ജർമനിയിലെ യഹോവസാക്ഷി പ്രാർഥനാ ഹാളിൽ വെടിവയ്പ്; എട്ടു മരണം
ബെർലിൻ: വടക്കൻ ജർമനിയിലെ ഹാംബർഗ് നഗരത്തിൽ യഹോവസാക്ഷി ക്രിസ്ത്യൻ പ്രാർഥനാലയത്തിലുണ്ടായ വെടിവയ്പിൽ അക്രമിയടക്കം എട്ടുപേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഗർഭിണിയും ഏഴു മാസമായ ഗർഭസ്ഥശിശുവും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള ഫിലിഫ് എഫ് എന്നയാളാണ് കൃത്യം നടത്തിയതെന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾ മുന്പ് ഈ സഭയിൽ അംഗമായിരുന്നു. ആക്രമണത്തിനുള്ള പ്രേരണ വ്യക്തമല്ല. മരിച്ചവരെല്ലാം ജർമൻ പൗരന്മാരാണ്.
വ്യാഴാഴ്ച രാത്രി ഒന്പതിനു വിശ്വാസികൾ പ്രാർഥനാഹാളിൽ ബൈബിൾ പഠനത്തിൽ ഏർപ്പെട്ടിരിക്കേയാണു ദാരുണസംഭവം അരങ്ങേറിയത്. താഴത്തെ നിലയിലുണ്ടായിരുന്നവരാണ് ആക്രമണത്തിനിരയായത്. ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഒട്ടേറെപ്പേരെ കണ്ടെത്തുകയായിരുന്നു.
മുകളിലത്തെ നിലയിൽനിന്നു വെടിയൊച്ച കേട്ട് പോലീസ് ചെന്നു നോക്കിയപ്പോൾ അക്രമിയെ മരിച്ചനിലയിലും കണ്ടെത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കറുത്തവസ്ത്രം ധരിച്ച അക്രമി ഒട്ടേറെപ്പേർക്കു നേരേ വെടിയുതിർക്കുന്നതു വീഡിയോയിൽ കാണാം.
ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് സംഭവത്തിൽ അനുശോചനം അറിയിച്ചു.