പെൺകുട്ടികളുടെ സുരക്ഷക്ക്

ഡഗ്ളസ് ജോസഫ്

വേട്ടക്കാരൻ പാതിരി ആയാലും പൂജാരി ആയാലും, നമ്മുടെ പെൺ കുട്ടികളെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം മാതാപിതാക്കൾക്ക് തന്നെയാണ്. .പ്രേമം, പ്രലോഭനം, ഭീഷണി , ചതി , സമ്മാനം , വിസ , ജോലി ഓഫറുകൾ , സിനിമ, സീരിയൽ അവസരം , തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ തന്ത്രങ്ങളുമായി പെൺ വേട്ടക്കാർ നമ്മുടെ വീട്ടീലും, സ്കൂളിലും , ആരാ ധനാലയങ്ങളിലും, റോഡിലും , ജോലി സ്‌ഥലത്തും വലയുമായി ഇരകളെ കാത്തിരിക്കുന്നു . പള്ളിലച്ചൻ , പൂജാരി , മദ്രസാ ഉസ്താദ് , അയൽവാസികൾ , ഡാൻസ് , മ്യൂസിക് മാസ്റ്റർമാർ ,ബസ് കണ്ടക്ടർ , ഓട്ടോ ഡ്രൈവർ , ട്യൂഷൻ സാർ ,സെയിൽ മാൻ, അദ്ധ്യാപകൻ, ബന്ധുക്കൾ, രണ്ടാനച്ഛൻ , എന്തിന് സ്വന്തം പിതാവ് വരെയുള്ള കുട്ടികൾ ഇടപെടുന്ന ആളുകൾ പീഡന വീരന്മാർ ആവുന്നു . മൂന്ന് വയസ്സുള്ള പിഞ്ചു ബാലിക മുതൽ 90 വയസ്സുള്ള അമ്മുമ്മ വരെയുള്ളവരെ ഇരകളാക്കുന്നു . ഒളിച്ചോടുന്നതും , കാണാതാവുന്നതുമായ പെൺകുട്ടികളുടെ എണ്ണം കേരളത്തിൽ വർദ്ധിക്കുന്നു നമ്മുടെ പെൺകുട്ടികളുടെ സുരക്ഷയ്ക്കായി മാതാപിതാക്കൾക്ക് ചെയ്യാൻ സാധിക്കുന്ന ചില മുൻകരുതലുകൾ താഴെ കൊടുക്കുന്നു .
# പെൺകുട്ടികളെ സൂക്ഷ്മമായി നീരിക്ഷിക്കാനും , അവരിൽ ഉണ്ടാകുന്ന ചെറിയ മാനസിക പ്രയാസങ്ങൾ പോലും അറിയാനുള്ള തരത്തിൽ ഒരു സുഹൃദ് ബന്ധം വളർത്തിയെടുക്കാനും മാതാപിതാക്കന്മാർ ശ്രദ്ധിക്കണം. പെൺകുട്ടികളും അവരുടെ മാതാപിതാക്കളും, പ്രേത്യേ കിച്ചു അമ്മമാരും തമ്മിൽ ഒരു കമ്മ്യൂണിക്കേഷനും ഇല്ലാത്തതിനാൽ പല പെൺകുട്ടികളും മാസങ്ങളായി പീഡനത്തിന് ഇരയാവുന്നത് മാതാപിതാക്കൾ അറിയാറില്ല . അവസാനം അവർ ആത്മഹത്യ ചെയ്യുമ്പോൾ കരഞ്ഞിട്ട് കാര്യമില്ല. മാസങ്ങളും, വർഷങ്ങളും നീണ്ട പ്രേമത്തിനൊടുവിൽ കുട്ടികൾ വീടു വിട്ടു പോകുമ്പോഴാണ് പല മാതാപിതാക്കളും അറിയുന്നത് .
