ലേഖനം: 2017 – സോഷ്യൽ മീഡിയയിലേക്ക് ഒരു എത്തിനോട്ടം | ഡോ. അജു സാമുവേൽ തോമസ്

2017 -ന്റെ അവസാന നാളുകളിലേക്കാണെല്ലോ നമ്മൾ കടന്നു വന്നു കൊണ്ടിരിക്കുന്നത്. സംഭവ ബഹുലമായ ഒരു വർഷം ആയിരുന്നു 2017 എന്നതിൽ ഒരു തർക്കവും ഇല്ല. പ്രകൃതി ദുരന്തങ്ങൾ, അപകട മരണങ്ങൾ, യുദ്ധങ്ങൾ, ക്ഷാമങ്ങൾ ഒക്കെ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നടക്കുന്നതിനു നമ്മൾ സാക്ഷികൾ ആയി. ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കുന്ന അവസ്ഥയ്ക്കും നാം സാക്ഷികൾ ആയി തീർന്നു. വിശ്വാസ ഗോളത്തിലും നല്ലതല്ലാത്ത പ്രവണതകൾ ഈ വർഷം നമ്മൾ കാണുക ഉണ്ടായി. അനുദിനം ആത്മീയ അന്തരീക്ഷം വഷളാകുന്ന പരിതാപരകമായ അവസ്ഥ ആണ് ഇന്ന് നാം കണ്ടു കൊണ്ടിരിക്കുന്നത്. Virtual World -ലും അതിന്റെ പ്രതിധ്വനികൾ അലയടിച്ചു കൊണ്ടിരിക്കുന്നു.

Virtual World -നു അനന്തമായ സാദ്ധ്യതകൾ ആണ് ഉള്ളത് എന്ന് ഈ നൂറ്റാണ്ടിൽ ജീവിക്കുന്ന നമുക്ക് അറിവുള്ളതാണല്ലോ.ലോകത്തിന്റെ മുന്നേറ്റം തന്നെ ആശ്രയിച്ചു നിൽക്കുന്നത് Virtual World -ന്റെ സാധ്യതകളിൽ ആണ് എന്ന് പറയുന്നതിൽ തെറ്റില്ല. ആ സാദ്ധ്യതകൾ വേണ്ടുവോളം ഗുണപ്പെടുത്തുന്നതിൽ അങ്ങേ അറ്റം ശ്രദ്ധ മനുഷ്യൻ ചെലുത്തുന്നുമുണ്ട്. എന്നാൽ നിർഭാഗ്യവശാൽ ചിലരെങ്കിലും ഇതിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നത് സങ്കുചിതമായ, വ്യക്തി താൽപര്യങ്ങളിൽ അധിഷ്ഠിതമായ, മറ്റുള്ളവർക്ക് ദോഷകരമാകത്തക്കവണ്ണമുള്ള കാര്യങ്ങൾക്കു വേണ്ടി ആണ് എന്നുള്ളത് ചിന്തനീയം ആണ്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ , Constructive Development -നു ഉപയോഗിക്കേണ്ടത് Destructive ആയി പോകുന്ന ദാരുണമായ അവസ്ഥ ഈ കാലയളവിൽ സംജാതമായിട്ടുണ്ട്. വിശ്വാസികൾ ആകുന്ന നാം പോലും ആ നിലയിൽ Virtual World -ന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുമ്പോൾ നാം നമ്മിലേക്ക്‌ തന്നെ നോക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് അർത്ഥമാക്കാം.

