ചെറുകഥ | “ആശ്വാസം”

Remya David Bhardwaj – Delhi

🌴🌴ആശ്വാസം🌴🌴

post watermark60x60

കോരിച്ചൊരിയുന്ന മഴയിൽ പഴയ കാലൻ കുടയും നിവർത്തി പോകുമ്പോൾ എത്രയും വേഗം പള്ളിയിൽ എത്തണമെന്ന് മാത്രമേ സാറാമ്മച്ചിയുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളു. ഇടയ്ക്കിടെ മുഴങ്ങുന്ന ഇടിയുടെ ശബ്‌ദം അവരെ ചെറുതായൊന്നു ഭീതിപ്പെടുത്തിയെങ്കിലും അതു കാര്യമാക്കാതെ അവർ ശരവേഗത്തിൽ പള്ളിയിലേക്ക് പാഞ്ഞു.
വളർത്തി വലുതാക്കിയ മക്കളെല്ലാം ജീവിത പ്രാരാബ്ദങ്ങളുമായി വിവിധയിടങ്ങളിലാണ്. ആകെയുണ്ടായിരുന്ന തുണ ഭർത്താവായ അവറാച്ചൻ ആയിരുന്നു. എന്നാൽ അദ്ദേഹവും മാസങ്ങൾക്കു മുൻപ് ഈലോകം വിട്ടു. തന്റെ ദുഖങ്ങളെല്ലാം ദൈവത്തോട് പറയുവാനും അല്പം അശ്വാസം നേടാനുമാണ് സാറാമ്മച്ചിയുടെ പള്ളിയിലേക്കുള്ള ഈ പാച്ചിൽ.
ഗേറ്റ് കടന്നപ്പോഴേ ‘എന്തതിശയമേ ദൈവത്തിൻ സ്നേഹം’ എന്ന പാട്ടു സാറാമ്മച്ചിയുടെ കാതുകളിലെത്തി. നനഞ്ഞ കുട മടക്കി കവറിലാക്കി കയ്യിൽ വെച്ചുകൊണ്ട് പള്ളിക്കകത്തു കടന്നു സ്ത്രീകൾക്കിടയിൽ സ്ഥാനം പിടിച്ചു. അറിയാവുന്ന പാട്ടായതുകൊണ്ടു അതേറ്റു പാടി.

പാട്ടു തീർന്നപ്പോൾ സാറാമ്മച്ചി തന്റെ വശങ്ങളിൽ ഇരുന്നവരെ നോക്കി ഒന്ന് ചിരിച്ചു. ഇടതുവശത്തിരുന്ന സ്ത്രീ തന്റെ പട്ടുസാരി ഉടയാത്ത രീതിയിൽ അല്പം മുൻപോട്ടു കയറിയിരുന്നു. അതു കണ്ടിട്ടെന്നവണ്ണം വലതുവശത്തിരുന്നയാളും മുന്നോട്ടാഞ്ഞു. സാറാമ്മച്ചി വിഷമത്തോടെ പ്രസംഗത്തിലേക്കു തന്റെ ശ്രദ്ധ തിരിച്ചു. എന്നാൽ അവിടെയും നിരാശയായിരുന്നു ഫലം കാരണം വിദേശത്തുനിന്നും അന്നമ്മയും കുടുംബവും വന്നതുകൊണ്ട് പ്രസംഗത്തിൽ കൂടുതലും ഇംഗ്ലീഷ് വാക്കുകളാണ് ഉപയോഗിച്ചത്. മലയാളം പോലും വ്യാകരണം തെറ്റാതെ പറയാൻ അറിയാത്ത അമ്മച്ചി എല്ലാം കേട്ടു കണ്ണുതള്ളി.

Download Our Android App | iOS App

സ്തോത്രകാഴ്ച പാത്രം അടുത്തുവന്നപ്പോൾ തന്റെ കൈവശമുണ്ടായിരുന്ന അഞ്ചുരൂപ തുട്ട് അല്പം ജാള്യതയോടെ അതിലേക്കിട്ടു. ആരാധനയ്ക്കു ശേഷം എല്ലാവരോടും സംസാരിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും എല്ലാവരും വളരെ തിരക്കിലായിരുന്നു. അവസാനം ദൈവദാസനോട് പറഞ്ഞിട്ട് പോകാമെന്നു വിചാരിച്ചപ്പോൾ അദ്ദേഹം കുടുംബത്തോടൊപ്പം വിദേശികളുമായി സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു.
പള്ളിമുറ്റത്തേക്കിറങ്ങി സാറാമ്മച്ചി ആകാശത്തേക്ക് നോക്കി. കാർമേഘം മൂടിയിട്ടുണ്ട്, ഇപ്പോൾ ഇറങ്ങിയാൽ മഴ കനക്കുന്നതിനു മുൻപ് വീട്ടിലെത്താം. സാറാമ്മച്ചി വീണ്ടും ശരവേഗത്തിൽ പാഞ്ഞു. കവലയിലെത്തിയപ്പോൾ ഒരു ദൈവദാസൻ പരസ്യയോഗം നടത്തുന്നത് കണ്ടു. പലരും പുച്ഛത്തോടെ അദ്ദേഹത്തെ നോക്കുന്നുണ്ട്. പ്രസംഗം കേൾക്കണമെന്ന് ആഗ്രഹിച്ചെങ്കിലും മഴ കാരണം നിന്നില്ല. കവലക്കു ശേഷമുള്ള ഇടവഴിയിലെത്തിയിട്ടും ആ ദൈവദാസന്റെ ശബ്ദം സാറാമ്മച്ചിയുടെ കാതിൽ കേൾക്കാമായിരുന്നു. “എന്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും, നിങ്ങളോ അതിനേ കള്ളന്മാരുടെ ഗുഹയാക്കി തീർത്തു” എന്ന അദ്ദേഹത്തിന്റെ ശബ്ദം വീട്ടിലെത്തിയതിനു ശേഷവും സാറാമ്മച്ചിയുടെ കാതുകളിൽ മുഴങ്ങികൊണ്ടിരിന്നു.
മഴക്കുമുമ്പ് വീട്ടിലെത്തിയെങ്കിലും സാറാമ്മച്ചിയുടെ മനസ് വല്ലാതെ ഉലഞ്ഞിരുന്നു. ഉച്ചക്കുള്ള കഞ്ഞികുടിക്കുന്നതിനു മുൻപായി പ്രാർഥിക്കാനായി പായിൽ മുട്ടുമടക്കി. ഹന്ന ദൈവസന്നിധിയിൽ ഹൃദയം പകർന്നതുപോലെ സാറാമ്മച്ചി ദൈവത്തോട് തന്റെ മനസ്സ് തുറന്നു. പ്രാർത്ഥന കഴിഞ്ഞെഴുന്നേറ്റ അവരുടെ മനസ്സിൽ പുതിയ ഒരു ദൈവിക സമാധാനവും ആശ്വാസവും നിറഞ്ഞു.
– Remya David Bhardwaj, Delhi

-ADVERTISEMENT-

-ADVERTISEMENT-

You might also like