ഇന്നത്തെ ചിന്ത : കാന്തയും പ്രിയന്റെ അനുരാഗവും | ജെ. പി വെണ്ണിക്കുളം
ഉത്തമ ഗീതം 1:15
എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നേ; നിന്റെ കണ്ണു പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു.
ശലോമോൻ രാജാവ് നായകനും ഗ്രാമീണ പെൺകുട്ടിയായ ശൂലേംകാരി നായികയുമായ കാവ്യപുസ്തകമാണല്ലോ ഉത്തമഗീതം. യരൂശലേമിൽ നിന്നും 80 കി. മി വടക്കുള്ള എഫ്രയീം മലനാട്ടിലുള്ള കുഗ്രാമമായ ശൂലേമിലെ സാധു പെൺകുട്ടി തന്റെ പ്രിയനുവേണ്ടി കാത്തിരിക്കുന്ന ചിത്രത്തോടുകൂടെയാണ് ഈ പുസ്തകത്തിന്റെ തുടക്കം. കാന്തയോടുള്ള പ്രിയന്റെ അനുരാഗമാണ് വാക്യം 15. ക്രിസ്തു തന്റെ കാന്തയായ സഭയോട് പ്രകടിപ്പിക്കുന്ന സ്നേഹം ഇതിനു തുല്യമത്രേ. സഭയോടുള്ള ക്രിസ്തുവിന്റെ സ്നേഹം വർണ്ണനാതീതമാണ്. എഫെസ്യർ
5:25-27 വരെ വാക്യങ്ങൾ ശ്രദ്ധിക്കുക, “ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.
അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും
കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു”. പ്രിയരേ, ലോകസ്ഥാപനത്തിന് മുന്നേ നമ്മെ കണ്ട കർത്താവിനോടുള്ള സ്നേഹത്തിൽ നമുക്ക് നിലനിൽക്കാം. മറ്റാരേക്കാളും നമ്മെ സ്നേഹിച്ചത് നമ്മുടെ കർത്താവ് മാത്രമാണ്.
ജെ. പി വെണ്ണിക്കുളം