ഡോ ഹെർമ്മൻ ഗുണ്ടർട്ട് മ്യൂസിയം ഒരുങ്ങി; ഉദ്ഘാടനം ഇന്ന്


തലശേരി: ആദ്യ മലയാളം ഇംഗ്ലീഷ് നിഘണ്ടുവിനു രൂപം നൽകിയ ചരിത്രകാരനും ഭാഷ പണ്ഡിതനുമായ ഡോ ഹെർമൻ ഗുണ്ടർട്ടിന്റെ സ്പന്ദനങ്ങൾ വീണുറങ്ങുന്ന തലശേരി ഇല്ലിക്കുന്നിലുള്ള ഗുണ്ടർട്ട്‌ മ്യൂസിയം ഇനി ഭാഷയുടെ ചരിത്രത്തിന്റെയും വളർച്ചയുടെയും കഥ പറയും. മലയാള ഭാഷയെയും സംസ്‌കാരത്തെയും സമ്പന്നമാക്കിയ ഗുണ്ടർട്ടിന്റെ അറിയപ്പെടാത്ത ജീവിതകഥയിലേക്ക്‌ ഇനി ഭാഷാസ്നേഹികൾക്കും ചരിത്ര പെരുമ തേടുന്നവർക്കും യാത്ര ചെയ്യാം. ഒപ്പം ഭാഷയുടെയും സംസ്‌കാരത്തിന്റെയും വികാസചരിത്രവും അനുഭവിച്ചറിയാൻ കഴിയും. ചരിത്രത്തിൽ ഇടം നേടിയ ഗുണ്ടർട്ടിന്റെ ജീവിതത്തെ ആറ്‌ ഭാഗമാക്കിയാണ്‌ മ്യൂസിയത്തിൽ അവതരിപ്പിക്കുന്നത്‌. ഹെർമൻ ഗുണ്ടർട്ട്‌ ചിത്രപഥങ്ങളും ജീവിതവും, ഗുണ്ടർട്ട്‌ ഭാഷയ്‌ക്കും സാഹിത്യത്തിനുമപ്പുറം, ഇന്നും ജീവിക്കുന്ന പ്രതിഭ, ഐതിഹാസിക രചനകളും പ്രസാധനവും, നിഘണ്ടുവും വ്യാകരണവും ഗുണ്ടർട്ട്‌ മാതൃക, മഹാനായ വഴികാട്ടി എന്നീ വിഭാഗമായാണ്‌ മ്യൂസിയം സജ്ജീകരിച്ചത്‌. ഹെർമൻ ഹെസ്സേ ലൈബ്രറിയും ജൂലി ഗുണ്ടർട്ട്‌ ഹാളും ഗുണ്ടർട്ട്‌ പ്രതിമയും അനുബന്ധമായുണ്ട്‌. വിദേശവനിത സംഭാവന ചെയ്‌തതടക്കം അപൂർവ ഗ്രന്ഥങ്ങളാൽ സമ്പന്നമാണിത്. ഹെസ്സേ ലൈബ്രറി. ഡിജിറ്റൽ ബുക്ക്‌ ആർക്കൈവസ്‌മുണ്ടാകും. ഓരോ അക്ഷരത്തിന്റെയും പിറവിയും ഗുണ്ടർട്ടിന്റെ ജീവിതവും പറയുന്ന വീഡിയോയും കാണാം. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വിവരണങ്ങളിലൂടെയാണ്‌ ഗുണ്ടർട്ടിന്റെ ജീവിതകഥ പറയുന്നത്‌. ഗുണ്ടർട്ട്‌ മ്യൂസിയം മെയ് ഏഴിന് വൈകിട്ട്‌ 5 ന്‌ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നാടിന്‌ സമർപ്പിക്കും. തലശേരി ഹെറിറ്റേജ് ടൂറിസം പദ്ധതിയുടെ ജീർണാവസ്ഥയിലായിരുന്ന ഗുണ്ടർട്ട് ബം​ഗ്ലാവ് നവീകരിച്ചത്. തലശേരി നഗരസഭയിലെ കൊടുവള്ളിയിലാണ് ഗുണ്ടർട്ട് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.