Social Media എന്ന മാർഗത്തിലൂടെ ഇന്ന് വിശ്വാസികൾ എന്തൊക്കെ ആണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് നമ്മൾ ആരും പറയാതെ തന്നെ ഏവർക്കും അറിവ് ഉള്ളതാണ്. വ്യക്തിഹത്യകൾ, പരിഹാസങ്ങൾ തുടങ്ങിയുള്ള വിഷയത്തിലേക്ക് നാമാകുന്ന വിശ്വാസ സമൂഹത്തിൽ ചിലരുടെയെങ്കിലും ശ്രദ്ധ മാറി കഴിഞ്ഞു എന്നുള്ളത് മനസ്സിലാക്കാതെ പോവരുത്. ഒരു പക്ഷെ ഒന്നോ രണ്ടോ വട്ടം സാഹചര്യ സമ്മർദത്താൽ നമ്മളിൽ പലരും ആ നിലകളിൽ പ്രവർത്തിച്ചു പോയിട്ടുണ്ടാവും. എന്നാൽ അങ്ങനെ ഉള്ള വിഷയങ്ങളിൽ തുടർമാനം നമ്മുടെ ശ്രദ്ധ പതിഞ്ഞു പോയാൽ, ആ നിലയിൽ പ്രവർത്തിച്ചു പോരുകയാണെങ്കിൽ നാം മടങ്ങി വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

എന്തിനു വേണ്ടിയാണു ആ നിലകളിൽ നാം ഏർപ്പെടുന്നത് എന്ന് ആരെങ്കിലും ചോദിച്ചാൽ പല ഉത്തരങ്ങൾ ആയിരിക്കും പറയുവാൻ ഉള്ളത്. വളരെ ആത്മാർത്ഥമായി തങ്ങൾ വിശ്വസിക്കുന്ന ആശയങ്ങളെ സ്ഥാപിക്കാൻ ഉള്ള ശ്രമത്തിൽ സംഭവിച്ചു പോകുന്നതാണ് എന്നൊക്കെ പറയുവാൻ സാധിച്ചേക്കാം. എന്നാൽ അത് നമ്മെ കൊണ്ട് ചെന്ന് എത്തിക്കുന്നത് നാം ആഗ്രഹിക്കാത്ത പടുകുഴിയിൽ ആണ്. ഏതു പടുകുഴിയിൽ നിന്നാണോ ദൈവം നമ്മെ വലിച്ചു കയറ്റിയത് അതെ പടുകുഴിയിൽ തന്നെ നാം അറിയാതെ വീണു പോകുന്ന അതിദാരുണമായ അവസ്ഥ. ഈ അവസ്ഥ സങ്കീർണതകൾ നിറഞ്ഞതാണ്. ഈ അവസ്ഥയിൽ ആയിക്കഴിഞ്ഞാൽ പോലും അങ്ങനെ ആയി എന്ന് മനസ്സിലാക്കാൻ കഴിയാത്ത സ്ഥിതിവിശേഷം സംജാതമായേക്കാം. ആത്യന്തികമായി പിശാച് സന്തോഷിക്കുന്ന നിലയിലേക്ക് ഈ അവസ്ഥ മാറ്റപ്പെടും.

പ്രിയ ദൈവമക്കളെ , 2017 അവസാനിക്കുമ്പോൾ നാം ചിന്തിക്കേണ്ടുന്ന പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നായി ഈ അവസ്ഥയെ കണക്കാക്കാൻ കഴിയുക ആണെങ്കിൽ വളരെ നല്ലതാണ്. ഈ വർഷത്തിന്റെ ആരംഭ നാളുകൾ മുതൽ ഈ നിമിഷം വരെ നാം ചെയ്തിട്ടുള്ള, പറഞ്ഞിട്ടുള്ള പ്രവർത്തികളെ, വാക്കുകളെ നിക്ഷപക്ഷമായി ഒന്ന് വിലയിരുത്താൻ തയ്യാറായി കഴിഞ്ഞാൽ അത് ഒരു മാറ്റത്തിന്റെ ആരംഭം ആയിരിക്കും. മാന്യമായ ഭാഷ ശൈലിയാൽ നമുക്ക് ഏതൊരു ആശയവും പറയാം എന്നിരിക്കെ, മറ്റുള്ളവരെ മുറിപ്പെടുത്തുന്ന, പരിഹസിക്കുന്ന രീതിയിൽ ഉള്ള വാക്കുകൾ പറയുമ്പോൾ നമ്മിലെ കൃപ നഷ്ടപ്പെട്ടു പോകുന്നു എന്ന സത്യം മറക്കരുത്. മാത്രമല്ല, അത് പാപമായി കണക്കിടുക തന്നെ ചെയ്യും .

