‘സ്വയം’: സൗജന്യ പഠനത്തിന്റെ ഓണ്‍ലൈന്‍ വാതായനം

ഡൽഹി: നരവംശ ശാസ്ത്രം മുതല്‍ വേദിക് ഭാഷ വരെ, ഫൊറന്‍സിക് സയന്‍സ് മുതല്‍ ധനകാര്യ മാനേജ്‌മെന്റ് വരെ വൈവിധ്യങ്ങളായ കോഴ്‌സുകള്‍ ഓണ്‍ലൈനായി പഠിക്കാന്‍ അവസരം. സൗകര്യമൊരുക്കുന്നതോ, കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും. യു.ജി.സി.യുടെ സഹായ സഹകരണങ്ങളുമുണ്ട് ഇതിന്.
പ്ലസ് ടു കഴിഞ്ഞുനില്‍ക്കുന്നവര്‍, ബിരുദപഠനം കഴിഞ്ഞവര്‍, ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍… എല്ലാവര്‍ക്കും പഠിക്കാവുന്ന കോഴ്‌സുകളുടെ ഒരു നിരതന്നെയുണ്ട് ഇവിടെ. മാസ്സീവ് ഓണ്‍ലൈന്‍ ആന്‍ഡ് ഓപ്പണ്‍ കോഴ്‌സസ് (എം.ഒ.ഒ.സി.മൂക്) എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ഇതിനായി സ്വയം (SWAYAM Study Webs Of Active Learning For Young Aspiring Minds) എന്ന പേരില്‍ മൂകിന്റെ വെബ് പോര്‍ട്ടല്‍ സജ്ജമാണ്.
ലക്ഷ്യം 2000 കോഴ്‌സുകള്‍

ആര്‍ട്‌സ്, സയന്‍സ്, കൊമേഴ്‌സ്, സോഷ്യല്‍ സയന്‍സ്, എന്‍ജിനീയറിങ്, ടെക്‌നോളജി മുതലായ വിഭാഗങ്ങളിലായി 2000 കോഴ്‌സുകള്‍ ഓണ്‍ലൈനായി ചെയ്യാന്‍ അവസരമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. 200 കോഴ്‌സുകള്‍ ഇപ്പോള്‍ത്തന്നെ ഇതില്‍ ലഭ്യമാണ്. ഓഡിയോവീഡിയോ, ഇബുക്ക്, വിവരണാത്മകം, ടെക്സ്റ്റ് പുസ്തകങ്ങള്‍, കേസ് സ്റ്റഡികള്‍, ഗവേഷണ പ്രബന്ധങ്ങള്‍ തുടങ്ങിയ രീതികളെല്ലാം വിവിധ കോഴ്‌സുകളിലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജോലിക്കൊപ്പം കോഴ്‌സ് പൂര്‍ത്തിയാക്കാം
അക്കാദമിക രംഗത്തെ മുതിര്‍ന്നയാളുകള്‍ ചേര്‍ന്ന സംഘമാണ് കോഴ്‌സുകളുടെ ഘടന തയ്യാറാക്കിയിരിക്കുന്നത്. ഗുണനിലവാരം ചോര്‍ന്നുപോകാതെ കോഴ്‌സുകളുടെ സിലബസ് തയ്യാറാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഈ രംഗത്തു പ്രവര്‍ത്തിച്ചവര്‍ പറയുന്നു. ജോലിക്കൊപ്പംതന്നെ കോഴ്‌സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടാനാകും. സര്‍വകലാശാലകളില്‍ നിലവില്‍ പഠിക്കുന്നവര്‍ക്ക് അവരുടെ കോഴ്‌സിന്റെ 20 ശതമാനം ക്രെഡിറ്റുകള്‍ ഇത്തരം ഓണ്‍ലൈന്‍ കോഴ്‌സുകളിലൂടെ പൂര്‍ത്തിയാക്കാമെന്ന സൗകര്യവുമുണ്ട്.

ആറ് കോഓര്‍ഡിനേറ്റര്‍മാര്‍ യു.ജി.സി. നിര്‍ദേശപ്രകാരം സര്‍ക്കാര്‍ ആറ് ദേശീയ മൂക് കോഓര്‍ഡിനേറ്റര്‍മാരെയാണ് ഓണ്‍ലൈന്‍ കോഴ്‌സുകളുടെ ചുമതല ഏല്പിച്ചിരിക്കുന്നത്. എന്‍.സി.ഇ.ആര്‍.ടി., ഇന്ദിരാഗാന്ധി ദേശീയ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എന്നിവ ഇതിലുള്‍പ്പെടുന്നു. കോഴ്‌സുകളുടെ ഇഉള്ളടക്കം സ്വന്തമാക്കാന്‍ അധ്യാപകര്‍ക്കും അവസരമുണ്ട്. സ്മാര്‍ട്ട് ഫോണിലൂടെയും ‘സ്വയം’ പോര്‍ട്ടല്‍ സുഗമമായി ലഭിക്കും. ഓണ്‍ലൈനില്‍ അസൈന്‍മെന്റുകള്‍ നല്‍കാനും ഇവ വിലയിരുത്തി ഗ്രേഡുകള്‍ നല്‍കാനും വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

പരീക്ഷ ഓണ്‍ലൈനിലും കട്ടിയേറിയ പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന വിധത്തില്‍ ഗ്രാഫിക്‌സുകളും അനിമേഷനുകളും ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. വീഡിയോയില്‍ തയ്യാറാക്കിയ പാഠഭാഗങ്ങളുമുണ്ട്. ഓണ്‍ലൈനായോ അല്ലാതെയോ ആയിരിക്കും പരീക്ഷ നടത്തുക.

നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ മാതൃവിദ്യാലയം മൂക് കോഴ്‌സുകള്‍ക്ക് സ്വന്തമായി ക്രെഡിറ്റ് അനുവദിക്കും. മൂകും മാതൃവിദ്യാലയവും ചേര്‍ന്നായിരിക്കും ഓണ്‍ലൈന്‍ കോഴ്‌സുകളിലെ വിദ്യാര്‍ഥിയുടെ നിലവാരം പരിശോധിക്കുക. ലഭിക്കുന്ന മാര്‍ക്കുകള്‍ പരീക്ഷനടന്ന് നാലാഴ്ചയ്ക്കുള്ളില്‍ വിദ്യാര്‍ഥികളെയും മാതൃ വിദ്യാലയത്തെയും അറിയിക്കും.

(കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദർശിക്കുക: http://www.swayam.gov.in)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.