ലേഖനം: ദൈവീക സാമീപ്യത്തിന്റെ അനുഗ്രഹങ്ങൾ | ഡെല്ല ജോൺ

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം.18 വയസ്സ് പൂർത്തിയായ എല്ലാ യുവാക്കളും യുദ്ധമുഖത്തേക്ക് ഇറങ്ങണമെന്ന് ബ്രിട്ടീഷ് ഗവൺമെന്റ് ഒരു ഉത്തരവിറക്കി. യുദ്ധമുന്നണിയിലേക്ക് സജ്ജരായി ഇറങ്ങുവാൻ എല്ലാ യുവാക്കളും നിർബന്ധിതരായി. തങ്ങളുടെ പ്രിയപ്പെട്ടവരെ യാത്രയാക്കുവാൻ വന്ന ബന്ധുമിത്രാദികളുടെ വികാരഭരിതമായ രംഗങ്ങളാൽ റെയിൽവേ സ്റ്റേഷനുകളും വിമാനത്താവളങ്ങളും നിറഞ്ഞു. യുദ്ധമുഖത്ത് നിന്ന് ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്നുറപ്പില്ലാതെ പ്രിയപ്പെട്ടവരെ യാത്രയാക്കുവാൻ വന്നവരൊക്കെ വിതുമ്പി. അക്കൂട്ടത്തിൽ തന്റെ ഏക മകനെ യാത്രയാക്കാൻ വന്ന വിധവയായ ഒരു അമ്മയും ഉണ്ടായിരുന്നു. മകനെ കെട്ടിപ്പിടിച്ച് യാത്രയാക്കി. ട്രെയിൻ ചൂളമടിച്ച് യാത്ര ആരംഭിച്ചപ്പോൾ ട്രെയിനിൽ പിന്നാലെ ഓടി ആ അമ്മ നിറകണ്ണുകളോടെ മോനോട് ഇങ്ങനെ വിളിച്ചു പറഞ്ഞു. മോനെ…. യുദ്ധമുഖത്ത് നിൽക്കുമ്പോൾ ജനറലിനോട് ചേർന്നു നിൽക്കണം. യുദ്ധമുന്നണിയിൽ ജനറലിനോട് ചേർന്ന സ്ഥലമാണ് സുരക്ഷിത ഇടം എന്ന് ആരോ പറഞ്ഞ അറിവ് ആ അമ്മയ്ക്ക് ഉണ്ടായിരുന്നു. നിറഞ്ഞൊഴുകുന്ന മിഴിനീർ ഇരുവരുടെയും കാഴ്ചയെ മറച്ചുകൊണ്ടു ട്രെയിൻ മുന്നോട്ടു കുതിച്ചു.

 

ദശാബ്ദങ്ങൾക്ക് മുൻപ് നടന്ന ഹൃദയസ്പർശിയായ ഒരു സംഭവകഥയാണ് മുകളിൽ ഉദ്ധരിച്ചത്. യുദ്ധമുന്നണിയിൽ ജനറലിനോട് ചേർന്ന സ്ഥലം സുരക്ഷിതമെന്ന് അമ്മ മനസ്സിലാക്കിയത് പോലെ വിശ്വാസ പോർക്കളത്തിൽ ആയിരിക്കുന്ന ദൈവ മക്കൾ മനസ്സിലാക്കേണ്ട ഒരു സത്യമാണ് ദൈവത്തോടുള്ള കൂട്ടായ്മയാണ് വിശ്വാസികളുടെ ജീവിതത്തിലെ ഏറ്റവും സുരക്ഷിതമായ ഇടമെന്നത്.

ജീവിതത്തിലെ നഷ്ടങ്ങളെ പല അളവുകോലുകൾ ഉപയോഗിച്ചാണ് പലരും അളന്ന് തിട്ടപ്പെടുത്തുന്നത്. ചിലർ മക്കളുടെ നഷ്ടത്തെ ഏറ്റവും വലിയ നഷ്ടമായി കരുതുമ്പോൾ മറ്റുചിലർ ആരോഗ്യ നഷ്ടമാണ് വലുത് എന്ന് വിചാരിക്കുന്നു. ധനസ്രോതസ്സ്,പദവി, സൗഹൃദങ്ങൾ ഇവയുടെയൊക്കെ നഷ്ടം വലുതായി കാണുന്നവരുണ്ട്. നഷ്ടങ്ങൾ ഉണ്ടാകുമ്പോഴാണ് അവയുടെ യഥാർത്ഥ മൂല്യം നാം മനസ്സിലാക്കുന്നത്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്നുള്ള പ്രയോഗം ഈ അർത്ഥത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

