ഇന്ത്യന്‍ ജനതയ്ക്ക് എല്ലാ ഉത്സവവും ആഘോഷിക്കാം; സംഘപരിവാര്‍ സംഘടനയുടെ നിര്‍ദേശത്തിനെതിരെ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി

ലക്‌നൗ: ക്രിസ്മസ് ആഘോഷങ്ങളില്‍ ഹൈന്ദവ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ സംഘപരിവാര്‍ സംഘടനയ്‌ക്കെതിരെ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ രംഗത്ത്. ഇന്ത്യന്‍ ജനതയ്ക്ക് ഏത് ഉത്സവവും അഘോഷിക്കാന്‍ അവകാശമുണ്ടെന്നാണ് ദിനേശ് ശര്‍മ്മ പറഞ്ഞത്.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മതേതരത്വത്തിലാണ് വിശ്വസിക്കുന്നത്. ഹൈന്ദവ വിദ്യാര്‍ത്ഥികളെ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കരുതെന്ന് സംഘപരിവാര്‍ സംഘടന നല്‍കിയ നിര്‍ദേശം തന്റെ അറിവോടെ അല്ലെന്നും ദിനേശ് ശര്‍മ്മ പറഞ്ഞു. പ്രധാനമന്ത്രി എല്ലാവരുടെയും ഉന്നമനത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. അതേ പാത തന്നെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിസ്മസ് ആഘോഷിക്കുന്നതില്‍ യാതൊരു വിധത്തിലുള്ള തടസ്സവും ഉണ്ടാക്കില്ലെന്നും ദിനേശ് ശര്‍മ്മ പറഞ്ഞു. ഹൈന്ദവ കുട്ടികളെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുപ്പിക്കരുതെന്ന നിര്‍ദേശം നല്‍കികൊണ്ടുള്ള നോട്ടീസ് കണ്ടെടുത്തതായി അലിഗണ്ഡിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് രാജേഷ് കുമാര്‍ പാണ്ടെ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും എന്നാല്‍  സ്‌കൂളുകളില്‍ നിന്നും പ്രസ്തുത നോട്ടീസ് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.