# രാത്രി വളരെ വൈകിയും സ്വകാര്യ മുറിയിൽ ഉറക്കമിളച്ചു കുട്ടികൾ ഇരിക്കുന്നത് പഠിക്കാനാണോ അതോ മൊബൈൽ കമ്പനികൾ നൽകുന്ന ഫുൾ നൈറ്റ് ഫ്രീ ടോക്ക് ടൈം ഉപയോഗിച്ച് അല്ലെങ്കിൽ ജിയോ നൽകുന്ന ഫ്രീ ഇന്റർനെറ്റ് ഉപയോഗിച്ച് കാമുകന്മാരുമായി ചാറ്റ് ചെയാനാണോ എന്ന് പരിശോധിക്കണം.
# കുട്ടികളുടെ കൂട്ടുകാർ ആരൊക്കെ , ട്യൂഷൻ , എക്സ്ട്രാ ക്ലാസ് തുടങ്ങിയ പേരു പറഞ്ഞു കുട്ടികൾ പോകുന്നത് അവിടേക്കു തന്നെയോ എന്ന് ഉറപ്പ് വരുത്തണം . സ്കൂൾ അല്ലെങ്കിൽ ട്യൂഷൻ സെന്ററിൽ വിളിച്ചു ചോദിക്കണം . # കുട്ടികൾ അറിയാതെ അവർ പോകുന്ന വഴിയെ ഒന്നു ഫോ ളോ ചെയ്യുക .
# പെൺകുട്ടികളുടെ നല്ല കൂട്ടുകാർ ആവാൻ അമ്മമാർക്ക് കഴിയണം . എല്ലാം തുറന്നു പറയാനുള്ള സ്വാത ന്ത്രം അവർക്കുണ്ടാവണം.
# അനാവശ്യമായി ശരീരത്തിൽ തൊട്ടു കളിക്കാൻ വരുന്നവരോട് നോ പറയാൻ പഠിപ്പിക്കണം.
# 4 ജി സൗകര്യമുള്ള സ്മാർട്ട് ഫോണുകൾ വാങ്ങി കൊടുത്തു പ്രേമ സല്ലാപത്തിനും , വഴി വിട്ട ബന്ധങ്ങൾക്കും അവസരം ഉണ്ടാക്കരുത് . ദുരന്തങ്ങൾ സംഭവിച്ചതിനു ശേഷം സർക്കാരിനെയോ , പോലീസിനെയോ, സ്കൂൾ അധികാരികളെയോ കുറ്റം പറഞ്ഞിട്ടു കാര്യമില്ല .
# അടുത്തകാലത്തു നിരവധി പെൺ പീഡനങ്ങൾ അരങ്ങേറിയത് മാതാപിതാക്കൾ പെൺ കുട്ടികളെ വീട്ടിൽ തനിച്ചാക്കി ജോലിക്കോ , മറ്റു കാര്യങ്ങൾക്കോ പുറത്തുപോയപ്പോൾ ആണ് .കുട്ടികളുടെ സുരക്ഷ നാം ഉപേക്ഷയായി വിചാരിച്ചാൽ അവരെ നമുക്ക് നഷ്ടമായി എന്നുവരാം .
# അപരിചിതരായ ആളുകളോട് സോഷ്യൽ മീഡിയ ഉപയോഗിച്ചു ബന്ധം സ്ഥാപിക്കുന്നതും , വ്യക്തിപരമായ വിവരങ്ങളും ഫോട്ടോകളും ഷെയർ ചെയ്യുന്നതും നിരുത്സാഹപ്പെടുത്തണം . ഫേസ്ബുക് , വാട്സ് ആപ്‌ ഇവയിലൂടെ പരിചയപെട്ട അപരിചി ത രായ ആളുകളുടെ കൂടെ വീട് വിട്ടു ഇറങ്ങി തിരിച്ച നിരവധി പെൺകുട്ടികൾ അവസാനം ചതിയിൽ പെട്ട് പെൺ വാണിഭ സംഘങ്ങളുടെ വലയിൽ കുരുങ്ങിയ സംഭവങ്ങൾ ഉണ്ട് .
# പെൺകുട്ടികളുടെ സ്വയരക്ഷക്ക്‌ കരാട്ടെ , കുങ്ഫു തുടങ്ങിയ ആയോധന മുറകൾ പഠിക്കാൻ അയക്കുന്നത് നല്ലതാണ്.
# പെൺകുട്ടികളുടെ വസ്ത്ര ധാരണത്തിൽ അമ്മമാർ നല്ല ശ്ര ദ്ധ ചെലുത്തണം . ഇറുകിപിടിച്ചതും , ശരീരഭാഗങ്ങൾ പുറത്തു കാട്ടുന്നതുമായ വസ്ത്രങ്ങൾ അവർക്കു വാങ്ങി നല്കരുത്.
# സ്വന്തം വീടിനകത്തു പോലും പെൺകുട്ടികൾക്ക് സുരക്ഷ ഇല്ലാത്ത കാലമാണ് . രണ്ടാനച്ഛൻ, ട്യൂഷൻ സാർ , ബന്ധുക്കൾ, വീടുമായി അടുത്ത ബന്ധം പുലർത്തുന്ന അയൽവാസികൾ എന്നിവരെ കണ്ണും പൂട്ടി വിശ്വസിക്കരുത് . അപൂർവ്വം കേസുകളിൽ സ്വന്തം പിതാവ് തന്നെ വേട്ടക്കാരൻ ആയ വാർത്തകൾ നാം ഞെട്ടലോടാണ് കേട്ടത് . അശ്ലീല സംസാരങ്ങൾ, ശരീരത്തിൽ സ്പർശിക്കൽ , വശപിശകായ നോട്ടം ഇവയെ മുളയിലെ നുള്ളാനും അത്തരം നീക്കങ്ങൾ പ്രധിരോധിക്കേണ്ടതിന് ആവശ്യമായ ധൈര്യം പെൺകുട്ടികൾക്കു നൽകാനും മാതാപിതാക്കൾ ശ്ര ദ്ധിക്കണം .
# പോലീസ് ഹെൽപ് ലൈൻ നമ്പർ , ചൈൽഡ് വെൽഫയർ കൗൺസിൽ , സ് ത്രി ശുരക്ഷക്കായി പ്രവർത്തിക്കുന്ന സംഘടനകൾ ഇവയുടെ നമ്പർ പെൺകുട്ടികൾ മനഃപ്പാഠമാക്കണം. വഴിയിലോ, വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴോ ആരെങ്കിലും ശല്യം ചെയ്താൽ വേഗത്തിൽ സഹായം ലഭ്യമാക്കാവുന്നതാണ്.
# മാതാപിതാക്കളിൽ നിന്ന് ആവശ്യത്തിന് സ്നേഹവും, കരുതലും ലഭിക്കുന്ന കുട്ടികൾ മറ്റു സ്നേഹം തേടി പോവില്ല. മാതാപിതാക്കൾ തമ്മിലുള്ള കലഹം , പണത്തിനു പിന്നാലെ നടന്നിട്ടു സ്വന്തം കുട്ടികളോട് അവഗണന കാട്ടൽ ഇവ പെൺകുട്ടികളെ സ്നേഹവും , പരിഗണനയും കാട്ടി അടുത്തു കൂടുന്നവരുടെ വലയിൽ കുടുക്കുന്നു .
# നല്ലവണ്ണം പഠിച്ചിരുന്ന കുട്ടി പെട്ടെന്ന് പഠനത്തിൽ ഉഴപ്പുക , വിഷാദത്തിനു അടിമയാവുക ,എന്തോ ഭയം ഉള്ളതുപോലെ പെരുമാറുക, സംസാരം കുറയ്ക്കുക എന്നിങ്ങനെയുള്ള പെരുമാറ്റങ്ങൾ കാട്ടിയാൽ സ്കൂൾ കൗൺസിലർ അല്ലെങ്കിൽ സൈക്കോളജിസ്റ്റുകൾ ഇവരുടെ സേവനം തേടണം.
