ഫാസിസം സഭയിലും? – ഒരു വിശകലനം | ആഷേർ മാത്യു

ആഷേർ മാത്യു, റിയാദ്

നമ്മുടെ രാജ്യം ഫാസിസ്റ്റ് ചിന്താഗതിയിലേക്ക് പോകുന്നു എന്ന വാദം അടുത്തകാലത്തായി ശക്തമാണ്. വർഗ്ഗീയമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ – സാമുദായിക ശക്തികളുടെ അതിപ്രസരം കൊണ്ടാണ് ഈ ആക്ഷേപങ്ങളും വിമർശനങ്ങളും ഉയരുന്നത്.

എന്നാൽ അറിഞ്ഞോ അറിയാതെയോ ഫാസിസ്റ്റ് നിലപാടുകൾക്ക് സമാനമായ ചിന്താഗതികൾ ക്രൈസ്തവ സമൂഹത്തിലും പടർന്നു പിടിക്കുന്ന എന്ന സത്യം നമ്മൾ അറിയാതെ പോകരുത്.

എന്താണ് ഫാസിസം?
പ്രാമാണിത്ത ദേശീയവാദത്തിൽ അധിഷ്ഠിതമായ ഒരു തീവ്ര രാഷ്ട്രീയവാദമാണ്‌ ഫാസിസം. ഫാസിസ്റ്റുകൾ ഒരു രാജ്യത്തിന്റെ ഭരണസം‌വിധാനത്തെയും സാമ്പത്തികസം‌വിധാനത്തെയും ഉൾപ്പെടെ രാഷ്ട്രത്തെ മൊത്തത്തിൽ തങ്ങളുടെ വീക്ഷണത്തിനും മൂല്യങ്ങൾക്കും രീതികൾക്കും അനുസൃതമായി ഉടച്ചുവാർക്കാൻ ലക്ഷ്യമിടുന്നു.
ഈ ലക്ഷ്യം നേടുന്നതിനായി കൈക്കരുത്തും, ആയുധബലങ്ങളും ഉപയോഗിക്കുന്നു.

ഇവയിൽ നിന്നൊക്കെ വിഭിന്നമായി ‘സ്നേഹം, ക്ഷമ’ തുടങ്ങിയവ മുഖമുദ്രയാക്കിയിരിക്കുന്ന ക്രൈസ്തവ സഭകളിലും ഫാസിസത്തിന്റെ വേരുകൾ പടർന്നു കയറുന്നത് ആശങ്കാജനകമാണ്.

ഭീതിപ്പെടുത്തുന്ന ആനുകാലിക സംഭവങ്ങൾ

ഏതാനും മാസങ്ങൾക്ക് മുമ്പാണ് പഞ്ചാബിൽ സുൽത്താൻ മസി എന്ന ദൈവദാസൻ സുവിശേഷവിരോധികളാൽ രക്തസാക്ഷിയായി മാറിയത്. എന്നാൽ അതിനെത്തുടർന്ന് വിശ്വാസികൾ തെരുവിലിറങ്ങുകയും വാഹനങ്ങൾ തല്ലിത്തകർക്കുകയും മറ്റും ചെയ്യുകയുണ്ടായി.
ഈ പ്രവർത്തികൾ ക്രിസ്തുശിഷ്യന്മാർക്ക് ചേർന്നതാണോ? എന്നു മുതലാണ് ആക്രമോത്സുകരായി ജനം തെരുവിലിറങ്ങിത്തുടങ്ങിയത്.
അതെ, ഫാസിസം സഭയെ കാർന്നുതിന്നുവാൻ തുടങ്ങിയിരിക്കുന്നു.

ക്രിസ്തുവിന്റെ ഭാവം, ദൈവസ്നേഹം തുടങ്ങിയ വിഷയങ്ങളെപ്പറ്റി മണിക്കൂറുകൾ പ്രസംഗിക്കുന്നവരാണ് പഞ്ചാബിനെ സന്ദർശിച്ച് ന്യായം വിധിക്കണമേ എന്ന് പ്രാർത്ഥിക്കുന്നത്. സമാനമായ മനോഭാവമാണ് വർഷങ്ങൾക്ക് മുമ്പ് ഒറീസ്സയിലെ വിഷയത്തിലും സംഭവിച്ചത്.
‘ഗ്രഹാം സ്റ്റയ്ൻസിനെയും 3 മക്കളെയും കൊന്നതിന് പകരം 25000 പേരെ ഒറീസയിൽ കൊന്നു തള്ളിയവൻ ആണ് എന്റെ ദൈവം. അതുകൊണ്ട് ഭയപ്പെടുന്നത് നല്ലതാ’ എന്ന് പ്രസംഗവേദിയിൽ പ്രസംഗിക്കുന്നവർ വർദ്ധിക്കുന്നു.

