മണിപ്പുർ സർക്കാരിന്റെ ഭാഗത്തുനിന്ന്‌ യാതൊരുവിധ സഹായവും പിന്തുണയും സഭയ്‌ക്ക്‌ ലഭിച്ചില്ലെന്ന് ഇംഫാൽ ആർച്ച്‌ ബിഷപ്

ന്യൂഡൽഹി:
കലാപത്തിൽ പള്ളികളും സ്‌കൂളുകളും മറ്റും വ്യാപകമായി തകർക്കപ്പെടുകയും കോടികളുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്‌തിട്ടും സംസ്ഥാന ബിജെപി സർക്കാരിന്റെ ഭാഗത്തുനിന്ന്‌ യാതൊരുവിധ സഹായവും പിന്തുണയും കത്തോലിക്കാസഭയ്‌ക്ക്‌ ലഭിച്ചില്ലെന്ന്‌ ഇംഫാൽ ആർച്ച്‌ബിഷപ്‌ ഡൊമിനിക്‌ ലുമോൺ രാജ്യസഭാംഗങ്ങളോടെ പറഞ്ഞു. ‘ഇന്ത്യ’ എംപിമാരുടെ പ്രതിനിധിസംഘം മണിപ്പുർ സന്ദർശിച്ച് ഇംഫാലിലെ ബിഷപ്‌ഹൗസ്‌ സന്ദർശിച്ച്‌ പിന്തുണയും ഐക്യദാർഢ്യവും ആർച്ച്‌ബിഷപ്പിനെ അറിയിച്ചു.

കലാപത്തിൽ കത്തോലിക്കാസഭയ്‌ക്ക്‌ മാത്രം അമ്പത്‌ കോടിയോളം രൂപയുടെ നാശനഷ്ടം സംഭവിച്ചു. സഭയുടെ 16 പള്ളി തകർത്തു. മെയ്‌ത്തീ ക്രൈസ്‌തവരുടേതായി 249 പള്ളിയും ആകെ അറുന്നൂറോളം പള്ളികളും മണിപ്പുരിൽ നശിപ്പിച്ചു. ആഭ്യന്തര മന്ത്രി അമിത്‌ ഷാ മണിപ്പുരിൽ വന്നപ്പോഴും കത്തോലിക്കാസഭയുമായോ ബിഷപ്‌ഹൗസുമായോ ബന്ധപ്പെട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന്‌ സഹായമോ പിന്തുണയോ അറിയിച്ച്‌ ഒരു ഫോൺവിളി പോലുമുണ്ടായില്ല.
സമാധാനശ്രമങ്ങളിൽ കത്തോലിക്കാസഭയെ സർക്കാർ ഉൾപ്പെടുത്തുന്നില്ല. കലാപഘട്ടത്തിൽ അക്രമികൾ അഴിഞ്ഞാടുകയായിരുന്നു. സഭയുടെ പള്ളികൾക്ക്‌ പുറമെ സ്‌കൂളുകളും ഹോസ്റ്റലുകളും പാസ്റ്റർ പരിശീലന ഇൻസ്‌റ്റിറ്റ്യൂട്ടും തകർത്തു. വിലപിടിപ്പുള്ളതെല്ലാം കൊള്ളയടിച്ചു.

കന്യാസ്‌ത്രീകളുടെ കോൺവെന്റുകളിൽ കയറിയും വസ്‌തുവകകൾ കൊള്ളയടിച്ചു–- ആർച്ച്‌ബിഷപ്‌ പറഞ്ഞു. വികാർ ജനറൽ ഫാദർ വർഗീസ്‌ വെളിക്കകം, സിഎംഐ പുരോഹിതൻ ഫാദർ മാത്യു ചന്ദ്രൻകുന്നേൽ എന്നിവരും കൂടിക്കാഴ്‌ചയിൽ പങ്കാളികളായി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.