വയനാട് മീനങ്ങാടിയിൽ ഏജി മലബാർ ഡിസ്ട്രിക്ടിന്റെ ട്രിനിറ്റി ബൈബിൾ കോളേജിന് ശിലാസ്ഥാപനം നടന്നു

 

മീനങ്ങാടി: അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിലിന്റെ വേദപാഠശാലയായ ട്രിനിറ്റി ബൈബിൾ കോളേജിന്റെ സ്ഥിരം ക്യാമ്പസിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

 

വയനാട് ജില്ലയിലെ മീനങ്ങാടി ടൗണിനടുത്ത് ഇതിനായി സ്വന്തമാക്കിയ സ്ഥലത്ത് നടന്ന ശിലാസ്ഥാപന ചടങ്ങിൽ കോളേജ് പ്രസിഡന്റ് ഡോ. എ. യു. ജോർജ് ശിലാസ്ഥാപനം നിർവഹിച്ചു.

പ്രിൻസിപ്പാളും എ.ജി. മലബാർ ഡിസ്ട്രിക്ട് കൗൺസിൽ സുപ്രണ്ടുമായ റവ. ഡോ. വി. ടി. എബ്രഹാം ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

 

1994-ൽ കണ്ണൂർ ജില്ലയിലെ തളാപ്പിൽ ആരംഭിച്ച ട്രിനിറ്റി ബൈബിൾ കോളേജ് പിന്നീട് വിവിധ ഘട്ടങ്ങളിലൂടെ വളർന്നു ഇന്ന് കോഴിക്കോട് നഗരത്തിലാണ് പ്രവർത്തിച്ചു വരുന്നത്. മലബാർ മേഖലയിലെ സുവിശേഷപ്രവർത്തനത്തിനും ആത്മീയ ശുശ്രൂഷകളുടെ പരിശീലനത്തിനും മലബാറിൽ നിർണ്ണായക സംഭാവന നൽകി വരുന്ന ഒരു അനുഗ്രഹീത വേദപാഠശാലയായാണിത്. പുതിയ ക്യാമ്പസ് സ്ഥാപിതമാകുന്നതോടെ അക്കാദമികവും ആത്മീയവുമായ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനാകുമെന്ന് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.

 

ചടങ്ങിൽ ഡിസ്ട്രിക്ട് കൗൺസിൽ അംഗങ്ങൾ, പ്രസ്ബിറ്ററി അംഗങ്ങൾ, പാസ്റ്റർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ, വിവിധ സഭകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കോളേജ് ബോർഡ് അംഗങ്ങളായ ജോമോൻ കിനാലത്ത്, ജോസഫ് മൂത്തുറ്റ്, ക്രൈസ്തവ ചിന്ത ചീഫ് എഡിറ്റർ കെ. എൻ. റസ്സൽ, ഐ.എ.ജി. യു.കെ ചെയർമാൻ റവ. ബിനോയ് ഏബ്രഹാം എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

 

പുതിയ കെട്ടിട സമുച്ചയം നിലവിൽ വരുന്നതോടെ മലബാർ മേഖലയിലെ ശുശ്രൂഷാ പരിശീലന രംഗത്ത് ട്രിനിറ്റി ബൈബിൾ കോളേജിന്റെ പ്രവർത്തനം പുതിയ തലത്തിലേക്ക് കടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading