അയർലൻഡിലെ ആദ്യ മെഗാ ബൈബിൾ ക്വിസ് 2026: ആദ്യ റൗണ്ട് പൂർത്തിയായി

ഡബ്ലിൻ: ക്രൈസ്തവ എഴുത്തുപുര അയർലൻഡ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അയർലൻഡിലെ ആദ്യ മെഗാ ബൈബിൾ ക്വിസ് 2026-ന്റെ ആദ്യ റൗണ്ട് സെപ്റ്റംബർ 13 ഞായറാഴ്ച വിജയകരമായി പൂർത്തിയായി. അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ പരീക്ഷാ കേന്ദ്രങ്ങളിൽ നിരവധി മത്സരാർഥികൾ ആവേശത്തോടെ പങ്കെടുത്തു.

News Middle Advt Banner

വാട്ടർഫോർഡ്, കോർക്ക്, റോസ്കോമൺ, ഡുലീക്ക്, ഡബ്ലിൻ, സ്ലൈഗോ എന്നിവിടങ്ങളിലായാണ് ആദ്യ റൗണ്ട് മത്സരങ്ങൾ നടന്നത്. പൂർണ്ണ ബൈബിളിനെ അടിസ്ഥാനമാക്കി മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നത്. പ്രായപരിധിയില്ലാതെ പങ്കെടുക്കാൻ അവസരം ഒരുക്കിയതിനാൽ വിവിധ പ്രായത്തിലുള്ളവരുടെ മികച്ച പങ്കാളിത്തം ക്വിസിന് ലഭിച്ചു.

ആദ്യ റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ച് യോഗ്യത നേടുന്നവരാണ് ഗ്രാൻഡ് ഫൈനലിൽ മാറ്റുരയ്ക്കുക. ഒക്ടോബർ 17-ന് വാട്ടർഫോർഡിലാണ് ഗ്രാൻഡ് ഫൈനൽ നടക്കുന്നത്. ബൈബിൾ പരിജ്ഞാനവും വചനപഠനത്തിലെ മികവും മാറ്റുരയ്ക്കുന്ന ആവേശകരമായ മത്സരത്തിനാണ് സംഘാടകർ ഒരുക്കം നടത്തുന്നത്.

ഫൈനൽ റൗണ്ടിലെ വിജയികൾക്കായി ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനം €500, രണ്ടാം സമ്മാനം €300, മൂന്നാം സമ്മാനം €200 എന്നിങ്ങനെയാണ് പ്രധാന സമ്മാനങ്ങൾ. ഇതിനു പുറമെ മറ്റ് ആകർഷകമായ സമ്മാനങ്ങളും നൽകുമെന്ന് സംഘാടകർ അറിയിച്ചു.

ആദ്യ റൗണ്ട് വിജയകരമാക്കാൻ സഹകരിച്ച മത്സരാർഥികൾ, പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കിയവർ, സംഘാടകർ, സ്പോൺസർമാർ തുടങ്ങിയ എല്ലാവർക്കും ക്രൈസ്തവ എഴുത്തുപുര അയർലൻഡ് ചാപ്റ്റർ ഭാരവാഹികൾ നന്ദി അറിയിച്ചു.

ആദ്യ റൗണ്ടിന്റെ ആവേശം പിന്നിട്ട് ഇനി ഗ്രാൻഡ് ഫൈനലിനായുള്ള കാത്തിരിപ്പിലാണ് മത്സരാർഥികളും ബൈബിൾ പഠനത്തെ സ്നേഹിക്കുന്നവരും. അയർലൻഡിലെ ബൈബിൾ വിജ്ഞാനത്തിന്റെ മികവ് തെളിയിക്കുന്ന വേദിയായി മെഗാ ബൈബിൾ ക്വിസ് 2026-ന്റെ ഫൈനൽ മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading