ഭാവന: “അയ്യോ! എന്റപ്പച്ചൻ പോയേ!!” | റോജി ഇലന്തൂർ

മാനസാന്തരപ്പെട്ടതിൽ പിന്നെ ചാക്കോച്ചാൻ ആളാകെ മാറി എന്നു മാത്രമല്ല, അങ്ങ്‌ ഗൾഫിൽ ആയിരുന്നപ്പോൾ ഒരിക്കലും തിരിഞ്ഞുനോക്കാതെ ഇരുന്ന സ്വന്തം അപ്പച്ചനെ‌ വീട്ടിൽ കൊണ്ടുവന്ന്‌ ശുശ്രൂഷിക്കാനും‌ തുടങ്ങി! ഇപ്പോൾ ‘ചാക്കോച്ചാന്റെ മാനസാന്തരം’ നാട്ടുകാരുടെ ഇടയിൽ ഒരു ചർച്ചാവിഷയമാണ്. അങ്ങനല്ലാരുന്നോ പഴയ ജീവിതം. “മാനസാന്തരപ്പെട്ടാ പിന്നെ ഓരൊരുത്തർക്കും‌ വരുന്ന മാറ്റമേ” നാട്ടുകാരും സഭക്കാരും ഒരുപോലെ‌ പറഞ്ഞു.

എന്തായാലും കൊളളാം.. അപ്പച്ചൻ വയ്യാതെ തീരെ കിടപ്പിലാണെന്ന് അറിഞ്ഞ്‌ കുഞ്ഞുകുട്ടി പരാധീനതകൾ എല്ലാം എല്ലാടത്തുനിന്നും ഓടിപ്പിടിച്ച്‌ എത്തിയിട്ടുണ്ട്‌. അറിയിക്കേണ്ടവരെ എല്ലാം അറിയിച്ചോളാൻ ഐ. സി. യു.വിൽ കിടന്നപ്പൊഴേ ചാക്കോച്ചാനോട്‌ ഡോക്ടർ പറഞ്ഞതുമല്ല, ‌ വിളിച്ചറിയിക്കാൻ ‘കോൺടാക്റ്റ്സ്‌’‌ തപ്പിയപ്പൊഴേക്കും ചിന്നമ്മക്ക്‌ പെൺബുദ്ധി ഉദിച്ചു! അതെ, ഐ സി യു വിന്റെ മുൻപിൽ ഇരുന്നുകൊണ്ട്‌ തന്നെ ചിന്നമ്മ വാട്ട്‌സാപ്പ്‌ ഫാമിലി ഗ്രൂപ്പിൽ കരഞ്ഞ്‌ വിളിച്ചൊരു വോയിസ്‌ നോട്ട്‌ അങ്ങിട്ടു! പിന്നല്ല! ഹൊ, അതങ്ങേറ്റു. അത്‌ കേട്ടതും, മക്കളും കൊച്ചുമക്കളും പിന്നൊന്നും നോക്കിയില്ല, കണ്ണുമടച്ച്‌ ഇല്ലാത്ത ടിക്കറ്റും ലീവും ഒക്കെ ഒപ്പിച്ച്‌ അപ്പച്ചനെ‌ കാണാനായി ഏഴാംകടലും കടന്ന് പറന്നിങ്ങെത്തി.

എന്തായാലും കൊള്ളാം.. ചാക്കോച്ചൻ ഇപ്പോൾ പ്രാർത്ഥനാവരമുള്ള ഏതു പാസ്റ്റർമാരെ കണ്ടാലും വിളിച്ചു പ്രാർത്ഥിപ്പിക്കും. പ്രാർത്ഥന ചാക്കൊച്ചാന്റെ ഒരു ‘വീക്ക്‌നെസ്സ്‌‌’ ആണ്. ‘കൈമടക്ക്‌’ നൂറേ ചാക്കോച്ചാൻ കൊടുക്കത്തുള്ളെങ്കിൽ പോലും,
“എടീ, അവരുടെ പ്രാർത്ഥനക്കൊരു ‘ഇതൊക്കെ‌’ ഉണ്ടെന്നാ” ചാക്കോച്ചൻ‌ പറച്ചിൽ‌‌!
ഹാ.. അങ്ങനെങ്കിലും ദൈവദാസന്മാരെ വിളിച്ചു പ്രാർത്ഥിപ്പിക്കുമല്ലൊ എന്നാണ് ചിന്നമ്മയുടെ ഒരു ‘റിലാക്സേഷൻ’. എന്നാൽ ചിന്നമ്മ‌ അങ്ങനല്ല, പ്രാർത്ഥന മാത്രം പോര, പിന്നെയോ വരുന്ന പാസ്റ്റർമാർ പ്രാർത്ഥിച്ചൊരു ദൂതൊക്കെ പറയണം അതും തലയിൽ കൈവച്ച്‌ പിടിച്ച്‌ കുലുക്കിയൊക്കെ പറഞ്ഞില്ലെങ്കിൽ പാസ്‌റ്ററങ്ങോട്ട്‌ പോയി കഴിയുമ്പൊൾ
“അച്ചായാ, ഇന്ന് നമ്മുടെ വീട്ടിൽ വന്ന ആ പാസ്റ്റർക്ക്‌ പഴയ പോലുള്ള ആ കൃപയൊന്നും ഇല്ലല്ലിയോ..?”
എന്ന് ചാക്കോച്ചാനോടു മാത്രമായി പറയും. ചാക്കോച്ചാനു ചിന്നമ്മയെയും ചിന്നമ്മക്ക്‌ ചാക്കോച്ചനെയും നല്ലതുപോലറിയാം. എന്നാൽ ചിന്നമ്മയുടെയും ചാക്കോച്ചന്റെയും ‘വീക്ക്‌നെസ്സ്‌’ നല്ലപോലെ അറിയാവുന്ന ചില പാസ്റ്റർമാരും ഇല്ലാതില്ല.! അതെ, ആ കൂട്ടത്തിലുള്ള ഒരു പാസ്റ്റർ ആണ് നമ്മുടെ ബോസ്‌ പാസ്റ്റർ! ചിന്നമ്മക്ക്‌ പ്രാർത്ഥിച്ച്‌ ഒരു ദൂതൊക്കെ കൊടുത്തേ ബോസ്‌ പാസ്റ്റർ പോകു. ആ.. അതങ്ങനാണ്. അല്ലെങ്കിൽ ചിന്നമ്മാമ്മ പ്രസാദിച്ചില്ലെങ്കിലോ..? അച്ചായൻ നാട്ടിൽ വരും മുൻപ് ചിന്നമ്മ ബോസ്‌ പാസ്റ്ററെ അത്ര കണ്ട്‌ സഹായിച്ചിട്ടുണ്ട്‌. ഇപ്പോൾ അച്ചായൻ വന്നതിൽ പിന്നെ ബോസ്‌ പാസ്റ്ററും പുതിയ സഭയും കുടുംബവും കാര്യങ്ങളും ഒക്കെയായി നല്ല തിരക്കിലാണ്.

ദേ അങ്ങോട്ട്‌ നോക്ക്‌, ബന്ധുക്കളും മിത്രങ്ങളും ചാർച്ചക്കാരും എല്ലാവരും അപ്പച്ചനെ കാണാൻ ഇപ്പോൾ എത്തിയിട്ടുണ്ട്‌. അല്ല, അപ്പച്ചൻ ചെയ്ത ഉപകാരങ്ങൾ ഓർത്താൽ എങ്ങനെ ഇവരെല്ലാം വരാതിരിക്കും? അത്ര നല്ല മനുഷ്യനല്ലാരുന്നൊ അപ്പച്ചന്റെ ആയ കാലത്ത്‌? എന്നാൽ ഞാനൊരു കാര്യം പറയാം, ഈ വന്നവരെല്ലാം അപച്ചനെ കാണാൻ എന്നും പറഞ്ഞുവന്നിട്ട്‌‌ കാണുന്നതെല്ലാം വിദേശത്ത്‌ നിന്നും വന്ന അപ്പച്ചന്റെ മക്കളെയും കൊച്ചുമക്കളെയുമാണ്! അതെന്താണെന്ന് എനിക്ക്‌ ഇപ്പോഴും അങ്ങോട്ട്‌ മനസ്സിലാകുന്നില്ല. അങ്ങനെ ഇരിക്കെയാണ് നമ്മുടെ പ്രിയ ബോസ്‌‌ പാസ്റ്റർ ആ വഴി വന്നത്‌. ആൾ വളരെ ശുദ്ധനും നാട്ടുകർക്ക്‌ മഹാഉപകാരിയുമാണ്. എന്നാൽ ആളിനൊരൽപം ‘വിക്കൊക്കെ’ ഉണ്ടെങ്കിലും പ്രാർത്ഥിക്കുമ്പോഴും പ്രസംഗിക്കുമ്പോഴും കക്ഷിക്ക്‌ വിക്കില്ല. അതാണ് ബോസ്‌ പാസ്റ്ററിന്റെ പ്രത്യേകത! ദൈവത്തിന്റെ ഓരോ കൃപയേ, അല്ലെങ്കിൽ കേഴ്‌വിക്കാരെന്തോ ചെയ്തേനെം..? ബോസ്‌ പാസ്റ്റർക്ക്‌ ചാക്കോച്ചന്റെയും ചിന്നമ്മയുടെയും ‘വീക്ക്‌നെസ്സ്‌’ നന്നായി അറിയാവുന്നത്‌ കൊണ്ട്‌ രണ്ടാളേയും സന്തോഷിപ്പിച്ചിട്ടേ ബോസ്‌ പാസ്റ്റർ സ്റ്റാൻഡ്‌ വിടൂ.! അല്ല, ബോസ്‌ പാസ്റ്റർ ഇതുപോലെ എത്രപേരെ കണ്ടിരിക്കുന്നു..?

