടപ്പും ശരീരത്തിനു അൽപമല്ലാത്ത ക്ഷീണം തോന്നിപ്പിച്ചു. ഇരുട്ടിന്റെയും ഘനം കൂടി വന്നപ്പോൾ ഒരു കാര്യം തനിക്കു മനസ്സിലായി- ഇനി അധികദൂരം പോകാനാകില്ല. കൈയിലുള്ള മെഗാഫോണും തോൾസഞ്ചിയും ഇറക്കി വച്ചിട്ട്‌ അൽപം ആശ്വസിക്കാമെന്നു ചിന്തിച്ചു. അതിരാവിലെ മുതൽ നടപ്പാരംഭിച്ചതിനാൽ പാദങ്ങൾക്ക്‌ അൽപമല്ലാത്ത വേദന തോന്നിച്ചു. ഒരു മരക്കൊമ്പിലേക്കു ധരിച്ചിരുന്ന മേൽകുപ്പായം ഊരിത്തൂക്കി. എന്നിട്ട്‌ കരങ്ങൾ പാദങ്ങളിന്മേൽ വച്ച്‌, ‘അവന്റെ അടിപ്പിണരുകളാൽ സൗഖ്യം’ എന്നു പറഞ്ഞ്‌ പ്രാർത്ഥിച്ചതും വേദന എവിടെ പോയെന്നറിഞ്ഞില്ല.

ആ മരച്ചുവട്ടിൽ തന്നെ കിടക്കയൊരുക്കി, തോൾസഞ്ചി തലയണയാക്കി കിടന്നു. രാത്രിയിൽ യാത്ര അത്ര പന്തിയല്ലെന്നു തോന്നിയതിനാൽ രാത്രി അവിടെ തന്നെ കഴിച്ചുകൂട്ടാമെന്നു ചിന്തിച്ചു. സഞ്ചാരസുവിശേഷകൻ ആയതിനാൽ കാര്യമായ പ്രതിഫലമൊന്നും കിട്ടാത്തതുകൊണ്ടും കിട്ടിയ പൈസക്കു മെഗാഫോൺ വാങ്ങിയതിനാലും ‘രാത്രിയിൽ യാത്രയില്ല’ എന്നു വീട്ടിൽ അറിയിക്കാൻ ഒരു വഴിയുമില്ലെന്നോർത്തു. ലോകത്തിൽ താൻ ഭോഷനെങ്കിലും, ദൈവത്തിൽ ശ്രേഷ്ഠനാണെന്നു തനിക്ക്‌ ഉത്തമബോധ്യം ഉണ്ടായിരുന്നു. ചിലയിടത്തൊക്കെ പരസ്യയോഗസമയത്ത്‌ ചിലരെങ്കിലും ചോദിക്കുന്നതു കേട്ടിട്ടുണ്ട്‌, ‘തനിക്കൊക്കെ നല്ല ആരോഗ്യമുണ്ടല്ലൊ, വേറെ വല്ല പണിക്കും പൊയ്ക്കൂടേ?’ അവരറിയുന്നോ സർവശക്തൻ തന്നെ ‘ദരിദ്രരോടു സുവിശേഷം അറിയിക്കാനായി’ അഭിഷേകം ചെയ്തിരിക്കയാണെന്ന്. ആ നിയോഗവും വിളിയും തെരഞ്ഞെടുപ്പുമാണു തന്നെ ഈ വേലയിൽ ഉറപ്പിച്ചുനിർത്തിയതും. അല്ലെങ്കിലും സുവിശേഷകനായുള്ള തന്റെ വിളിക്കെന്നും വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുമുണ്ട്‌, വിശ്വാസികളിൽ നിന്നും ദൈവദാസന്മാരിൽ നിന്നുപോലും.

പൊടുന്നനവെ കാട്ടിനുള്ളിൽ എവിടെയൊ കാട്ടുമൃഗങ്ങളുടെ മുരൾച്ചകൾ കേൾക്കുന്നുണ്ട്‌. ചിന്തകൾ ചില്ലകൾ മാറി ചേക്കേറി. അപരിചിതമായ വിജനമായ പ്രദേശത്ത്‌ ദുഷ്ടമൃഗങ്ങളുടെയോ കവർച്ചക്കാരുടെയോ സാന്നിധ്യം ഉണ്ടാകാം. ഭയവിഹ്വലനായ തന്റെയുള്ളിൽ കൂടി പല ചിന്തകളും കടന്നുപോയി.

ഒരു നിലാവെളിച്ചം തന്റെമേൽ വന്നു വീണതു അറിഞ്ഞു. ആ അരണ്ടവെളിച്ചത്തിൽ തലയണയാക്കി വച്ച തോൾസഞ്ചിയിൽ നിന്നും തിരുവചനം എടുത്തു വായിക്കാനിടയായി. സങ്കീർത്തനം നാലിന്റെ ഒന്ന്, ‘ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും, നീയല്ലോ യഹോവേ എന്നെ നിർഭയം വസിക്കുമാരാക്കുന്നത്‌.’ പിന്നീട്‌ തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം പത്താം വാക്യം, ‘ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിനു അടുക്കയില്ല.’ ആ തിരുവചനം തന്നിലേക്ക്‌ ധൈര്യം പകരുന്നതു താൻ തിരിച്ചറിഞ്ഞു. താളുകൾ മറിച്ചു, നൂറ്റിയിരുപത്തിയൊന്നാം സങ്കീർത്തനം വായിക്കാനിടയായി. അവിടെ, ‘യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.’ എന്നു വായിച്ചപ്പോൾ ഉറങ്ങാതെ മയങ്ങാതെ പരിപാലിക്കുന്ന ആ ദൈവീക വിശ്വസ്തത ഉള്ളിലേക്കു കടന്നു വന്നപ്പോൾ താൻ ഇങ്ങനെ പ്രാർത്ഥിച്ചു, “കർത്താവേ, ഏതായാലും അങ്ങ്‌ ഉറങ്ങാതിരിക്കുകയാണല്ലൊ അതുകൊണ്ട്‌ നിന്റെ ദാസൻ ഉറങ്ങട്ടെ. നാം രണ്ടുപേരും കൂടെ ഉറങ്ങാതിരിക്കണ്ട ആവശ്യമില്ലല്ലോ.” ഇങ്ങനെ പറഞ്ഞുകൊണ്ട്‌ താൻ സമാധാനത്തോടെ ആ മരച്ചുവട്ടിൽ കിടന്നുറങ്ങി.

(സാരാംശം: നാം വായിക്കുന്ന തിരുവചനം നമ്മോടു സംസാരിക്കുവാനും, ആകുലതകൾ അകറ്റാനും, ഭയത്തെ പുറത്താക്കാനും, ശരീരങ്ങളെ സൗഖ്യമാക്കാനും ശക്തിയുള്ളതത്രെ.)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.