ഉപദേശി

പദേശി കുറെ നാൾ ആയി മൗനത്തിൽ ആയിരുന്നു. ചുറ്റും നടക്കുന്നത് കണ്ടില്ല, കേട്ടില്ല എന്ന് നടിച്ച് അനങ്ങാതെ ഇരുന്നു. പക്ഷെ ഉപദേശിക്കും ഇനി പറയാതെ വയ്യ.

അമ്മാതിരി തെറ്റായ പ്രവണതകളാണ് ഈ നാളുകളിൽ ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ കാണിച്ചു കൂട്ടുന്നത്. സ്വന്തം സ്വീകാര്യത വിപുലീകരിക്കാൻ ദൈവ സഭയുടെ അകത്തു നടക്കുന്ന കാര്യങ്ങൾ പരസ്യ കോലം ആക്കി ദൈവനാമം ദുഷിപ്പിക്കുന്നു. എന്തും പറയാം, ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടെങ്കിൽ ആരെയും താറടിച്ചു കാണിക്കാമെന്നാണ് ചിലരുടെ വിചാരം. ഒരിടത്തു പരസ്യ വേദികളിൽ പരിഹാസം, മറ്റൊരിടത്തു എന്തൊക്കെ നടന്നാലും ഞങ്ങൾ ഇങ്ങനെ ഒക്കെയാണ് എന്ന രീതിയിൽ ഉള്ള നടപ്പ്, വേറെ ചിലർ സഭാവേദികളിൽ നടക്കുന്ന കാര്യങ്ങളുടെ വീഡിയോകൾ വാലും തലയും ഇല്ലാതെ മുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും, കുറേപേർ വന്ന് നിജസ്ഥിതി അറിയാതെ മുറി വീഡിയോകൾ മാത്രം കണ്ടിട്ട് സഭയെയും നേതൃത്വതെയും ചീത്ത വിളിക്കുന്നു. ഇതെല്ലാം കണ്ട് പോസ്റ്റ്‌ ചെയ്തവൻ സ്വയം ഒളിഞ്ഞിരുന്നു നിർവൃതി അടയുന്നു. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ കുഴിയിൽ ചാടുന്ന പാവം വായനക്കാർ ഒന്നോർക്കുക, നിലമ്പൂർ തേക്കെന്ന വ്യാജേന മലേഷ്യൻ ഉരുപ്പടികളിൽ പോളിഷ് പൂശി കച്ചവടം നടത്തി ജനങ്ങളെ പറ്റിക്കുന്ന കാലമാണിത്.

ഉപദേശിക്ക് മനസിലാകുന്നില്ല, ഏതു വിധത്തിലാണ് ഇത്തരം മുറി വീഡിയോകൾ ഷെയർ ചെയ്യുന്നതോടുകൂടി ദൈവനാമം മഹത്വപ്പെടുന്നതെന്ന്. യഥാർത്ഥത്തിൽ ദൈവനാമം ദുഷിക്കുവല്ലേ ഇക്കൂട്ടർ ചെയ്യുന്നത്? ദൈവദാസന്മാരേയും ദൈവസഭയേയും പരസ്യ കോലമാക്കുവാൻ പൊതു സമൂഹത്തിനു മുന്നിലേക്ക് എറിഞ്ഞു കൊടുക്കുവല്ലേ ഇക്കൂട്ടർ ചെയ്യുന്നത്. ഇതെല്ലാം ചെയ്യുന്നതിൽ ഇവർക്കോ സമൂഹത്തിനോ എന്ത്‌ നേട്ടം?

ഇപ്പോൾ പാരമ്പര്യ പെന്തെക്കോസ്തു സഭകളോട് നല്ല ശതമാനം പുതുതലമുറക്കും താൽപ്പര്യം കുറഞ്ഞു വരുന്നു എന്ന ഗൗരവമായ ഒരു പ്രശ്നത്തെയാണ് നാം ഈ നാളുകളിൽ അഭിമുഖീകരിക്കുന്നത് . അതിന് കാരണം എന്താണെന്ന് ഈ കാലങ്ങളിൽ വിചിന്തണം ചെയ്യേണ്ടത് നമുക്ക് ആ ആവശ്യമല്ലേ? ഏതൊരു പ്രസ്ഥാനത്തിന്റെയും ഭാവി വാഗ്ദാനങ്ങൾ അവരുടെ യുവജനങ്ങളാണ്.

വ്യാജം പ്രചരിപ്പിക്കുന്ന പ്രീയ സഹോദരങ്ങളോട്… നിങ്ങളുടെ അന്ത്യം എന്താകും എന്ന് ചിന്തിക്കണം. മറ്റൊരു വ്യക്തിയുടെ അഭിമാനത്തിന് വില പറഞ്ഞിട്ടുള്ളവരും, മറ്റൊരുവന്റെ മനസിനെ അകാരണമായി മുറിപ്പെടുത്തിയവരും, അവരുടെ അവസാന കാലത്ത് വല്ലാതെ നരകിച്ചു പ്രത്യാശ നഷ്ട്ടപെട്ടുപോയ ചരിത്രം “ഭൂതമായി” നമ്മുടെ മുന്നിലുണ്ട്.

വെളിപ്പാട് പുസ്തകത്തിൽ പറയുംപോലെ അഴുക്കുള്ളവൻ അഴുക്കാകട്ടെ, വിശുദ്ധന്മാർ ഇനിയും വിശുദ്ധീകരിക്കട്ടെ. ഇതൊക്കെ അന്ത്യകാലത്തിന്റെ ലക്ഷണങ്ങളാണ്. യെശയ്യാ 40:10 ൽ പറയുന്നു, ഇതാ യഹോവയായ കർത്താവു ബലശാലിയായി വരുന്നു; അവന്റെ ഭുജം അവന്നുവേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ടു. കോതമ്പും കതിരും വേർതിരിക്കുന്ന ജോലി ദൈവത്തിനു വിട്ടുകൊടുത്തിട്ട് മാനസാന്തരത്തിനു യോഗ്യമായ ഫലം കായ്പ്പാൻ ഉപദേശി നിങ്ങളെ ഉപദേശിക്കുകയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.