ശത്രുവിനോട് ക്ഷമിക്കാൻ ആവശ്യപ്പെട്ട ക്രിസ്തുവിനെ കർത്താവും രക്ഷകനും ആയി സ്വീകരിച്ച ഒരാളുടെ ചിന്താഗതി ആയിരിക്കുമോ ഇത്? അതോ പ്രതികാര ദാഹിയായ ഒരു മനുഷ്യന്റെ വർഗീയ വിഷം നിറഞ്ഞ ആഗ്രഹമോ?

മനുഷ്യരെ സമാധാനത്തിലേക്കും നിത്യ ജീവനിലേക്കും നയിക്കുവാൻ സ്വന്ത പുത്രനെ നമുക്ക് നല്കിയവനാണ് സ്നേഹ നിധിയായ ദൈവം. എന്നാൽ ദൈവമെന്ന പേരിൽ ഇന്ന് പലരും വരച്ചു കാട്ടുന്നത് കൊലവെറി പിടിച്ച ഒരു കിരാത മൂർത്തിയെയാണ്.

ലൂക്കോസ് ഒമ്പതാം അദ്ധ്യായത്തിൽ ശിഷ്യന്മാർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ”കർത്താവേ, ഏലിയാവ് ചെയ്തതുപോലെ ആകാശത്ത് നിന്ന് തീ ഇറങ്ങി അവരെ നശിപ്പിക്കുവാൻ ഞങ്ങൾ പറയുന്നത് നിനക്ക് സമ്മതമോ?”
യേശുവിന്റെ മറുപടി ശ്രദ്ധേയമാണ്.
“അവൻ അവരെ തിരിഞ്ഞ് ശാസിച്ചു: നിങ്ങൾ ഏത് ആത്മാവിന് അധീനർ എന്ന് നിങ്ങൾ അറിയുന്നില്ല: മനുഷ്യപുത്രൻ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിക്കാനല്ല രക്ഷിപ്പാനത്രെ വന്നത് എന്ന് പറഞ്ഞു”.

ക്രിസ്തീയ സഭക്കെതിരായി പ്രവർത്തിക്കുന്നവര നശിപ്പിച്ചു കളയേണമേ എന്ന പ്രാർത്ഥന തന്നെ, ഫാസിസ്റ്റ് ചിന്താഗതികൾക്ക് തുല്യമാണ്.
നിനവേയിലെ ജനങ്ങളോട് ദൈവത്തിനു കരുണ തോന്നി.എന്നാൽ യോനായ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. എന്താ കാര്യം? യോനായുടെ പ്രവചനം തെറ്റി. അതാണ് കാര്യം. യോനായുടെ ജീവിതത്തിലെവിടെയാണ് ദൈവസ്നേഹം?? എവിടെയാണ് ക്രൈസ്തവ മൂല്യങ്ങൾ??

സഭകളുടെ സംരക്ഷണത്തിനും, അവകാശങ്ങൾ നേടിയെടുക്കാനുമായി പല സംഘടകൾ ഇന്ന് രംഗത്തുണ്ട്. നല്ലത് തന്നെ. പക്ഷെ, വാശിയോടും സംഘടിത ബലത്തോടും, പ്രതികാരബുദ്ധിയോടും മുന്നോട് പോകുമ്പോൾ യേശു ശിഷ്യന്മാരോട് പറഞ്ഞ വാക്കുകളാണ് ഓർമ്മ വരേണ്ടത്. “നിങ്ങൾ ഏത് ആത്മാവിന് അധീനർ എന്ന് നിങ്ങൾ അറിയുന്നില്ല”.

പഞ്ചാബിനെയും ഒറീസ്സയേയും നശിപ്പിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഓർക്കുക, ഫാസിസം നമ്മെ കീഴടക്കിയിരിക്കുന്നു. നമ്മുക്ക് മടങ്ങിവരാം. ദൈവസ്നേഹത്താൽ നിറയാം. മറ്റുള്ളവരുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കാം.

-ആഷേർ മാത്യു, റിയാദ് 

-ADVERTISEMENT-

-ADVERTISEMENT-

You might also like