പരിണാമ സിദ്ധാന്തം ഉൾപ്പെടുത്തണം: അക്കാദമിക്‌ വിദഗ്‌ധർ

ന്യൂഡൽഹി:
ചാൾസ്‌ ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ എൻസിഇആർടിയുടെ പത്താം ക്ലാസ്‌ പാഠപുസ്‌തകത്തിൽനിന്ന്‌ ഒഴിവാക്കിയതിനെതിരായി ശാസ്‌ത്രജ്‌ഞരും അധ്യാപകരും അടക്കമുള്ള അക്കാദമിക്ക്‌ വിദഗ്‌ധർ രംഗത്ത്‌. ഐഐടികൾ ഐസറുകൾ ടാറ്റാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫണ്ടമെന്റൽ റിസർച്ച്‌ തുടങ്ങി വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നടക്കം 1800 ശാസ്‌ത്രജ്ഞരും അധ്യാപകരുമാണ്‌ എൻസിഇആർടി നടപടിയെ വിമർശിച്ച്‌ രംഗത്തുവന്നത്‌. പരിണാമ സിദ്ധാന്തം അടക്കമുള്ള ഭാഗങ്ങൾ പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തണമെന്ന്‌ എൻസിഇആർടിക്ക്‌ അയച്ച തുറന്ന കത്തിൽ ശാസ്‌ത്രജ്‌ഞരുംമറ്റും ആവശ്യപ്പെട്ടു.

പത്താം ക്ലാസ്‌ സയൻസ്‌ പാഠപുസ്‌തകത്തിലെ ‘ഹെറിഡിറ്റി ആൻഡ്‌ എവല്യൂഷൻ’ എന്ന പാഠത്തിലാണ്‌ മാറ്റം. എവല്യൂഷൻ ഒഴിവാക്കി ഹെറിഡിറ്റി മാത്രം നിലനിർത്തി. ഇതോടെ പരിണാമം, ആർജ്ജിത ഗുണങ്ങളും പാരമ്പര്യ ഗുണങ്ങളും, പരിണാമ ബന്ധങ്ങളുടെ കണ്ടെത്തൽ, ഫോസിലുകൾ, പരിണാമം ഘട്ടങ്ങളായി, മനുഷ്യന്റെ പരിണാമം തുടങ്ങിയ പാഠഭാഗങ്ങൾ ശാസ്‌ത്ര പുസ്‌തകത്തിന്‌ പുറത്തായി.

കുട്ടികളിൽ ശാസ്‌ത്രാവബോധം വളർത്തുന്നതിനായി പരിണാമ പ്രക്രിയ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണെന്ന്‌ എൻസിഇആർടിക്കുള്ള തുറന്ന കത്തിൽ വ്യക്തമാക്കി. പരിണാമ പ്രക്രിയയും മറ്റും കുട്ടികളെ പഠിപ്പിക്കാത്തത്‌ വിദ്യാഭ്യാസ പ്രക്രിയയെ അവഹേളിക്കുന്നതിന്‌ തുല്യമാണ്‌. ബയോളജിയുടെ ഒരു ഉപശാഖ എന്ന നിലയിൽ മാത്രമല്ല ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കുന്നതിനും പരിണാമ പ്രക്രിയ അറിഞ്ഞിരിക്കണമെന്നും കത്തിൽ പറഞ്ഞു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading