ഒരു കൈ സഹായം അനാഥൻ ഒടുവിൽ കോടീശ്വരനായി മാറി

ഫിലാഡല്‍ഫിയ: ഇന്ധനം തീര്‍ന്ന് വഴിയില്‍ നിന്നുപോയ കാറിലുണ്ടായ യുവതിയ്ക്കായി തന്റെ കയ്യിലെ അവസാന ചില്ലറകള്‍ ഉപയോഗിക്കുമ്പോള്‍ ആ യുവാവ് ഒരിക്കലും കരുതിയിരുന്നില്ല ആ കൂടികാഴ്ച തന്റെ ജീവിതം മാറ്റി മറിയ്ക്കുമെന്ന്. ഫിലാഡല്‍ഫിയയിലേക്കുള്ള വഴിയിലാണ് കേയ്റ്റ് മക് ലൂര്‍ ഇന്ധനം തീര്‍ന്ന് വഴിയില്‍ നിന്ന് പോയത്. അസമയത്ത് ഇന്ധനം നിറയ്ക്കാന്‍ പമ്പ് എവിടാണെന്ന് പോലും കണ്ടെത്താനാവാതെ നിന്ന കേയ്റ്റിനെ സഹായിക്കാന്‍ മുന്നോട്ട് വന്നത് സ്വന്തമായി ഒരു വീട് പോലുമില്ലാതെ തെരുവില്‍ അലഞ്ഞിരുന്ന ജോണി ബോബിറ്റ് ജൂനിയര്‍ ആയിരുന്നു.
മുപ്പത്തിനാലുകാരനായ ജോണി ബോബിറ്റ്, കെയ്റ്റിനെ കാറിലിരുത്തി നടന്ന് പോയി ഒരു കന്നാസില്‍ ഇന്ധനം വാങ്ങി തിരികെയെത്തി. ബോബിറ്റിന്റെ കയ്യില്‍ ഉണ്ടായിരുന്ന അവസാനത്തെ ചില്ലറകള്‍ ചെലവിട്ടായിരുന്നു അയാള്‍ ഇന്ധനം വാങ്ങിയത്. ജോണിയെ സഹായിക്കണമെന്നും ഏതാനും മാസങ്ങള്‍ എങ്കിലും സുഖമായി ജീവിക്കാനുള്ള പണമെങ്കിലും നല്‍കി സഹായിക്കണമെന്നും കെയ്റ്റ് ആ കൂടിക്കാഴ്ചയില്‍ ഉറപ്പിച്ചിരുന്നു.
ജോണിയെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് കെയ്റ്റ് ഒരു ജനകീയ സംഭാവന പദ്ധതി തയ്യാറാക്കി. ജോണി ചെലവാക്കിയ ഇരുപത് ഡോളര്‍ (1200 രൂപ)റിന് പകരമായി 10000 ഡോളര്‍(640000 രൂപ) എങ്കിലും സമാഹരിക്കണമെന്നേ കെയ്റ്റ് ലക്ഷ്യമിട്ടിരുന്നുള്ളൂ. എന്നാല്‍ കെയ്റ്റിനെ പോലും അമ്പരപ്പിച്ചു കളഞ്ഞു സമാഹരിച്ച് കിട്ടിയ തുക. രണ്ടാഴ്ച കൊണ്ട് കെയറ്റിന് ജോണിയെ സഹായിക്കുന്നതിനായി ലഭിച്ചത് 252,000 ഡോളര്‍ (16294950 രൂപ) ആയിരുന്നു.
കയ്യിലുണ്ടായിരുന്ന അവസാന ചില്ലറകള്‍ എല്ലാം ഒരു അപരിചിതയ്ക്ക് വേണ്ടി ചെലവാക്കിയിട്ടും ഒരു ഡോളര്‍ പോലും ജോണി ബോബിറ്റ് തിരികെ ചോദിക്കാതിരുന്നതായിരുന്നു കെയ്റ്റിനെ ഇത്തരമൊരു ഉദ്യമത്തിലേയ്ക്ക് നയിച്ചത്. വടക്കന്‍ കാലിഫോര്‍ണിയ സ്വദേശിയായ ജോണി ബോബിറ്റ് മയക്കു മരുന്നിന്റെ ഉപയോഗത്തെ തുടര്‍ന്നാണ് തെരുവിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒന്നര വര്‍ഷത്തിലധികമായി ഇയാളെ ഫിലാഡല്‍ഫിയയിലെ തെരുവുകളില്‍ കാണുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. ജോണി ബോബിറ്റിന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇത് വരെ സാധിച്ചിട്ടില്ലെന്നാണ് കെയ്റ്റ് വിശദമാക്കുന്നത്. സമാഹരിച്ച തുക കൊണ്ട് ജോണി ബോബിറ്റിന് പുതിയൊരു ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയാണ് കെയ്റ്റിനുള്ളത്.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.