കഥ: പ്രവാസം ഒരു അനുഭവം | റെനി ജോ മോസസ്

 

post watermark60x60

പ്രവാസം , അതു പറഞ്ഞു അറിയിക്കേണ്ട ഒന്നല്ല , അതു അനുഭവിച്ചു തന്നെ അറിയണ്ട ഒന്നാണ് , ഒരു പക്ഷി കണക്കെ വിമാനം ഉയർന്നു പൊങ്ങി ആകാശ നീലിമയിൽ ചുംബിച്ചു മറ്റൊരു രാജ്യത്തിന്റെ കൊടിക്കീഴിൽ പറന്നിറങ്ങുന്നതും പ്രത്യേകിച്ച് ഗൾഫ് എങ്കിൽ ,ആ മണൽ കാറ്റിന്റെ ചൂടും ഗന്ധവും ഒരു പാട് കണ്ണീരും കഷ്ടപ്പാടുകളും, സ്വപ്നങ്ങളും . നാടും വീടും ഒരുപാട് മുഖങ്ങളും , മനസിലൂടെ മിന്നി മറയുമ്പോൾ , മാഞ്ഞു പോകുന്നതും മായിച്ചു കളയുന്നതുമായ പ്രവാസം , അതു അനുഭവിച്ചു തന്നെ അറിയണം.

ഓർത്തു പോകുന്നു വളരെ പെട്ടന്ന് ഒരു പ്രവാസി ആകേണ്ടി വന്ന സമയം , അന്ന് വരെ കണ്ടിട്ടില്ലാത്ത , അനുഭവിക്കാത്ത അന്തരീക്ഷം , അനുഭൂതി, ഭാഷ , സംസ്കാരം ,അതിലും അപ്പുറമായി വിമാനത്തിലുള്ള യാത്ര , ആദ്യ യാത്രയുടെ പേടിയും പരിഭവവും , ഇന്ന് കാലങ്ങൾ ഇപ്പുറം , ഏതു വിമാനം ആണ് നല്ലതു , ഇനി ഏതു വിമാനത്തിൽ കയറണം, ഇനി ഏതിലാവാം യാത്ര , ചിന്തകൾ അത്തരത്തിൽ വന്നു നിൽക്കുന്നു……

Download Our Android App | iOS App

ഒരിക്കൽ U A E യുടെ മണ്ണിൽ അബുദാബിക്കു ഉള്ള യാത്ര , നാട്ടിൽ ക്രിസ്തുമസ് ആഘോഷം തകൃതിയായി നടക്കുന്നതിനിടയിൽ പെട്ടന്ന് പറക്കേണ്ടി വന്നു , പല വിമാനങ്ങളിൽ യാത്ര ചെയ്ത് പരിചയം ഉണ്ടെങ്കിലും ഈ യാത്ര ഇച്ചിരി ഭയപ്പെടുത്തി , ടർബലൻസ് , മേഘ പാളികൾക്കിടയിൽ പരുന്തിൻ കണക്കെ തെന്നി കളിക്കുന്ന വിമാനം ഉലയാൻ തുടങ്ങി , ആദ്യം , പ്രതേകിച്ചു ഒന്നും തോന്നിയില്ല എങ്കിലും ഉലച്ചിൽ തീരുന്നില്ലല്ലോ എന്നു കണ്ടപ്പോൾ ഭയം തോന്നിത്തുടങ്ങി , അര മണിക്കൂറിലേറെ നീണ്ടു നിന്ന് വിമാനം നിലം തൊട്ടപ്പോൾ അതും മറക്കാനാവാത്ത മറ്റൊരു അനുഭവമായി മാറി…

പിന്നീട് അബുദാബിയിൽ നിന്നു ഒരു ദ്വീപിലേക്കു വീണ്ടുമൊരു യാത്ര , ഒരു ചെറു വിമാനം , ഏതാണ്ട് രണ്ടുകിലോമീറ്റർ ചുറ്റളവുള്ള കൊച്ചു ദ്വീപ് , ആ മണ്ണിൽ ഇറങ്ങി ആദ്യ ശ്വാസം എടുത്തപ്പോൾ തന്നെ മനസിലായി അവിടുത്തെ അന്തരീക്ഷം , മുഴുവൻ ഗ്യാസ് നിറഞ്ഞു നിൽക്കുന്നു , പുറം ലോകമായി ഒരു ബന്ധവും ഇല്ല ,ഗ്യാസ് നിറക്കുന്ന കപ്പലുകളും ആകാശ നീലിമയും ,അങ്ങനെ ഒരു ദിവസത്തിന് ശേഷം പ്ലാന്റിലേക്കു ,