# കുട്ടികളുടെ അധ്യാപികമാരുടെ മൊബൈൽ നമ്പർ , കൂട്ടുകാരികളുടെ പേരെന്റ്സിന്റെ കോൺടാക്ട് നമ്പർ, ട്യൂഷൻ സെന്റർ നമ്പർ ഇവ ഉണ്ടായിരിക്കണം . എക്സ്ട്രാ ക്ലാസ് , പ്രൊജക്റ്റ് വർക്ക് , ട്യൂഷൻ എന്നിങ്ങനെ കള്ളം പറഞ്ഞു കാമുകനുമായി സിനിമ കാണാനും , പാർക്കിൽ പോയി ഇരിക്കാനും പോകുന്ന പെൺകുട്ടികൾ നഗരങ്ങളിലെ നിത്യ കാഴ്ചയാണ്. ക്ലാസ്‌ ഉണ്ടോ , കുട്ടി അവിടെ എത്തിയിട്ടുണ്ടോ എന്നും ഇടയ്ക്കിടെ വിളിച്ചു ചോദിക്കുന്നത് നല്ലതാണ് .
# ആണും പെണ്ണും ഒത്തുകൂടുന്ന പാർട്ടികൾ, സഹ പാ ഠികളായ ആൺകുട്ടികൾ നൽകുന്ന ട്രീറ്റ് ,കൂട്ടുകാരുടെ വീടുകൾ , മറ്റു പ്രോഗ്രാമുകൾ ഇവയ്ക്കു പോകുമ്പോൾ ലഭിക്കുന്ന ജ്യൂസ് , സോഫ്റ്റ് ഡ്രിങ്ക്സ്, മധുര പലഹാരങ്ങൾ ഇവ കുടിക്കുന്നതും കഴിക്കുന്നതും കഴിവതും ഒഴിവാക്കാൻ പെൺകുട്ടികൾ ശ്രമിക്കണം. മയക്കുമരുന്ന് കലർത്തി ഇത്തരം അവസരങ്ങളിൽ പെൺകുട്ടികളെ പീഡിപ്പിച്ച നൂറുകണക്കിന് സംഭവങ്ങൾ ഉണ്ട് .
# അപരിചിതരും , പരിചയക്കാരും നൽകുന്ന ലിഫ്റ്റ് ഒഴിവാക്കണം . വീട്ടിലേക്കുള്ള വഴി വിജനമാണെങ്കിൽ ഒറ്റയ്ക്ക് സഞ്ചാരം ഒഴിവാക്കണം.
# ആൺകുട്ടികളും സൂക്ഷിക്കേണ്ടതുണ്ട് . പ്രകൃതി വിരുദ്ധ പീഡനത്തിന് ആൺകുട്ടികളെ ഇരയാക്കിയ നിരവധി വാർത്തകൾ നാം കേൾക്കാറുണ്ട് . പരിചയക്കാരായാലും , അപരിചിതർ ആയാലും സമ്മാനങ്ങൾ നൽകി അടുത്തുകൂടുന്നവരെ, ശരീരത്തിൽ അനാവശ്യമായി സ് പർശിക്കുന്നവരെ, മൊബൈൽ തരാം , ഐസ് ക്രീം വാങ്ങിത്തരാം എന്നിങ്ങനെ വാഗ്‌ദാ നങ്ങൾ നൽകുന്നവരെ , ലിഫ്റ്റ് നൽകുന്നവരെ ഒക്കെ ഒഴിഞ്ഞു മാറുന്നതാണ് നല്ലതെന്നു നമ്മുടെ കുട്ടികളെ ചെറുപ്പത്തിലേ പഠിപ്പിക്കണം . അപരിചിതർ എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞു അടുത്തുകൂടുമ്പോൾ അവിടെ നിന്നും ഓടി രക്ഷപെടാൻ ആൺ കുട്ടികളോട് പറയണം.
# അവസാനമായി കുട്ടികളെ ദൈവ ഭയത്തിൽ വളർത്തുക. നമ്മെ ആരെല്ലാം സംരക്ഷിച്ചാലും അപകടം നേരിടാം. എന്നാൽ ദൈവീക സംരക്ഷണം എല്ലാത്തിൽ നിന്നും സംരക്ഷിക്കും. കുടുംബത്തിൽ പ്രാർത്ഥനയുടെ അന്തരീക്ഷം ഉണ്ടാക്കുക.

– ഡഗ്ളസ് ജോസഫ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.