കവിത: നമ്മുടെതല്ലാത്ത ആകാശം l സുനിൽ വർഗ്ഗീസ് ബാംഗ്ലൂർ

ഞാൻ എപ്പോഴും അങ്ങനെയായിരുന്നു

വർഷങ്ങളോളം

ഒരു മാറ്റത്തിലും ഇടകലരാതെ

ഓരോ നിശ്വാസത്തിലും

ഓരോ തിരിവുകളിലും

അകത്തു വരുമ്പോഴും

പുറത്തു പോകുമ്പോഴും

ആകാശത്തിലേക്ക് നോക്കുമ്പോഴും

പുഴ കാണുവാനോടിയിറങ്ങുമ്പൊഴും

ചിലപ്പോൾ

കാടിന്റെ വന്യതയിലെക്ക് നടക്കുമ്പോഴും

ഞാൻ നിന്നെ തൊട്ടു കൊണ്ടിരുന്നു

എന്നാൽ നീ അകലം പാലിച്ചു

നീ എപ്പോഴും കാതങ്ങളോളം

ശബ്ദങ്ങള്ക്കും

പ്രകാശങ്ങൾക്കുമകലെ

മറ്റൊരു വഴിയിലൂടെ പോകുകയായിരുന്നു.

ഞാൻ പറയുമായിരുന്നു

രണ്ടു എറുമ്പിൻ കണ്ണുകളുടെ ദൂരമേ

നമ്മുക്കിടയിൽ ഉള്ളുവെന്ന്

നീ ഒരിക്കലുമത് കേട്ടിരിക്കുവാനിടയില്ല

നീ ഒരിക്കലും എന്നെ നോക്കി

നിൽക്കാറില്ലായിരുന്നുവല്ലോ

എന്നിട്ടും ഞാൻ മുറിവേറ്റ പക്ഷിയെപ്പോലെ

ആകാശമെന്ന നഷ്ടത്തിലൂടെ

പുഴയെന്ന മറ്റൊരു നഷ്ടത്തിലൂടെ

പിന്നെ വീട്ടിലും

വഴിവക്കിലും

വായനശാലയിലെ ഇരുണ്ട മൂലയിലും

പിന്നെ ഉതിർന്നു പോയ ചിറകുമായി

വർഷങ്ങൾ താണ്ടി

ഒരു പ്രഭാതം കൂടി തുടങ്ങുന്നു.

സുനിൽ വർഗ്ഗീസ് ബാംഗ്ലൂർ

-ADVERTISEMENT-

-ADVERTISEMENT-

You might also like