കൊലയാളി ബ്ലൂവെയ്ല്‍ ഗെയിമിനെ ചെറുക്കാന്‍ ഫെയ്‌സ്ബുക്ക് രംഗത്തെത്തി

കൗമാരക്കാരെയും യുവജനങ്ങളേയും ആത്മഹത്യയിലേക്ക് തള്ളിയിടുന്ന ബ്ലൂവെയ്ല്‍ ഗെയിമിനെ തടയാനൊരുങ്ങി ഫെയ്‌സ്ബുക്ക്.

post watermark60x60

സ്വയം പീഡിപ്പിക്കല്‍, ആത്മഹത്യ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഓണ്‍ലൈന്‍ ചലഞ്ചുകളുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളും ഹാഷ്ടാഗുകളും വാക്കുകളും കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞതായി ഫെയ്‌സ്ബുക്ക് അറിയിച്ചു.

ഫെയ്‌സ്ബുക്കിന്റെ സേഫ്റ്റി സെന്ററില്‍ സൂയിസൈഡ് പ്രിവന്‍ഷന്‍ എന്നൊരു ഭാഗം കൂടി പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യ ചെയ്യണമെന്ന് ചിന്തിക്കുന്നവരെയും അത്രത്തോളം വിഷാദം അനുഭവിക്കുന്നവരേയും അതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനും അത്തരം ചിന്തകളുള്ള സുഹൃത്തുക്കളെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യുന്ന നിര്‍ദ്ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Download Our Android App | iOS App

ഓണ്‍ലൈന്‍ സുരക്ഷയുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍, കൗമാരക്കാര്‍, അധ്യാപകര്‍, നിയമപാലകര്‍ എന്നിവര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും സേഫ്റ്റി സെന്ററില്‍ ഉണ്ട്. ആളുകളുടെ സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കുന്നതിനും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ബ്ലൂവെയ്ല്‍ ഗെയിം കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇന്ത്യയിലുള്‍പ്പടെ അടുത്തിടെ ഉണ്ടായ യുവാക്കളുടെയും കൗമാരക്കാരുടെയും ആത്മഹത്യകള്‍ ബ്ലൂവെയ്ല്‍ ഗെയിമുമായി ബന്ധപ്പെടുത്തിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

എന്നാല്‍ ഔദ്യോഗികമായി ഇത്തരം ഒരു ഗെയിം നിലനില്‍ക്കുന്നതായി കണ്ടെത്താനായിട്ടില്ല. മുമ്പെ തന്നെ ആത്മഹത്യാ പ്രവണതയും നിരാശയും അനുഭവിച്ചിരുന്നവരാണ് ആത്മഹത്യ ചെയ്തിട്ടുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം. സാഹചര്യത്തിലാണ് ആഗോള സോഷ്യല്‍ മീഡിയാ ഭീമനായ ഫെയ്‌സ്ബുക്ക് ഒരു ആത്മഹത്യാ പ്രതിരോധ നടപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.

റഷ്യയില്‍ ഏറെ പ്രചാരമുള്ള വികെ നെറ്റ് എന്ന് സോഷ്യല്‍ മീഡിയയിലാണ് ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന സോഷ്യല്‍ മീഡിയാ ചലഞ്ചുകളുടെ തുടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആത്മഹത്യാ പ്രവണതയുള്ളവരും ദുര്‍ബല ഹൃദയരുമാണ് ഇത്തരം ചലഞ്ചുകളിലേക്ക് വീഴുന്നത്. ആഗോളതലത്തില്‍ ഏറെ സ്വീകാര്യതയുള്ള ഫെയ്‌സ്ബുക്കില്‍ അത്തരം ചലഞ്ചുകള്‍ ഉണ്ടാവില്ലെന്ന് പറയാനാവില്ല. ആ ഒരു സാഹചര്യത്തെ തടയാനുള്ള മാര്‍ഗമായാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ നീക്കം.

ഇന്ത്യയിൽ വീണ്ടും പലയിടങ്ങളിൽ ബ്ലൂവെയിൽ ആത്മഹത്യ ശ്രമങ്ങൾ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ പരിതസ്ഥിതിയിൽ ഫേസ്ബുക്കിന്റെ ഈ നീക്കങ്ങൾക്ക് വൻ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like