യുവജാലകം : മൊബൈല്‍ഫോണില്‍ കുരുങ്ങുന്ന കൗമാരം l ഫിന്നി കാഞ്ഞങ്ങാട്

ഠനത്തില്‍ അതിസമര്‍ത്ഥയായിരുന്നു ബിന്‍സി. അവളുടെ പഠനത്തിലുള്ള കഴിവുകളില്‍ സുഹൃത്തുക്കളും അധ്യാപകരും മാത്രമല്ല മാതാപിതാക്കളും അഭിമാനിച്ചിരുന്നു. പത്താംക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസായ അവള്‍ക്ക് പ്ലസ്ടുവിനും അഡ്മിഷന്‍ ലഭിച്ചു. ചില നാളുകള്‍ക്കുശേഷം പഠനത്തില്‍ ശ്രദ്ധയൊക്കെ നഷ്ടപ്പെട്ട് ക്ലാസില്‍ അലസമായും ഉറക്കത്തോടെയും, വളരെ ക്ഷീണിതയായും ഇരിക്കുന്ന ബിന്‍സിക്ക് എന്താണ് സംഭവിച്ചത് എന്ന് അധ്യാപകരും മാതാപിതാക്കളും ഒരുപോലെ ചിന്തിച്ചു.

ആദ്യവര്‍ഷത്തെ ചില വിഷയങ്ങള്‍ക്ക് മാര്‍ക്കും കുറഞ്ഞു. കാരണം അറിയുവാന്‍ കൗണ്‍സലറുടെ അടുക്കല്‍ എത്തിയപ്പോഴാണ് യഥാര്‍ത്ഥ സംഭവം പുറത്തു വന്നത്. അപ്രതീക്ഷിതമായി മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട യുവാവുമായി പ്രണയബന്ധത്തിലാകുകയും രാത്രിയില്‍ മണിക്കൂറോളം സംസാരിക്കുകയും ചെയ്തിരുന്ന ബിന്‍സിക്ക് ക്ലാസില്‍ ശ്രദ്ധിക്കുന്നതിനോ, പഠിക്കുന്നതിനോ കഴിയാതെ വന്നു. നിരന്തരമായ കൗണ്‍സലിംഗിലൂടെയാണ് അവള്‍ തന്റെ പഴയ ജീവിതത്തിലേക്ക് മടങ്ങി വന്നത്.

ചതിക്കുഴികളിലേക്കാണ് മക്കള്‍ പോകുന്നതെന്ന് മനസ്സിലാക്കാതെയാണ് പലപ്പോഴും മാതാപിതാക്കള്‍ മക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുന്നത്. ലാന്‍ഡ് ഫോണ്‍ ഉണ്ടായിരുന്ന കാലഘട്ടത്തില്‍ ഒരു ഫോണ്‍ കോള്‍ വന്നാല്‍ വീട്ടിലെ മുതിര്‍ന്ന ആളുകളാണ് സാധാരണ ആദ്യം സംസാരിച്ചിരുന്നത്. മകള്‍ക്കോ, മകനോ ഒരു ഫോണ്‍ കോള്‍ വന്നാല്‍ ആരാണ് വിളിച്ചതെന്ന് ചോദിക്കുവാന്‍ മാതാപിതാക്കള്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ ഇന്ന് എവിടെ നിന്നാണ് സംസാരിക്കുന്നത് എന്നുപോലും കൃത്യമായി മനസ്സിലാക്കുവാന്‍ കഴിയാതെ വരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗം ചുരുക്കത്തില്‍ യുവജനങ്ങളെയും കുടുംബബന്ധങ്ങളേയും എന്തിനേറെ വ്യക്തി ബന്ധങ്ങളെ വരെ തകര്‍ക്കുവാന്‍ ഇക്കാലങ്ങളില്‍ പര്യാപ്തമായി മാറിയിരിക്കുകയാണ്.

തങ്ങളുടെ കൈയിലോ, പോക്കറ്റിലോ, ബാഗിലോ ഇരിക്കുന്ന ഈ കുഞ്ഞന്‍ ഉപകരണത്തിന് ജീവിതത്തെ തകര്‍ത്തെറിയുവാന്‍ കഴിയുന്ന ബോംബിന്റെ ശക്തിയുണ്ടെന്ന കാര്യം പലരും വിസ്മരിച്ചു പോകന്നു. ജീവിതം തകര്‍ത്തെറിഞ്ഞ ക്യാമറകണ്ണുകള്‍ പ്രണയത്തിന്റെ മാസ്മരിക ലഹരിയില്‍ ജീവിതം കൈവിട്ടു പോകുന്നതു പലപ്പോഴും യുവജനങ്ങള്‍ അറിയാറില്ല. മധ്യകേരളത്തിലെ ഒരു യുവാവ്, താന്‍ സ്‌നേഹിച്ച പെണ്‍കുട്ടിയുമായുള്ള പ്രണയസല്ലാപങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ബ്ലൂടൂത്ത് വഴി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയും യൂ-ടൂബ് (ഥീൗൗേയല) – ല്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഉയര്‍ന്ന ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ആ പെണ്‍കുട്ടി അപമാന ഭാരത്താല്‍ പഠനം അവസാനിപ്പിക്കുകയും ഒരു മാനസിക രോഗിയായി ഇന്നും ജീവിതം കഴിച്ചുകൂട്ടുകയും ചെയ്യുന്നു.

ആത്മാര്‍ത്ഥമായി ഒരുവനെ വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്ത ആ പെണ്‍കുട്ടി തകര്‍ന്ന ജീവിതവും താളം തെറ്റിയ മനസ്സുമായി ജീവിക്കുമ്പോള്‍ അവളുടെ ഈ അവസ്ഥയ്ക്ക് കാരണക്കാരനായി മാറിയ ചെറുപ്പക്കാരന്‍ പിന്നീട് കുടുംബസ്ഥനായി സന്തോഷത്തോടെ ജീവിക്കുന്നു. എന്നാല്‍ ആ മാതാപിതാക്കള്‍ക്ക് നഷ്ടമായത് മകളെയും, മകള്‍ക്ക് നഷ്ടമായത് വിലയേറിയ ജീവിതവും. മറ്റാര്‍ക്കും ഒന്നും നഷ്ടപ്പെട്ടില്ല!!! കൗമാരക്കാരിലും മൊബൈലിന്റെ ഉപയോഗം അനിയന്ത്രിതമാകുന്നു എന്നാണ് നമുക്കു ചുറ്റുമുള്ള സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. വിവാഹിതയായ അധ്യാപികയുമായുള്ള മൊബൈല്‍ ഫോണ്‍ ബന്ധങ്ങള്‍ അപഹരിച്ചത് വിദ്യാര്‍ത്ഥിയുടെ വിലപ്പെട്ട ജീവനായിരുന്നു. സംശയം തോന്നിയ ഭര്‍ത്താവ് ഗുണ്ടകളെ ഏര്‍പ്പാടു ചെയ്ത് തല്ലിക്കൊന്ന് റയില്‍വേ പാളത്തില്‍ തള്ളിയ വാര്‍ത്തക്ക് ഇപ്പോഴും ചൂടാറിയിട്ടില്ല. എന്തിനേറെ പറയുന്നു, നമ്മുടെ കൗമാരക്കാരുടെയും യുവതലമുറകളുടെയും നിശബ്ദ കൊലയാളിയായി മൊബൈല്‍ ഫോണുകള്‍ മാറിയിരിക്കുന്നു.

സോഷ്യല്‍ നെറ്റുവര്‍ക്കുകളും ചാറ്റിങ്ങും വിവരസാങ്കേതികവിദ്യയുടെ ആധുനിക പരിവേഷമായ ഇന്റര്‍നെറ്റിന്റെ പുത്തന്‍ തലമുറയാണ് സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ പരസ്പരം സംസാരിക്കുവാനും ബന്ധങ്ങള്‍ പുതുക്കുവാനും പുതിയബന്ധങ്ങള്‍ തേടുവാനും ഒക്കെ സഹായിക്കുന്ന വെബ്‌സൈറ്റുകളാണ് സോഷ്യല്‍നെറ്റ്‌വര്‍ക്കുകള്‍. ഫെയ്‌സ് ബുക്ക്, ഓര്‍കുട്ട്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ് എന്നിവയാണ് പ്രധാനപ്പെട്ട സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍. ഇതിന്റെ പെട്ടെന്നുള്ള വരവിനെ ആവേശപൂര്‍വ്വമാണ് യുവതലമുറ ഏറ്റെടുത്തത്. ലക്ഷക്കണക്കിന് കൗമാരക്കാരും യുവജനങ്ങളും ആണ് ഈ നെറ്റ് വര്‍ക്കുകളുടെ ഉപഭോക്താക്കളായി മാറുന്നത്. കൂട്ടുകുടുംബ വ്യവസ്ഥയില്‍നിന്നു അണുകുടുംബ വ്യവസ്ഥിതിയിലേക്കുള്ള മാറ്റം യുവത്വത്തെ ഏകാന്തരാക്കിയെന്നതാണ് യാഥാര്‍ത്ഥ്യം. സംസാരിക്കുവാനും അടുത്തിടപഴകാനും ഉള്ള ആരോഗ്യപരമായ സാഹചര്യം ഇന്നു കുടുംബങ്ങളില്‍ ലഭ്യമല്ല. ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ ജോലിക്കു പോകുന്നു. അവര്‍ അവരുടെ പ്രാരാബ്ധങ്ങളില്‍ ജീവിക്കുമ്പോള്‍ സ്‌നേഹിക്കുവാനും കാര്യങ്ങള്‍ പങ്കുവെയ്ക്കുവാനും ഇന്ന് കൗമാരക്കാരും യുവജനങ്ങളും ആശ്രയിക്കുന്നതു സോഷ്യല്‍ നെറ്റുവര്‍ ക്കുകളെയാണ്. ,  WhatsApp പ്പോ , ഫെയ്‌സ്ബുക്കോ,  തുറന്നാല്‍ ലക്ഷക്കണക്കിന് ആളുകള്‍ ക്യൂവില്‍ നില്‍ക്കുകയാണ്, അതേ ഏകാന്തതയും പേറി.