എന്തായാലും കൊള്ളാം.. ബോസ്‌ പാസ്റ്റർ വന്ന സമയം ‘ബെസ്റ്റ്‌ ടൈമാണ്’. കാര്യം, മക്കളും കൊച്ചുമക്കളും പിന്നെ ബന്ധുജനങ്ങളും എല്ലാംകൂടെ ഒരു ‘ഗെറ്റ്‌ റ്റുഗദറിനുള്ള’ ആൾ ഇപ്പ്പോൾ ആ വീട്ടിനകത്തുണ്ട്‌‌. ഇതു കണ്ട ബോസ്‌ പാസ്റ്ററുടെ മനസ്സിൽ ഒരു ‘ലഡ്ഡു അങ്ങ്‌ പൊട്ടി’! തന്റെ കണ്ണുകൾ വികസിച്ചു. ചാക്കോച്ചാൻ പറഞ്ഞു,
“എന്നാൽ പിന്നെ ബോസ്‌ പാസ്റ്റർ പ്രാർത്ഥിച്ചാട്ടെ, ഇനിയും പലടത്തും പോകാനുള്ളതല്ലിയോ?”
അതു കേട്ടതുമല്ല, ബോസ് പാസ്റ്റർ പറഞ്ഞു,
“കണ്ണുകളെ അടയ്‌ക്കാം, നമുക്ക്‌ പ്രാർത്ഥിക്കാം..”
പിന്നെ ഒരറ്റം മുതൽ മറ്റെയറ്റം വരെയുള്ള മക്കളെയും കൊച്ചുമക്കളെയും ഓർത്ത്‌ പ്രാർത്ഥിക്കാൻ പ്രത്യേകം ഓർത്തു. അങ്ങനെ അമേരിക്കയിലുള്ള റോസമ്മ മുതൽ.. ഉഗാണ്ടയിലുള്ള ജയിംസിനെയും.. പിന്നെ അങ്ങ്‌ ഉക്രൈനിൽ ഉള്ള സണ്ണിക്കുട്ടിയെയും.. ഒക്കെ പ്രാർത്ഥിച്ച്‌ ഇങ്ങ്‌ വടക്കെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന മോനച്ചനെയും ഒക്കെ ഓർത്തെടുത്ത്‌‌ പ്രാർത്ഥിച്ച്.. പിന്നെ‌ നമ്മുടെ ചിന്നമ്മക്കും ചാക്കോച്ചനും വേണ്ടി പ്രാർത്ഥിച്ച്‌ ദൂതും പറഞ്ഞ്‌ അവസാനം പ്രാർത്ഥന ഇങ്ങ്‌ മുറിയിൽ കിടക്കുന്ന അപ്പച്ചനുവേണ്ടി ‘കിടന്ന് കഷ്ടപ്പെടാതെ, ഒരു ദൈവഹിതം നിറവേറ്റണം’ എന്നു മാത്രം‌ ചുരുക്കി പ്രാർത്ഥിച്ചു ‘സേഫായി’ ആമേൻ പറഞ്ഞു നിർത്തിയതുമല്ല ചിന്നമ്മ ഒറ്റ നിലവിളി ആരുന്നു,
“അയ്യോ, എന്റപ്പച്ചൻ പോയേ..!”
ബോസ്‌ പാസ്റ്ററും ആ നിലവിളി കേട്ട്‌ കിടുങ്ങിപോയി. കാരണം, ഇമ്മാതിരി നിലവിളി കേട്ടാൽ ആരായാലും ഞെട്ടി തരിച്ചു പോകത്തില്ലിയോ? ബോസ്‌ പാസ്റ്റർ അടുത്തുനിന്ന ചാക്കോച്ചാന്റെ ചെവിയിൽ ചോദിച്ചു,
“അച്ചായാ എപ്പൊഴാരുന്നു?”
ചാക്കോച്ചാൻ ആരും കേൾക്കാതെ പറഞ്ഞു,
“പ്രാർത്ഥന ഏകദേശം‌ ഉക്രൈനീന്ന് വടക്കെ ഇന്ത്യയിൽ എത്തിയപ്പൊഴേക്ക്‌ നമ്മുടപ്പച്ചൻ പോയി എന്റെ പാസ്‌റ്ററേ..”
ഇത്ര വേഗത്തിൽ ഒരു ‘പൂർണ്ണവിടുതൽ’ ബോസ്‌ പാസ്‌റ്ററോ, വിളിച്ചു പ്രാർത്ഥിപ്പിച്ച നമ്മുടെ ചാക്കോച്ചായനോ, ദൂത്‌ കേട്ട ചിന്നമ്മയോ പോയിട്ട്‌ ലീവ്‌ ഇല്ലാത്ത മക്കളോ കൊച്ചുമക്കളോ പോലും പ്രതീക്ഷിച്ചിട്ടുണ്ടാകത്തില്ല! എന്തായാലും കൊള്ളാം.. അപ്പച്ചൻ അങ്ങ്‌ നിത്യതയിൽ ‘അധികം കഷ്ടപ്പെടാതെ’ തന്നെ പോയി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.