ഭക്തനായ ഇയ്യോബ് ദൈവിക കൂട്ടായ്മയുടെ അനുഗ്രഹം നന്നായി അനുഭവിച്ചറിഞ്ഞ ആളാണ്.
താൻ സ്വയം തന്റെ ജീവിതത്തെ വിലയിരുത്തുമ്പോൾ ഏറ്റവും വലിയ നഷ്ടമായി കണക്കാക്കുന്നത് ദൈവസാമീപ്യത്തിന്റെ അഭാവമാണ്.സർവ്വശക്തൻ കൂടെയുള്ളപ്പോൾ ഉള്ള അനുഗ്രഹങ്ങളുടെ നീണ്ട പട്ടിക ഇയ്യോബിന്റെ പുസ്തകത്തിൽ നാം കാണുന്നുണ്ട്.എന്നാൽ ദൈവീക കൂട്ടായ്മയുടെ വലയം നഷ്ടപ്പെട്ടപ്പോഴുള്ള പ്രതിസന്ധിയുടെ നേർചിത്രവും അവിടെ വിവരിക്കുന്നുണ്ട്. ദൈവത്തിന്റെ സഖ്യത ഒരുവന് ഉണ്ടായിരിക്കുക എന്നത് വലിയ പദവിയാണ്, ഭാഗ്യമാണ്, അനുഗ്രഹമാണ്.അതിന്റെ നഷ്ടവും അത്രതന്നെ വലുതാണ്.ദൈവം കൂടെയുള്ളപ്പോൾ ഭക്തന്റെ ഭവനത്തിൽ ആശ്വാസവും സംതൃപ്തിയും ഉണ്ടായിരുന്നു.രാജ്യത്ത് ആദരവും ബഹുമാനവും ഉണ്ടായിരുന്നു.എന്നാൽ ദൈവം തന്നിൽ നിന്ന് അകന്നു മാറിയോ എന്ന് സംശയിക്കത്തക്ക വിധത്തിൽ ഒട്ടനവധി പ്രതികൂലങ്ങളും തന്റെ ജീവിതത്തിൽ നേരിട്ടിട്ടുണ്ട്. പക്ഷേ അവയിൽ ഒന്നും പതറി പോകാതെ, ദൈവത്തിന്റെ നിശബ്ദതയെ നിസ്സംഗതയായി കണക്കാക്കാതെ ദൈവിക വിശ്വസ്തതയിൽ നിന്ന് വ്യതിചലിക്കാതെ സഹനത്തിലൂടെ കടന്നുപോകുവാൻ പ്രാപ്തനാക്കിയത് ഈ ദൈവീക സാന്നിധ്യമായിരുന്നു.

ദൈവസാന്നിധ്യം ചോർന്നുപോകാതെ ദൈവത്തോട് ചേർന്നിരിക്കുക എന്നതാണ് ദൈവ വിശ്വാസിയെ സംബന്ധിച്ചു മുഖ്യമായത്. ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്ക് നല്ലത് എന്ന് ഇസ്രായേലിന്റെ മധുരഗായകനായ ദാവീദ് പാടുമ്പോൾ ദൈവസാന്നിധ്യം കൂടെ പോരുന്നില്ലെങ്കിൽ എന്നെ അയക്കരുത് എന്ന് ഇസ്രായേലിന്റെ വിടുതലിന്റെ നായകൻ മോശെ പ്രാർത്ഥിക്കുന്നു. നിത്യജീവന്റെ വചനങ്ങൾ പക്കലുള്ള കർത്താവിനെ വിട്ട് മറ്റൊരു അടുത്തേക്കും പോകാൻ ഇല്ല എന്നതാണ് പത്രോസിന് ലഭിച്ച ഉൾക്കാഴ്ച.

ഈ ലോകത്തിൽ ജീവിക്കുന്ന എല്ലാവർക്കും പ്രശ്നങ്ങളും കഷ്ടങ്ങളും ഉണ്ട്.എന്നാൽ ഇവയെ നേരിടുവാൻ ഭക്തനെ പ്രാപ്തനാക്കുന്നത് ദൈവീക സാന്നിധ്യത്തിലൂടെ ലഭിക്കുന്ന ചൈതന്യമാണ്. ഈ നാളുകളിൽ ദൈവസന്നിധ്യത്തിൽ നിന്ന് നമ്മെ പുറകോട്ടു വലിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് ഇമ്മാനുവേൽ ആയ ദൈവത്തിന്റെ സജീവസാന്നിധ്യത്തിൽ ദൈവിക കൂട്ടായ്മയിൽ നിലനിൽക്കുവാൻ നമുക്ക് ഉത്സാഹിക്കാം…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.