കഥ: ഒത്തു കല്യാണം | സുബേദാർ സണ്ണി. കെ. ജോൺ രാജസ്ഥാൻ

പതിവായി കണ്ടു വന്നിരുന്ന കുറുന്തോട്ടിയും കമ്മ്യൂണിസ്റ്റ് പച്ചയും ഒന്നും ഇപ്പോൾ അവിടെ കാണാൻ ഉണ്ടായിരുന്നില്ല.മുറ്റം ചെത്തി വൃത്തിയാക്കിയിരുന്നു. ഉണങ്ങിയലസമായി കിടന്ന വാഴയിലകൾ ആരോ ചുറ്റി കെട്ടിവച്ചിരുന്നു.

മുറ്റത്ത് നിന്ന് കൊണ്ട് തന്നെ റോഷ്മിയാ ഉറക്കെ വിളിച്ചു ,

” ആനേ…”

ഒതുക്കിപ്പിടിക്കാൻ കഴിയാത്ത സന്തോഷത്തോടെ ആൻമേരി കൂട്ടുകാരിയെ സ്വീകരിക്കാൻ ഇറങ്ങി വന്നു.

” എന്താടീ….ഉറപ്പിച്ചോ… ”

ആൻമേരി ഉവ്വെന്ന് പറഞ്ഞു. എൽദോ സൗദിയിലാണ്. തരക്കേടില്ലാത്ത ജോലിയുണ്ട്. എൽദോയുമായി ദീർഘനേരം സംസാരിക്കാൻ വീട്ടുകാർ അനുമതി നൽകി. രണ്ടു വീട്ടുകാർക്കും ഇഷ്ടപ്പെട്ടു. ഞങ്ങൾക്കും …..

റോഷ്മിയ പക്ഷേ, വേറൊരു കാര്യമാണ് ചോദിച്ചത്,

“എടീ , എൽദോയ്ക്ക് അവിടെ വേറെ വല്ല ചുറ്റിക്കളിയുമുണ്ടെങ്കിലോ ….?! ലീവിങ്ങ് ടുഗതർ ? കൂടെ ജോലി ചെയ്യുന്ന പെണ്ണോ മറ്റോ ….?!!

ആൻമേരി സ്തബ്ദയായി ഇരുന്നു പോയി ! ശ്വാസം വിലങ്ങി ! നാവ് ഇറങ്ങിപ്പോയി ! വായിച്ചെടുക്കാൻ കഴിയാത്ത ഗഹനമായ ഒരു ഭാവത്തോടെ അവളിരുന്നു.

അങ്ങനെയൊരു ചിന്തയോ സംശയമോ ഇതുവരെ അവളുടെ മനോമുകരത്തിൽ ഉരുവായിരുന്നില്ല. ഇപ്പോൾ പക്ഷേ,റോസ്മിയ ചോദിച്ചപ്പോൾ …..
അലോസരമായ ഒരു വിഷാദത്തിന്റെ നനവിൽ എന്തൊക്കെയോ ഓർത്തു പോകുകയാണ് !

തടുത്തു നിർത്താൻ കഴിയാത്ത രണ്ടു തുള്ളി കണ്ണീർ അവളുടെ കപോലത്തിലൂടെ ഒലിച്ചിറങ്ങി. പെട്ടെന്ന് റോസ്മി പറഞ്ഞു,

” ശരി ശരി .പെണ്ണില്ല .പക്ഷേ അവൻ അല്പം മദ്യപിക്കുന്ന കൂട്ടത്തിൽ ആണെങ്കിലോ….. ?

ഇപ്പോൾ ആൻമേരിയുടെ ആദ്യ സംഭ്രമം അൽപം അകന്നു കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അവൾ പറഞ്ഞു,

” അങ്ങനെ സ്വഭാവദോഷം ഉണ്ടെന്നറിഞ്ഞാൽ, ഈ കല്യാണം ഞാൻ വേണ്ടെന്നു വയ്ക്കും ! ”

” പോട്ടെ. കള്ളുകുടിയില്ല. പക്ഷേ, വല്യ ഗുരുതരമല്ലാത്ത ചെറിയ ഒരു തെറ്റാണ് ചെയ്യുന്നതെങ്കിലോ …?”

” എന്ത് തെറ്റ്? ”

” സിഗരറ്റ് വലിക്കും എന്ന് വെക്കുക. നിർത്തണമെന്നുണ്ട്. പക്ഷേ, ബലഹീനത കൊണ്ട് പിന്നേം പിന്നേം വലിച്ച് പോകുന്നു…. അപ്പോഴോ….?”

സിഗരറ്റ് വലി അത്ര വലിയ പാപമൊന്നുമല്ല. പലരും വലിക്കുന്നത് അവൾ കണ്ടിട്ടുണ്ട്. എൽദോയെ അവൾക്ക് ഏറെ ഇഷ്ടമാവുകയും ചെയ്തു. എന്നിട്ടും പക്ഷേ അവൾ പറഞ്ഞത് ,

‘ അത് വേണ്ടന്ന് വയ്ക്കുമെന്ന് ‘ ആണ് !!

” ശ്ശെ! ഇതെന്നാ നീയീപ്പറയുന്നേ? ”

റോസ്മിയ ശബ്ദമുയർത്തി ചോദിച്ചു,

” എൽദോ മദ്യപിക്കുന്നില്ല , വ്യഭിചരിക്കുന്നില്ല , മറ്റ് പറയത്തക്കതായ ഒരു സ്വഭാവ ദൂഷ്യവുമില്ല.കൃത്യമായി പള്ളിയിൽ പോകുന്നുണ്ട് , കോട്ടേജ് മീറ്റിങ്ങിനും മറ്റും മറ്റും പോകുന്നുണ്ട്. പിന്നെ ഈ ഒരു ചെറിയ കാര്യത്തിന് വേണ്ടി അവനെ തള്ളിക്കളയണോ….? ”

” വേണം; എൻറെ പപ്പ വിശുദ്ധിക്ക് വേണ്ടി നിലകൊള്ളുന്ന ഒരു ദൈവ ദാസനാണ്. ആ ദൈവസഭയിലേക്ക് ബീഡി വലിക്കുന്ന ഒരു മരുമകൻ വന്നാൽ ….. ഇല്ല; അതൊരിക്കലും ഉൾക്കൊള്ളാൻ എൻറെ പപ്പയ്ക്ക് കഴിയുകയില്ല. പപ്പയ്ക്ക് വലുത് ദൈവ സഭയും അതിൻറെ വിശുദ്ധിയും ആണ് . ”

ശാന്തവും അതേ സമയം ഗൗരവവുമായ ഭാവത്തോടെ റോസ്മിയ പറഞ്ഞു,

” എന്നാ ആൻമേരി ഇനി കേൾക്കണം. ഒരു ബീഡി വലിക്കുന്നു എന്ന നിസ്സാര കാര്യത്തിന് നിൻറെ മണവാളനെ പപ്പാ റിജക്ട് ചെയ്യുന്നുവെങ്കിൽ -സ്വർഗീയ പിതാവ് തൻറെ പുത്രന്റെ മണവാട്ടി കറയും ചുളുക്കവും വാട്ടവും ഇല്ലാത്തതായിരിക്കണം എന്ന് നിർബന്ധം പിടിക്കുന്നത് തെറ്റാണോ ? ”

” നീ എന്നാ ഈ പറയുന്നേ ? എനിക്ക് മനസ്സിലാകുന്നില്ല … ”

പാസ്റ്ററുടെ മകളായിട്ടും ബൈബിൾ വായനയും പ്രാർത്ഥനയും നിന്റെ ജീവിതത്തിൽ വേണ്ടത്ര ഉണ്ടോ ? പിന്നെ വിശുദ്ധി . അത് എത്രത്തോളം ഉണ്ടെന്ന് നിനക്ക് നന്നായി അറിയാം. നീ കണ്ടതും ചെയ്തതുമായ കാര്യങ്ങൾ കുറേയൊക്കെ നീ എന്നോട് പറഞ്ഞിട്ടുണ്ടല്ലോ. എടീ , കർത്താവ് കാൽവരിയിൽ ഒഴുക്കിയ രക്തം കൊണ്ട് സമ്പാദിച്ച സഭ , ക്രിസ്തുഎന്ന ഏക പുരുഷന് വിവാഹ നിശ്ചയം ചെയ്തിരിക്കുകയാണ്…. ആ സഭ ക്രിസ്തുവിനോടുള്ള ഏകാഗ്രതയും ലക്ഷ്യബോധവും വിട്ട് മറ്റാരുടേയും പുറകെ -മറ്റാരുടേയും പുറകെ എന്നു പറയുമ്പോൾ – മറ്റൊന്നിന്റേയും പുറകെ പോകാതെ നോക്കണം . നെഞ്ചത്ത് കൈ വച്ച് നീ പറ ; കർത്താവ് നിന്നെ കൊണ്ട് പോകുമോ ….?”

” നേരാണല്ലോ ദൈവമേ …. ‘ എന്നാണ് ആൻ മേരി വിക്കി വിക്കി പറഞ്ഞത് !

” മോളു , വിശ്വാസ ജീവിതത്തിലേക്ക് കടക്കുന്നു എങ്കിൽ നൂറ് ശതമാനം അതിൻറെ വിശുദ്ധിയോട് കൂറു പുലർത്തണം. ഇതിപ്പോ ഈ ലോകത്തിലെ സുഖങ്ങൾ അനുഭവിക്കാൻ പറ്റിയോ ? ഇല്ല . എന്നാപ്പിന്നെ കർത്താവ് വരുമ്പോ ആ കൂടെ പോകാൻ പറ്റുമോ ? അതുമില്ല !! രണ്ടിനും ഇടയ്ക്ക് വെറുതെ ജീവിതം കളഞ്ഞത് മിച്ചം! ”

കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുകയാണ്. പച്ചയാർന്നു നിന്ന ഒരു കാട്ടുമരം കൊടുംകാറ്റിൽ നിപതിക്കുകയാണ്. താമിസ്രത്തിന്റെ അഗാധതയിൽ നിന്ന് ആയിരമായിരം പിശാചുക്കൾ കൈകാൽ കുത്തി ഉയർന്ന് വരികയാണ്.