എന്തിന്, മാതാപിതാക്കളോടു മാത്രം പറയേണ്ടുന്ന പല ജീവിതപ്രശ്‌നങ്ങള്‍ക്കും ഉത്തരം തേടുന്നത് ഒരിക്കലും കണ്ടിട്ടില്ലാത്ത മറ്റൊരാളിനോടായിരിക്കും – യാഥാര്‍ത്ഥ്യം അതല്ല, സ്വന്തം ജീവിതപ്രശ്‌നങ്ങളെപോലും ധൈര്യത്തോടെ നേരിടുവാന്‍ കഴിയാത്ത മറ്റൊരു വ്യക്തിയോടായിരിക്കും യുവതലമുറ പ്രശ്‌നപരിഹാരം തേടുന്നത്. ചാറ്റിങ്ങില്‍ കണ്ട പ്രണയത്തിന്റെ യഥാര്‍ത്ഥ മുഖം വിദേശത്ത് മാതാപിതാക്കളോടൊപ്പം കഴിഞ്ഞിരുന്ന പ്രിന്‍സിയെ ഉപരിപഠനത്തിനായി ഇന്ത്യയിലേക്ക് അയച്ചു. ബാംഗ്ലൂരിലെ പ്രശസ്തമായ കോളേജില്‍ മെഡിസിന് അഡ്മിഷനും ലഭിച്ചു. ഒന്നാം വര്‍ഷം പഠനം വിജയകരമായി പൂര്‍ത്തീകരിച്ചു.

രണ്ടാം വര്‍ഷം അവസാനിച്ചപ്പോള്‍ സോഷ്യല്‍ നെറ്റുവര്‍ക്കായ ഫെയ്‌സ്ബുക്കില്‍ പ്രിന്‍സി സജീവമായി. വളരെ സൂക്ഷ്മതയോടെ മാത്രമെ ഉപയോഗിക്കുകയുള്ളു എന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പ് കൊടുത്താണ് ഫെയ്‌സ് ബുക്കില്‍ അക്കൗണ്ട് ആരംഭിച്ചത്. എന്നാല്‍ കോളേജ് ജീവിതത്തിലെ ഏകാന്തതയില്‍ നേരം പോക്കിനായി ദിവസവും സോഷ്യല്‍ നെറ്റുവര്‍ക്കുകളെ ആശ്രയിച്ചു. സുഹൃത്തുക്കള്‍ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അപ്രതീക്ഷിതമായി പരിചയപ്പെട്ട ദീപക് എന്ന വ്യക്തിയുമായി ചാറ്റിംഗ് ആരംഭിച്ചു, ദിവസങ്ങളോളം തുടര്‍ന്ന ആ ചാറ്റിങ്ങ് അവസാനിച്ചത് ഒരിക്കലും വേര്‍പിരിയുവാന്‍ കഴിയാത്ത പ്രണയബന്ധത്തിലായിരുന്നു. തന്റെ ഏകാന്തതയില്‍ ഒരു സുഹൃത്തായി മാത്രം കരുതി ആരംഭിച്ച ആ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറിയത് അവള്‍ പോലും അറിയാതെയായിരുന്നു. അവള്‍ സ്‌നേഹിച്ച ദീപക്കിനോടൊപ്പം ഒരു ദിവസം ഹോസ്റ്റല്‍ വിട്ട് ഇറങ്ങി. ദീപ ക്കിന്റെ സ്വദേശമായ മുംബൈയില്‍ എത്തിയപ്പോഴാണ് യാഥാര്‍ത്ഥ്യം അവള്‍ മനസ്സിലാക്കിയത്. മുംബൈ ചേരിപുറം പോക്കിലെ കുടുംബത്തിലേക്കായിരുന്നു അവള്‍ ചെന്ന് കയറിയത്. ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ശരീരം വില്‍ക്കുന്നവര്‍, മോഷണവും പിടിച്ചുപറിയും തൊഴിലാക്കിയവര്‍ മാത്രം താമസിക്കുന്ന ചേരി!!! ഹോസ്റ്റലില്‍ നിന്നും കാണാതായ ഉടന്‍ സഹപാഠിയായ ലിനി നല്‍കിയ വിവരത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ നാട്ടിലെത്തുകയും, പോലീസും കേരള സമാജം പ്രവര്‍ത്തകരും ചേര്‍ന്ന് പ്രിന്‍സിയെ തിരികെ കൊണ്ടുവരികയായിരുന്നു. പ്രണയത്തിന്റെ യാഥാര്‍ത്ഥ മുഖം മനസ്സിലാക്കിയ പ്രിന്‍സി, ഫെയ്‌സ്ബുക്കിലൂടെ ‘ഫെയ്‌സ്’ ചെയ്ത ആ സംഭവത്തെ ഞെട്ടലോടെയാണ് ഇന്നും ഓര്‍ക്കുന്നത്.