എന്നാൽ വളരെ Constructive ആയി Social Media -യെ നമുക്ക് ഉപയോഗിക്കാൻ കഴിയും എന്നുള്ളതും നാം ഏവർക്കും അറിവ് ഉള്ളതാണ്. സുവിശേഷ സത്യങ്ങൾ വിളിച്ചു പറയാൻ തെരഞ്ഞെടുക്കപ്പെട്ട വിശ്വാസി സമൂഹത്തിനു ഇന്നത്തെ കാലഘട്ടം നൽകിയ ഒരു പ്രധാന ഉപാധി ആണ് Social Media. Facebook, WhatsApp മുതലായ ഉപാധികൾ ഉപയോഗിച്ച് കർത്താവിന്റെ നല്ല വചനങ്ങൾ നമുക്ക് മറ്റുള്ളവരിലേക്ക് എത്തിക്കാവുന്നതാണ്. എന്നാൽ അങ്ങനെ ഉള്ള എഴുത്തുകൾ ഇന്ന് വളരെ കുറഞ്ഞു വന്നിരിക്കുന്നു. പകരം വിഷം ചീറ്റുന്ന, വ്യക്തിഹത്യകൾ നിറഞ്ഞ, പരിഹാസങ്ങൾ നിറഞ്ഞ, ഒരു വിശ്വാസിയിൽ നിന്ന് ഒരിക്കലും ദൈവം പ്രതീക്ഷിക്കാത്ത, ലോകം പ്രതീക്ഷിക്കാത്ത വാക്കുകൾ ആണ് ഇന്ന് Social Media-യിൽ കൂടി വന്നു കൊണ്ടിരിക്കുന്നത് .

ഒരു പക്ഷെ നമ്മുടെ ഒരു ചെറിയ വാക്കായിരിക്കാം മറ്റുള്ളവരെ സ്പർശിക്കുന്നത്. ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്ന ഒരു വ്യക്തിയെ അതിൽ നിന്ന് മാറ്റി ക്രിസ്തുവിൽ ഉള്ള സന്തോഷത്തിന്റെ പങ്കുകാരൻ ആക്കി തീർക്കുന്നത് ആ ഒരു വാക്കായിരിക്കാം. എന്നാൽ നമ്മിൽ നിന്ന് തന്നെ വരുന്ന വിഷം ചീറ്റുന്ന ഒരു വാക്കു ഒരാളെ തകർക്കാനും പര്യാപ്തമാണ് എന്ന് എപ്പോഴും ഓർത്തിരിക്കണം. അങ്ങനെ സംഭവിച്ചാൽ ദൈവം നമ്മോടു കണക്കു ചോദിക്കുക തന്നെ ചെയ്യും. ആശയങ്ങളെ സംരക്ഷിക്കാൻ ഇറങ്ങുമ്പോൾ ഇത് ഓർത്തിരിക്കുന്നതു ഏറ്റവും ആവശ്യമാണ്.

