ഭാവന | അനുഭവ സാക്ഷ്യം | ജസ്റ്റിൻ കായംകുളം

ഞങ്ങൾ പത്തു പേരുണ്ടായിരുന്നു. കളിച്ചും ചിരിച്ചും ഉല്ലസിച്ചും കഴിഞ്ഞ നാളുകൾ.. ആഘോഷപൂർവമായിരുന്നു ഞങ്ങളെ ആ വീട്ടിലേക്കു കൊണ്ടവന്നത്. ചുവന്നു തുടുത്ത സൗന്ദര്യധാമങ്ങൾ… കുട്ടികളൊക്കെ ഓടി അടുത്ത് വന്നു തൊട്ടും തലോടിയുമൊക്കെ നോക്കി… കുഞ്ഞുങ്ങളുടെ കരങ്ങൾ ഞങ്ങളെ തഴുകിയപ്പോൾ വല്ലാത്ത ഒരുൾപ്പുളകം തോന്നി… പക്ഷെ കൂട്ടത്തിലൊരു കുസൃതിക്കുടുക്ക ചാടി മറിഞ്ഞു വന്നു ഞങ്ങളിലൊന്നിനെ തല്ലിപ്പൊട്ടിച്ചു… എന്തെന്നില്ലാത്ത സങ്കടം തോന്നിയ നിമിഷങ്ങൾ… അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു വീടിന്റെ ഉമ്മറത്തു ഞെളിഞ്ഞു അങ്ങനെ ഇരിപ്പാണ് ദിവസം മുഴുവൻ… എത്രയെത്ര ഉന്നതന്മാരും, മാന്യന്മാരും, പാവപ്പെട്ടവരും, ദരിദ്രനാരായണമാരും ഞങ്ങളിൽ കൂടെ വിശുദ്ധിയുടെ വേഷം ധരിച്ചു അകത്തോട്ടു കയറി… അഴുക്കിൽ ചവുട്ടി കട്ട ചെളിയുമായി വന്നു കാല് കഴുകി വല്യ ഘനത്തിൽ സംസാരിക്കുന്ന അല്പന്മാരെയും കണ്ടു… നാളുകൾ കഴിഞ്ഞു… ഞങ്ങളിൽ 3 പേർ കൂടി കാലയവനികക്കുള്ളിൽ മറഞ്ഞു… ഇപ്പൊ 6 പേർ മാത്രമേയുള്ളു… വീട്ടുകാരുടെ സുഖ-ദുഖ സമ്മിശ്ര ജീവിത യാഥാർഥ്യങ്ങളിൽ നിശ്ശബ്ദ സാക്ഷികളായി ഞങ്ങൾ ഉണ്ടായിരുന്നു… ഇന്നു അവർ ഒരുപാട് മാറി.. മക്കൾ വളർന്നു, സാഹചര്യങ്ങൾ മാറി, സാമ്പത്തിക നന്മകൾ ഉണ്ടായി….
ആധുനികതയുടെ പുത്തൻ ഉപകരണങ്ങൾ അവിടെ സ്ഥാപിക്കപ്പെട്ടു… പിന്നിട്ട വഴിത്താരയിൽ അതിഥികളെ മാന്യന്മാർക്കി വിട്ട ഞങ്ങളുടെ കാലം മാറി… സ്ഥാനം മാറി… ഇപ്പോൾ പുറത്തു വീടിന്റെ മൂലയിലേക്ക് തള്ളപ്പെട്ടു… മഞ്ഞും മഴയും വെയിലുമേറ്റ് ഒരു യുഗം തന്നെ കടന്നു പോയി… ഇപ്പോൾ ഞങ്ങൾക്ക് സങ്കടമില്ല, എല്ലാം ശീലിച്ചിരിക്കുന്നു… കടമകൾ നിറവേറ്റപ്പെട്ടു കഴിയുന്ന എല്ലാവർക്കും ഒരു പാഠമാകട്ടെ!
എന്തോ വലിയ ആഘോഷം ആ വീട്ടിൽ നടക്കുന്നു… വിദേശത്തുള്ള മകളുടെ വിവാഹമാണ്.. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും, സംഗീതത്തിന്റെ മാസ്മരികതയും ആകെക്കൂടെ ഒരു കോലാഹലം… എല്ലാവരും സന്തോഷിക്കുന്ന അവസരം…
പെട്ടെന്ന് എന്തൊക്കെയോ അടക്കിപ്പിടിച്ച സംസാരങ്ങൾ കേൾക്കാം…. അതു സങ്കടത്തിന്റെ വാക്കുകളാണല്ലോ… ഞങ്ങൾ കാതോർത്തു… “മോനെ വീഞ്ഞ് തീർന്നു, ആകെ നാണക്കേടായി, വീട്ടുകാരൻ മുറിയടച്ചു വീടിനകത്തു കയറി, ഈ വീട് വല്ലാത്ത പ്രതിസന്ധിയിലാണ്, ഉടനെ എന്തെങ്കിലും ചെയ്തേ മതിയാകു”  ഏതോ മാതാവ് തന്റെ മകനോടു പറയുകയാണ്.. അവിടെ നിന്നും പക്ഷെ ശക്തമായ ഭാഷയിൽ ഒരു മറുപടി “എന്റെ നാഴിക വന്നിട്ടില്ല” അതോടെ ആ സംഭാഷണം അവസാനിച്ചു…
സമയം നീണ്ടു… പെട്ടെന്ന് ചില ബലിഷ്ഠ കരങ്ങൾ ഞങ്ങളെ ചുറ്റി വരിഞ്ഞു, ഒരു ഇളക്കം സംഭവിച്ചു കിണറ്റിന്റെ കരയിലേക്ക് ആണല്ലോ കൊണ്ട് പോകുന്നത്…. നീണ്ട വര്ഷങ്ങള്ക്കു ശേഷം ദാഹിച്ചു തൊണ്ട വരണ്ടിരുന്ന വേഴാമ്പലിനെപ്പോലെ ആയിരുന്ന ഞങ്ങളുടെ വായിലേക്ക് വെള്ളം കുത്തിയിറങ്ങുന്നു… കത്തിയമരുന്ന പോലെ വേദന… നാളുകൾക്കു ശേഷം വെള്ളം കുടിച്ചാൽ ഉള്ള അതെ അവസ്ഥ… മനസ്സിന് വല്ലാത്ത കുളിർമ.. ഒരു സമാധാനം… അങ്ങനെ ഉൾപ്പുളകിതരായി ഇരിക്കുമ്പോൾ ഒരു ഇമ്പ സ്വരം കാതിൽ മുഴങ്ങി ” ഇത് കൊണ്ട് പോയി വിരുന്നു വാഴിക്കു കൊടുക്കുക “അത്ഭുതം! വെള്ളത്തിന്റെ നിറം മാറുന്നു.. പച്ചവെള്ളത്തിന്റെ ചുവ മാറി, മധുരവും ചവർപ്പും കലർന്ന രുചി… വെള്ളം വീഞ്ഞായിരിക്കുന്നു… ഞങ്ങൾ ഇപ്പോൾ കാലവറയ്ക്കുള്ളിലാണ് ആദ്യമായാണ് അവിടെ, ഞങ്ങളുടെ അവസ്ഥ മാറി… പുറംപറമ്പിൽ നിന്നു കാലവറയുടെ സമൃദ്ധിയിലേക്കു…… വിരുന്നു വാഴി അത്ഭുതത്തോടെ ചോദിച്ചു എവിടുന്നാണ് ഈ രുചികരമായ വീഞ്ഞ്… മറുപടി ” യേശു ഇവിടെ വന്നിരുന്നു  അവൻ ആണ് പച്ചവെള്ളത്തെ വീഞ്ഞാക്കിയത് ”
ദൈവമേ യേശു! അവൻ ഞങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു… എല്ലാരും കൈവിട്ട, തള്ളിക്കളഞ്ഞ പുറംപറമ്പിൽ എറിഞ്ഞു കളഞ്ഞായിരുന്ന ഞങ്ങളെ അവൻ വിലയേറിയവരാക്കിത്തീർത്തു…… ശുദ്ധീകരണ നിയമമനുസരിച്ചു യഹൂദന്റെ വീട്ടുമുറ്റത്തു കാൽ കഴുകാൻ വെള്ളം നിറച്ചു വെയ്ക്കുന്ന വിലയില്ലാത്ത വെറും കൽപ്പത്രങ്ങളാണ് ഞങ്ങൾ.. യേശുവിന്റെ ആദ്യ അടയാളം പ്രവർത്തിക്കു വേണ്ടി അവൻ തിരഞ്ഞെടുത്തത് ഈ ഞാങ്ങളെയായിരുന്നല്ലോ എന്നോർത്തപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി…
യേശുവിനു വേണ്ടത് ഉന്നതന്മാരെയല്ല, യോഗ്യന്മാരെയല്ല, സമ്പന്നന്മാരെയല്ല, അവന്റെ പ്രവർത്തിക്കു വിധേയപ്പെടുന്ന സമർപ്പണമുള്ളവരെയാണ്… യേശു നിന്നെയും ക്ഷണിക്കുന്നു… ഇനി നീ പുറമ്പറമ്പിൽ കിടക്കേണ്ടവനല്ല പന്തി ഭോജനത്തിനു അവന്റെ കൂടെ ഇരിക്കുവാനുള്ളവനാണ്…

– ജസ്റ്റിൻ കായംകുളം

 

 

-ADVERTISEMENT-

-ADVERTISEMENT-

You might also like