ഇന്നത്തെ സോഷ്യല്‍ നെറ്റുവര്‍ക്കിലൂടെ പരിചയപ്പെടുന്ന യുവതി- യുവാക്കള്‍ ക്രമേണ പ്രണയബന്ധങ്ങളിലേക്കും വൈവാഹിക ജീവിതത്തിലേക്കും നയിക്കപ്പെടുന്നു എന്നു വിവിധ പഠനങ്ങള്‍ തെളിയിക്കുന്നു. പരിചയപ്പെടുന്ന വ്യക്തികള്‍ തമ്മില്‍ വിവാഹത്തിനുശേഷം ജീവിതം ആരംഭിക്കുമ്പോള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുവാന്‍ കഴിയാതെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് വഴുതി വീഴുന്നു. ഇത്തരത്തിലുള്ള വിവാഹങ്ങളില്‍ എഴുപതു ശതമാനത്തോളം വിവാഹമോചനങ്ങള്‍ക്കും കുടുംബത്തകര്‍ച്ചകള്‍ക്കും വിധേയമാകുന്നു. മാതാപിതാക്കള്‍ ചേര്‍ന്നും, സ്വയമായും എടുക്കേണ്ടുന്ന പല തീരുമാനങ്ങളും മറ്റുള്ള വ്യക്തികള്‍ നിയന്ത്രിക്കുന്നത് ജീവിത തകര്‍ ച്ചയ്ക്കും കുടുംബബന്ധങ്ങളില്‍ അകല്‍ച്ചയ്ക്കും കാരണമായി മാറുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ അമിത ഉപയോഗം യുവജനങ്ങളിലും കൗമാരക്കാരിലും ഉത്സാഹമില്ലായ്മ, കുടുംബബന്ധങ്ങളില്‍ താല്പര്യമില്ലായ്മ, പഠനത്തില്‍ ശ്രദ്ധക്കുറവ് മാനസ്സിക വിഭ്രാന്തി എന്നിവയ്ക്ക് കാരണമായി മാറുന്നു എന്ന് അമേരിക്കന്‍ മെഡിക്കല്‍ കൗണ്‍സില്‍ പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ അപകടങ്ങള്‍ പലതാണ്.

സാങ്കേതിക വിദ്യയെക്കുറിച്ച് അറിവില്ലാതിരിക്കുന്ന കൗമാരക്കാരും യുവജനങ്ങളും വളരെ ചൂഷണം നേരിടുന്നുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഉള്‍പ്പെടുത്തുന്ന വിവരങ്ങള്‍, വ്യക്തിപരമായ വിവരങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഒരു നിമിഷം കൊണ്ട് പകര്‍ത്തിയെടുക്കുവാന്‍ കഴിയുന്നതുകൊണ്ട് ദുരുപയോഗത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുന്നു. വ്യാജമായി അനേകം പ്രൊഫൈലുകള്‍ സൃഷ്ടിക്കപ്പെടുന്നതുകൊണ്ട് യഥാര്‍ത്ഥ വ്യക്തിയെ തിരിച്ചറിയാനും അവരുടെ ഉദ്ദേശങ്ങള്‍ മനസ്സിലാക്കാനും കഴിയാതെ വരുന്നു. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത വ്യക്തികളുമായുള്ള സൗഹൃദം അപകടകരവും അനാവശ്യമായതുമായ ബന്ധങ്ങളിലേക്ക് വഴുതി പോകുവാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

– ഫിന്നി കാഞ്ഞങ്ങാട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.