പെരുമാറ്റ ചട്ടത്തിന്റെ പ്രസക്തിയെ കുറിച്ച് നാം എല്ലാവരും ബോധവാന്മാരാണ്. ഏതൊരു മേഖലയിലും അതിന്റേതായ പെരുമാറ്റ ചട്ടം ഉണ്ട്. ജോലി സ്ഥലങ്ങളിൽ പെരുമാറ്റം ചട്ടം ഉണ്ട്. അങ്ങനെ എങ്കിൽ വിശ്വാസി സമൂഹത്തിനും പെരുമാറ്റ ചട്ടം ഉണ്ട്. ദൈവവചനം എന്ന പെരുമാറ്റ ചട്ടം ആണ് നമുക്ക് ഉള്ളത്. ദൈവവചനത്തിന്റെ നാല് അതിരുകൾക്കുള്ളിൽ നിന്നുള്ള പ്രവർത്തനവും വാക്കുകളും ആണ് നമ്മുക്ക് ഏറെ ആവശ്യമായിട്ടുള്ളത്. ദൈവവചനം എന്ന അച്ചിൽ രൂപപ്പെട്ടു വരുന്നതായിരിക്കണം നമ്മുടെ ഓരോ വാക്കും ഓരോ പ്രവർത്തിയും. ഇതിൽ നിന്നുള്ള വ്യതിചലനം ദൈവത്തെ ആഴത്തിൽ ദുഖിപ്പിക്കും. നമ്മിൽ നിന്ന് ദൈവം പ്രതീക്ഷിക്കുന്നത് ഈ ലോകത്തിനു അനുരൂപരാകാതെ ദൈവേഷ്ടം പൂർണമായി മനസ്സിലാക്കിയുള്ള, ഉപ്പിനാൽ രുചി വരുത്തിയ വാക്കുകളും പ്രവർത്തികളുമാണ്. ഇത് തന്നെയാണ് ലോകവും നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നത്. നാം ക്രിസ്ത്യാനികൾ ആകുമ്പോൾ ആ നിലയിൽ നമ്മൾ പെരുമാറും എന്നുള്ളതാണ് ലോകത്തിന്റെ പ്രതീക്ഷയും.എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി നമുക്ക് ബോധിച്ചതു പോലെ പെരുമാറിയാൽ ലോകത്തിന്റെ മുന്നിൽ നാം ദുഷിക്കപ്പെടും എന്ന് മാത്രമല്ല, ദൈവനാമത്തിനു കൂടി നാം കളങ്കം ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

ഇത് തിരിച്ചറിയാൻ ഉള്ള കാലം അതിക്രമിച്ചിരിക്കുന്നു. ഒന്ന് മടങ്ങി വരുവാൻ പ്രിയ ദൈവമക്കളെ തയ്യാറുണ്ടോ? നാം മടങ്ങി വരുവാൻ തയ്യാറായാൽ മുടിയനായ പുത്രനെ സ്വീകരിച്ച അപ്പനെ പോലെ ഉള്ള ഒരു സ്വർഗീയ പിതാവ് നമുക്ക് ഉണ്ട്.നമ്മുടെ പഴയ സ്ഥിതിയിലേക്ക് നമ്മെ ആ പിതാവ് മടക്കി വരുത്തും.

അതിനാൽ, നമ്മളിൽ ഒരു മാറ്റം ആവശ്യമില്ലേ? ഒരു സ്വയശുദ്ധീകരണം ആവശ്യമില്ലേ? ഞാൻ എന്നിലേക്ക്‌ തന്നെ നോക്കേണ്ട സമയം ആയിരിക്കുന്നു. അങ്ങനെ നമ്മൾ ഓരോരുത്തരും നമ്മളിലേക്ക് തന്നെ നോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 2017-ന്റെ അവസാന സമയങ്ങളിലേക്കു നാം എത്തികൊണ്ടിരിക്കുമ്പോൾ ഒരു പുതിയ തീരുമാനത്തിലേക്ക് നാം എത്തുമെങ്കിൽ അത് നമുക്ക് ഓരോരുത്തർക്കും പ്രയോജനം ചെയ്യും. വിശ്വാസ സമൂഹത്തിനു ആകമാനം പ്രയോജനം ചെയ്യും. ആ നിലയിൽ ഒരു പുതിയ തീരുമാനം എടുത്തു ആ നിലയിൽ പ്രവർത്തിക്കുവാൻ നമുക്ക് ശ്രമിക്കാം. അതിനാൽ ഈ ലേഖനം വായിക്കുമ്പോൾ ഒരു നിമിഷം നമ്മെ തന്നെ ശോധന ചെയ്യാൻ വേർതിരിക്കാം. കഴിഞ്ഞ ദിനങ്ങളിൽ നമ്മുടെ വാക്കും പ്രവർത്തിയും എങ്ങനെ ആയിരുന്നു? നമ്മുടെ വാക്കും പ്രവർത്തിയും ദൈവവചനനുസരണം ആയിരുന്നോ? അല്ലായെങ്കിൽ മനസ്സ് പുതുക്കി നമുക്ക് ഒന്ന് രൂപാന്തരപ്പെടാം. അതിനു ദൈവം നമ്മെ സഹായിക്കുമാറാകട്ടെ.

– ഡോ. അജു സാമുവേൽ തോമസ്, സലാല

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.