റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷന് അനുഗ്രഹീത സമാപ്തി

KE News Desk l London, UK

ചെന്നൈ: ആത്മനിറവിന്റെ അഞ്ച് ദിനങ്ങൾക്ക് ചെന്നൈ ഇരുമ്പല്ലിയൂരിൽ അനുഗ്രഹ സമാപ്തി. ഏറ്റവും വലിയ പെന്തെക്കൊസ്ത് ആത്മീയ സംഗമമായ ചെന്നൈ സർവ്വദേശീയ കണ്‍വൻഷൻ മാർച്ച് 9 ബുധനാഴ്‌ച മുതൽ 13 ഞായറാഴ്ച വരെ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ ദി പെന്തെക്കൊസ്ത് മിഷൻ സഭ ആസ്ഥാനത്തു നടന്നു.
ദൈവമക്കൾ വിശുദ്ധിയോട് ക്രിസ്തുവിന്റെ വീണ്ടും വരവിനായി ഒരുങ്ങാം എന്ന് ദി പെന്തെക്കോസ്ത് മിഷൻ ചീഫ് പാസ്റ്റർ എബ്രഹാം മാത്യു പ്രസ്താവിച്ചു. ചെന്നൈ സാർവ്വദേശീയ കൺവൻഷന്റെ സമാപനദിന സംയുക്ത സഭായോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള ശുശ്രൂഷയായിരിക്കണം പുതിയ നിയമ സഭയുടെ ശുശ്രൂഷയെന്നും അപ്പോസ്തോലിക പ്രതിഷ്ഠ അത്യന്താപേക്ഷിതമാണെന്നും പാസ്റ്റർ ഏബ്രഹാം മാത്യു പറഞ്ഞു.
കൺവൻഷന്റെ പ്രാരംഭ രാത്രി യോഗം ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസിന്റെ പ്രാർഥനയോടെയാണ് ആരംഭിച്ചത്. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ വൈകിട്ട് നടന്ന സുവിശേഷ പ്രസംഗങ്ങളിൽ പാസ്റ്റർ തമ്പി ദുരൈ (മിഡിൽ ഈസ്റ്റ്), പാസ്റ്റർ ഗ്രിഗ്ഗ് വിൽസൺ (യു.എസ്), അസോസിയേറ്റ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ ജി ജെയം, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസ് എന്നിവരും സംയുക്ത വിശുദ്ധ സഭായോഗത്തിൽ ചീഫ് പാസ്റ്റർ എബ്രഹാം മാത്യുവും പ്രസംഗിച്ചു. ഞായറാഴ്ച വൈകിട്ട് നടന്ന പ്രത്യേക ദൈവിക രോഗശാന്തി ശുശ്രൂഷയിൽ പാസ്റ്റർ യൂനിസ് മാസിഹ് (ഡൽഹി) പ്രസംഗിച്ചു.
സംഗീത ശുശ്രൂഷ, അനുഭവ സാക്ഷ്യം, ബൈബിൾ ക്ലാസ്സ്, പൊതുയോഗം, കാത്തിരിപ്പ് യോഗം, യുവജന സമ്മേളനം, കുട്ടികൾക്കായി പ്രത്യേക യോഗം എന്നിവയും നടന്നു. പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. കൺവൻഷനിൽ സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിച്ചു. വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുത്തു. കൺവൻഷന്‍റെ സമാപന ദിനമായ ഞായറാഴ്ച 183 പേർ ജലസ്നാനമേറ്റു. രോഗസൗഖ്യം ലഭിച്ചവർ സാക്ഷ്യങ്ങൾ പങ്കുവെച്ചു.
മാർച്ച്‌ 8 മുതൽ 9 വരെ ശുശ്രൂഷക സമ്മേളനവും മാർച്ച്‌ 14 ന് സഭയുടെ വാർഷിക ജനറൽബോഡി യോഗവും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടന്നു. ഈ വർഷത്തെ ചെന്നൈ സാർവ്വദേശീയ കൺവൻഷനിൽ 25 എൽഡർന്മാർക്ക് പാസ്റ്റർന്മാരായി ഓർഡിനേഷൻ ലഭിച്ചു. പുതിയതായി 25 സഹോദരന്മാരേയും 62 സഹോദരിമാരേയും സുവിശേഷ വേലക്കായി തിരഞ്ഞെടുത്തു.
ചെന്നൈ സാർവ്വദേശീയ കൺവൻഷന്റെയും ദൈവിക രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി മുഴു ലോകത്തിലും ഉള്ള റ്റി.പി.എം സഭകളിൽ പ്രത്യേക ഉപവാസ പ്രാർത്ഥനയും ചെന്നൈയിലെ സഭ ആസ്ഥാനത്ത് ‘ഗ്രേസ് ഹാളില്‍’ കണ്‍വൻഷന്റെ ആരംഭ ദിവസം മുതൽ സമാപന ദിവസം വരെ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടന്നു.
സർക്കാരിന്റെ കോവിഡ് മാർഗനിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു യോഗങ്ങൾ. കൺവൻഷനിൽ പങ്കെടുക്കുന്നവർക്കായി ഭക്ഷണം, താമസം എന്നിവ സൗജന്യമായി സഭ ആസ്ഥാനത്ത്‌ ക്രമീകരിച്ചിരുന്നു. കൺവൻഷൻ ഗ്രൗണ്ടിലേക്ക് താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈ എയർപോർട്ടിൽ നിന്നും പ്രത്യേക ബസ്‌ സർവീസുകൾ ക്രമീകരിച്ചിരുന്നു. ചെന്നൈ കൺവൻഷന്റെ അന്വേഷണ കൗണ്ടറുകൾ താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിലും ചെന്നൈ എയർപോർട്ടിലും കൺവൻഷൻ ദിവസങ്ങളിൽ തുറന്നു പ്രവർത്തിച്ചിരുന്നു. ബസ്‌, റെയിൽവേ, എയർ ടിക്കറ്റ്‌ എടുക്കുവാൻ ഉള്ള ക്രമീകരണങ്ങൾ കൺവൻഷൻ ദിവസങ്ങളിൽ സഭ ആസ്ഥനത്ത് ഒരുക്കിയിരുന്നു. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസ്, അസോസിയറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി ജെയം എന്നിവർ കണ്‍വൻഷന് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.