ആ നിമിഷത്തിന്റെ വല്ലായ്മയിൽ നിന്ന് ആൻമേരീ കേട്ടു.

” കോഴി രണ്ടുപ്രാവശ്യം കൂകും മുമ്പ് മൂന്ന് പ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസിനെ യേശു തിരിഞ്ഞുനോക്കി എന്ന് നീ വായിച്ചിട്ടില്ലേ?”

” ഉം ”

‘ കണ്ടോ , ഞാൻ നിന്നോട് പറഞ്ഞില്ലായിരുന്നോ ;നീ എന്നെ തള്ളിപ്പറയുമെന്ന് ? എന്നാലും പത്രോസേ , ഞാൻ മുൻകൂട്ടി പറഞ്ഞിട്ടും നീ എന്നെ തള്ളി പറഞ്ഞല്ലോ . നിനക്ക് എന്നോട് സ്നേഹമില്ലാതെ പോയല്ലോ. നോക്കിക്കോ ഇനി ഞാനും നീയുമായി ഒരു ഇടപാടുമില്ല എന്ന ഭാവത്തോടെയാണ് , യേശു തിരിഞ്ഞു നോക്കിയത് എന്നല്ലേ നീ കരുതിയത് ? ”

ആൻമേരി വന്യമായ ഒരു വ്യഗ്രതയോടെ ,വരാൻ പോകുന്ന വാക്കുകൾക്കായി കൊതിച്ചു.

” യേശുവിൻറെ കണ്ണിൽ കുറ്റപ്പെടുത്തലല്ലായിരുന്നു ! സ്നേഹം മാത്രമായിരുന്നു . സാരമില്ല പത്രോസേ – ”

റോസ്മിയ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുമ്പ് ആൻമേരി നിലത്ത് മുട്ടുകുത്തിക്കൊണ്ടു ബാക്കി പറഞ്ഞു ,

” സാഹചര്യത്തിന്റെ പ്രലോഭനത്തിൽ നീ എന്നെ തള്ളിപ്പറഞ്ഞു പോയതാണ് . ഒരവസരം കൂടി ലഭിച്ചാൽ നീ പൂർവ്വാധികം ശക്തിപ്രാപിച്ച്, സമർപ്പണത്തോടെ എന്നെ സേവിക്കുമെന്ന് എനിക്കുറപ്പുണ്ട് …”

ആൻ മേരി നിർത്തിയില്ല , കർത്താവ് പത്രോസിനോടല്ല തന്നോടാണ് പറയുന്നതെന്ന് ആൻ മേരിക്ക്
വ്യക്തമായി. അവൾ കൂടുതൽ കൂടുതൽ വിശുദ്ധിക്ക് വേണ്ടി കൊതിച്ചു. ഒരു പെന്തക്കോസ്ത് പൈതലിനും മാനസാന്തരം വേണമെന്ന് ഒരു ബീഡി വലിക്കുന്ന ഉദാഹരണത്തിലൂടെ പഠിപ്പിക്കാൻ പരിശുദ്ധാത്മാവ് റോസ്മിയായെ അയച്ചിരിക്കുകയാണ്.

യേശു തന്നെ തള്ളിക്കളയാൻ സാധ്യതയുള്ള വല്ലതും തന്റെ ജീവിതത്തിൽ ഉണ്ടെങ്കിൽ അതും മാറ്റുക തന്നെ വേണമെന്ന് ആൻ മേരി ഉറച്ചു .

കണ്ണുകൾ കൂപ്പി ധ്യാനനിരതയായി ഏറെനേരം നിന്നു. പിന്നെ ആൻമേരി ഉറക്കെ ചോദിച്ചു ,

” ആരാ ….? അത് ആരാ ….? ”

” എവിടെ , ” റോസ്മിയ ചോദിച്ചു.

” മൂറും കുന്തുരുക്കവും കൊണ്ട് കച്ചവടക്കാരന്റെ സകലവിധ സുഗന്ധ ചൂർണങ്ങൾ കൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂൺ പോലെ ആരാ ആ നില്ക്കുന്നേ? ”

ആ പ്രഭാപ്രപഞ്ചം കണ്ടെന്ന പോലെ, ഇപ്പോൾ റോസ്മിയായും മുട്ടുകുത്തി ദൈവത്ത സ്തുതിക്കാൻ തുടങ്ങി.

സുബേദാർ സണ്ണി. കെ. ജോൺ രാജസ്ഥാൻ

-Advertisement-

You might also like
Comments
Loading...