കവിത: കലണ്ടർ | രാജൻ പെണ്ണുക്കര
ഒരിക്കലുമാർക്കും വേണ്ടാത്ത –
വനായി തീരുന്ന ദിനം,
ഒരാണ്ട് ചെയ്ത സേവനം
പോലും മറക്കുന്ന ദിനം.
ഞാനില്ലെങ്കിൽ ഒന്നുമില്ലെന്നുകരുതി
എന്നെ മറിച്ചു നോക്കി കാര്യങ്ങൾ
ചെയ്തവർക്കും വേണ്ടാതായി,
എന്റെ മാറിൽ കുത്തിവരച്ചവർക്കും
വേണ്ടാത്തവനായി മാറുന്ന ദിനം.
നിർദ്ദയമെൻ താളുകൾ
കീറിയെറിഞ്ഞോരോ മാസങ്ങൾ
മറക്കുവാനാവാതല്ലൊരിക്കലും,
വീണ്ടും പിറക്കുന്നു ഞാനിതാ
ഒരു പുതുപുലരിയിൽ
ഒരു പുതുവർഷത്തിൻ
സേവനത്തിനായി.
ലോകമെന്നെ ഇന്നും
കാത്തിരിക്കുന്നാ പുത്തൻ
പ്രഭാതത്തിൽ.
താളുകൾ മറിയുമ്പോൾ
ഭൂമി തിരിയുമ്പോൾ
പുതിയ പ്രതീക്ഷതൻ
തീരമണയാൻ കൊതിക്കുന്ന
മനുഷ്യാ മറന്നുപോകല്ലേ
ഞാൻ ചെയ്ത സേവനം.
പലപേരിലും നിറത്തിലും
ജനിച്ചു വീഴുന്നു ഞാനീഭൂവിൽ
എന്റെ ആയുസ്സ് വെറും പന്ത്രണ്ടു മാസമെന്നോർക്കുമ്പോൾ
നീറുന്നുണ്ടെന്മനമിന്നും.
ഞാനില്ലായെങ്കിൽ നീയില്ല
എന്ന സത്യം വിളിച്ചു
പറയുന്നി കലണ്ടർ.
ഹാപ്പി ന്യുഇയർ
പുതുവർഷത്തിൽ എടുക്കുമോ
പ്രതിജ്ഞ ദൈവത്തേ മറന്നൊന്നും
ചെയ്ക്കില്ല മേലിലും.
(രാജൻ പെണ്ണുക്കര)