വീണ്ടും യുദ്ധം: ഇസ്രയേലിലേക്ക് അയ്യായിരത്തിലധികം റോക്കറ്റുകള്‍ വര്‍ഷിച്ച് ഹമാസ്

ഇസ്രയേലിനെതിരെ സൈനിക നീക്കം ആരംഭിച്ചതായി ഗാസയിലെ ഹമാസ് സംഘടന അറിയിച്ചതിനു പിന്നാലെ തിരിച്ചടിച്ച് ഇസ്രയേലും. ഗാസയില്‍നിന്നുള്ള ആക്രമണം നേരിടുകയാണെന്നും റോക്കറ്റ് പ്രതിരോധ ഉപകരണങ്ങള്‍ വിന്യസിച്ചതായും ഇസ്രയേല്‍ അറിയിച്ചു. രാജ്യത്ത് യുദ്ധാവസ്ഥ പ്രഖ്യാപിച്ചു.

ശനിയാഴ്ച പുലര്‍ച്ചെയാണ് ഓപ്പറേഷന്‍ അല്‍-അഖ്സ സ്റ്റോം എന്ന പേരില്‍ ഇസ്രയേലിനെതിരെ സൈനിക നീക്കം ആരംഭിച്ചെന്ന് ഹമാസിന്റെ സൈനിക വിഭാഗം നേതാവ് മുഹമ്മദ് ഡീഫ് പരസ്യ പ്രസ്താവനയില്‍ അറിയിച്ചത്. ഇസ്രയേലിലേക്ക് 5000 റോക്കറ്റുകള്‍ തൊടുത്തതായും ഡീഫ് അറിയിച്ചു.

ഗാസ മുനമ്പില്‍നിന്ന് റോക്കറ്റാക്രമണം ഉണ്ടായതായി ഇസ്രയേലും സ്ഥിരീകരിച്ചു. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ ആറരയോടെയാണ് ആക്രമണമുണ്ടായത്. അരമണിക്കൂറോളം നീണ്ടുനിന്നു. റോക്കറ്റാക്രമണത്തില്‍ എഴുപതുകാരിയായ ഇസ്രയേലി വനിതയ്ക്കു ഗുരുതരമായി പരുക്കേറ്റു. ടെല്‍ അവീവ് പ്രദേശം വരെ അപായ സൈറണുകള്‍ മുഴങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. ജനങ്ങള്‍ അവരുടെ വീടുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലുമുള്ള ബോംബ് ഷെല്‍ട്ടറുകള്‍ക്കുള്ളില്‍ താമസിക്കാന്‍ ഇസ്രയേല്‍ ഭരണകൂടം നിര്‍ദേശം നല്‍കി.

ഗാസയില്‍നിന്നു വ്യാപകമായി നുഴഞ്ഞുകയറ്റവും നടക്കുന്നതായി ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് പോരാളികള്‍ ഇസ്രയേലിന്റെ റോഡുകളില്‍ റോന്തു ചുറ്റുന്ന വിഡിയോകള്‍ പുറത്തുവന്നു. ഇസ്രയേല്‍ സൈനികരെ തടവിലാക്കിയതായി ഹമാസ് അവകാശപ്പെട്ടു.

എല്ലാ പലസ്തീനികളും ഇസ്രയേലിനെ നേരിടാന്‍ ഒരുങ്ങണമെന്നും മുഹമ്മദ് ഡീഫ് ഇന്നു രാവിലെ പ്രസ്താവനയില്‍ ആഹ്വാനം ചെയ്തിരുന്നു. ഇസ്രയേലിന്റെ ഒന്നിലധികം വധശ്രമങ്ങളെ അതിജീവിച്ച ഡീഫ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറില്ല. ശബ്ദസന്ദേശമായാണ് ഡീഫിന്റെ പ്രസ്താവന പുറത്തുവന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.