ബെംഗളുരു: ബൈബിളുകളുടെ വൈവിധ്യങ്ങളാൽ സമ്പന്നമായ അപൂർവ്വ ശേഖരം കാണാനും അറിയാനും ക്രിസ്തീയ സാഹിത്യ പുസ്തകങ്ങളുടെ ഇന്ത്യയിലെ നിർമ്മാതാക്കളായ ഒ എം ബുക്സിന്റെ ആഭിമുഖ്യത്തിൽ ഹെന്നൂർ മെയിൻ റോഡ് ഡി.മാർട്ടിന് സമീപം എസ് എം പി സി ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ രാജ്യാന്തര ക്രിസ്തീയ പുസ്തകമേളയക്ക് തുടക്കമായി. സെൻട്രൽ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് അസിസ്റ്റൻറ് സൂപ്രണ്ട് റവ. ടി. ജെ. ബെന്നി മേള ഉദ്ഘാടനം ചെയ്തു. ഒ. എം ബുക്സ് ഡയറക്ടർ ആൻറണി എഡ്വിൻ അധ്യക്ഷത വഹിച്ചു.
വിവിധ പ്രാദേശിക ഭാഷകളിലുള്ള ബൈബിൾ, മെറ്റൽ കവർബൈബിൾ എന്നിവയ്ക്കു പുറമെ തീപ്പെട്ടി രൂപത്തിലുള്ള ബൈബിൾ, എൻ. ഐ. വിയുടെ വിവിധ വർണങ്ങളിലുള്ള കളർ കൂൾ ബൈബിളുകൾ, കുട്ടികൾക്ക് വേണ്ടി പ്രത്യേക പുസ്തകങ്ങൾ എന്നിവ കാണികൾക്ക് വിസ്മയമായി. 10 രൂപ മുതൽ 6000 രൂപ വിലവരുന്ന വിവിധ ഭാഷകളിലുള്ള ബൈബിളുകൾ, ധ്യാന ഗ്രന്ഥങ്ങൾ, ബൈബിൾ നിഘണ്ടു ,ബൈബിൾ കമന്ററികൾ, പഠന ഗ്രന്ഥങ്ങൾ ,വേദശാസ്ത്രം, ദാമ്പത്യ ജീവിതം, കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക കലണ്ടുകൾ തുടങ്ങി രണ്ട് കോടിയോളം രൂപയുടെ ക്രിസ്തീയ പുസ്തകങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ടെന്ന് ഒ. എം. ബുക്സ് മാനേജർ ജോൺ പി ജേക്കബ് പറഞ്ഞു.
17600 രൂപ വിലയുള്ള ബെറ്റി ലൂക്കൻ – സണ്ടേസ്കൂൾ പഠന കിറ്റ് കുട്ടികൾക്ക് വിസ്മയ കാഴ്ചയായി.
ഡേവിഡ് ലിവിംങ്ങ്സ്റ്റൺ, ബില്ലിഗ്രാം, മാർട്ടിൻ ലൂഥർ, റിക്ക്വാറിൻ, ബാർബറ, സാധു സുന്ദർ സിംഗ്, ഫ്ലോറൻസ് നൈറ്റിംങ്ങൽ തുടങ്ങിയവരുടെ ജീവചരിത്രങ്ങൾ, രാജ്യാന്തര സംഗീത ഗ്രൂപ്പുകളുടെ സിഡി, ക്രിസ്മസ് ഗാനങ്ങളുടെ സിഡി എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്. പുസ്തകങ്ങൾ പ്രത്യേക വിലക്കിഴിവിൽ ലഭിക്കും. ദിവസവും രാവിലെ 9 മുതൽ രാത്രി 8 വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. നവംബർ 19 ഞായറാഴ്ച രാത്രിയോടെ മേള സമാപിക്കും.
