ചെറുചിന്ത : മല മുകളിലെ മാനസാന്തരം | റോയ് തോമസ്, തൃശ്ശൂര്‍

ഗോല്ഗോഥാ മലയിൽ കാറ്റുവീശി. അവിടെ ചോരയുടെ മണം പരന്നു.അട്ടഹാസങ്ങളും കൂട്ടനിലവിളികളും മാത്രമേ അവിടെ ഉയർന്നു കേൾപ്പാനുണ്ടായിരുന്നുള്ളു.എല്ലാം സഹിച്ചു ആരോടും പകയില്ലാതെ, വിദ്വേഷമില്ലാതെ ദൈവപുത്രൻ കുരിശിൽ പിടയുന്നു.ഇരുവശത്തും രണ്ട് കള്ളന്മാർ.ഒന്നാമത്തവന്റെ കണ്ണിൽ ഇരുട്ടു കയറി.വേദനകൊണ്ട് പിടയുമ്പോഴും അവനോർത്തു.തന്റെ ഇടതു വശത്തു കിടക്കുന്നത് മിശിഹായാണ്.അവനൊന്നു ആഗ്രഹിച്ചാല്‍ മതി,ഞാൻ ഈ കുരിശിൽ നിന്നും സ്വതന്ത്രനാണ്.തന്റെ ആഗ്രഹങ്ങള്‍ പരിഹാസ വാക്കുകളായി പുറത്തേക്കൊഴുകി: ” നീ ദൈവപുത്രനല്ലേ ?എന്നാൽ നീ നിന്നെ തന്നെയും ഞങ്ങളെയും രക്ഷിക്ക്.” കർത്താവതിന് മറുപടിയൊന്നും പറഞ്ഞില്ല.അവനെ ഒന്നു നോക്കി.അത്ര മാത്രം. ആ നോട്ടത്തിനു മുമ്പിൽ അവൻ തളർന്നു .

ഗോല്‍ഗോഥാ മലയില്‍ കാറ്റ് വീശിക്കൊണ്ടേയിരുന്നു.രണ്ടാമത്തവൻ തന്റെ വിധിയോർത്ത് വേദനിച്ചു.ആ ചുടു കാറ്റേറ്റു അവനൊന്നു മയങ്ങി.ആ മയക്കത്തിൽ അവൻ ഒരു സ്വപ്ന ലോകത്തെത്തി.അവിടെ സ്വർലോക ഗണങ്ങളുടെ സ്തോത്രസ്വരങ്ങൾ മാത്രം. ”നിന്റെ പേരെന്താണ് ?” ഘന ഗംഭീരമായ ആ ചോദ്യത്തിനു മുമ്പിൽ അവനൊന്നു പരുങ്ങി. എങ്കിലും സത്യസന്ധമായി അവൻ മറുപടി പറഞ്ഞു.”നീ ചെയ്ത കുറ്റം ?” അതും അവന്‍ തുറന്നു പറഞ്ഞു. ” ഭൂമിയില്‍ അതിനുള്ള ശിക്ഷ ക്രൂശുമരണം.ഇവിടെ എന്താണ് ശിക്ഷയെന്ന് നിനക്കറിയാമോ ?” ”ഇ..ഇല്ല ” ”എങ്കിൽ അങ്ങോട്ട് നോക്കൂ..” അവൻ അങ്ങോട്ട് നോക്കി. നരകത്തിലെ ആ കാഴ്ചകൾ കണ്ട് അവൻ ഞെട്ടി.വയ്യ ! എനിക്കതു കാണേണ്ട.ഇതിൽ നിന്നും രക്ഷ നേടാൻ ഒരുവഴിയുമില്ലേ ? അവൻ മോഹാലസ്യപ്പെട്ടു താഴേക്ക് വീണു.

മയക്കത്തിൽ നിന്നും ഉണർന്നപ്പോൾ താൻ കുരിശിലാണ്. അവൻ വല്ലാതെ വിയർത്തിരുന്നു.എന്തെല്ലാം കാഴ്ചകളാണ് ഞാൻ കണ്ടത്‌.വേണ്ട, എനിക്കങ്ങോട്ട് പോകേണ്ട.ഞാൻ അന്വേഷിച്ച വഴി എന്റെ അരികിൽ തന്നെയുണ്ട്.അപ്പോഴാണ് അവൻ ഒന്നാമത്തവന്റെ പരിഹാസ വാക്കുകൾ കേട്ടത്.അവൻ അതിനെ തിരുത്തി: “എന്തു വിഡ്ഢിത്തമാണ് നീ ഈ പറയുന്നത് ? നമ്മള്‍ രണ്ടു പേരും തെറ്റ് ചെയ്തീട്ടാണ് ശിക്ഷ അനുഭവിക്കുന്നത് .എന്നാൽ ഇവനോ ? ഒരു തെറ്റും ചെയ്തിട്ടില്ല.എന്നീട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലല്ലോ.കഷ്ടം !”

post watermark60x60

അല്പസമയത്തെ മൗനത്തിനു ശേഷം കർത്താവിനോടായി അവൻ പറഞ്ഞു: യേശുവേ…നീ രാജത്വം പ്രാപിച്ചു വരുമ്പോള്‍ എന്നെയും ഓര്‍ക്കണമേ…” ആ വാക്ക് അപേക്ഷയായി പരിണമിച്ചു. കടലിലെ മീനിന്റെ കരളിലിരിക്കുന്ന ചതുര്‍ദ്രഹ്മപണം കണ്ട കർത്താവു അവന്റെയും മനം കണ്ടു.അവൻ പറഞ്ഞു: ” ഇന്ന് നീ എന്നോട് കൂടെ പറുദീസയിൽ ഇരിക്കും” അതു കേട്ടു അവന്റെ മനസും ശരീരവും കോരിത്തരിച്ചു.ഗോല്‍ഗോഥാ മലയിലെ ചുടുകാറ്റ് ഒരു കുളിര് തെന്നലായി മാറി. അതു അവന്‍റെ ( കള്ളന്റെ ) മുറിവുകളില്‍ തലോടി സ്വാന്തനമേകി. അട്ടഹാസങ്ങളും നിലവിളികളും അപ്പോഴുമവിടെ കേൾക്കുന്നുണ്ടായിരുന്നു.

റോയ് തോമസ് തൃശ്ശൂര്‍

-ADVERTISEMENT-

-ADVERTISEMENT-

You might also like