പ്ലാന്റിലേക്കു ഇറങ്ങുന്നതിനു മുൻപ് നല്ല ട്രെയിനിംഗ് കിട്ടി , പ്രിത്യേകിച്ചു ഞങ്ങൾ സേഫ്റ്റിയിൽ ജോലി ചെയ്യുന്നവർ അവിടെയും ടെസ്റ്റു പാസായിരിക്കണം.കാരണം , ഗ്യാസ് ആയതുകൊണ്ടു എന്തെങ്കിലും എമർജൻസി ഉണ്ടായാൽ നമ്മൾ എന്തു ചെയ്യണം , ആദ്യം സ്വന്തം ജീവൻ നിലനിർത്താൻ എന്തൊക്കെ പഠിക്കണം , ഓരോ മേഖലയിൽ പോകുമ്പോൾ അതു ഏതു മേഖല എന്നു തിരിച്ചറിഞ്ഞു , അവിടെ പോകുമ്പോൾ എന്തെല്ലാം മുൻകരുതൽ എടുത്തിരിക്കണം , ഏറ്റവും അപകടം നിറഞ്ഞ റെഡ് സോണിൽ പോകുമ്പോൾ , ചെറിയ ഓക്സിജൻ സിലിണ്ടർ ശരീരത്തോട് ചേർത്തു തന്നെ വച്ചിരിക്കണം , ഏറ്റവും നാശവാഹിയായ അപകടം വിതയ്ക്കാൻ കഴിവുള്ള ഹൈഡ്രജൻ സൾഫൈഡ് പോലുള്ള വാതകങ്ങൾ നിറഞ്ഞ പൈപ്പുകളും കൂറ്റൻ ഡ്രമ്മുകളും ഒക്കെയുള്ള സ്ഥലം , ഏതെങ്കിലും ഒരു ചോർച്ചയോ അപകടമോ ഉണ്ടായാൽ കവറോളിനു പുറത്തു വച്ചിരിക്കുന്ന ചെറിയ ഡിറ്റക്റ്റർ സിഗ്നൽ തരും , അപ്പോൾ തന്നെ അടുത്ത ശ്വാസം എടുക്കുന്നതിനു മുൻപ് തന്നെ ധൈര്യം സംഭരിച്ചു തല മുഴുവൻ കവർ ചെയ്യുന്ന മാസ്‌ക് ഇടുമ്പോൾ അപ്പോൾ തന്നെ ബോഡിയോട് ചേർത്തു വച്ചിരിക്കുന്ന ഓക്സിജൻ ഓണാകുകയും കാറ്റിന്റെ ഗതി പെട്ടന്ന് തന്നെ മനസിലാക്കി നമ്മൾ സുരക്ഷിതമായി എത്തിച്ചേരേണ്ട സ്ഥലത്തു ഓടി എത്തുകയും വേണം ,

കാരണം കൈയിൽ സൂക്ഷിച്ചിരിക്കുന്ന ഓക്സിജൻ പതിനഞ്ചു നിമിഷത്തേക്ക് മാത്രമേ ഉള്ളു , ഓടി വന്നില്ല , അല്ലെങ്കിൽ സ്ഥലകാല ബോധവും അതിലുപരിയായി എന്റെ ജീവൻ രക്ഷിക്കാൻ ഞാൻ എന്തു ചെയ്യണം എന്ന ബോധ്യവും തിരിച്ചറിവും ഇല്ലാതെ പോയാൽ ഒരുപക്ഷേ മുൻപിൽ ഓടുന്നവരുടെ പിറകെ ഓടേണ്ടി വരും , ഇങ്ങനെ ഉള്ള സമയങ്ങളിൽ മുൻപിൽ ഉള്ളവരെ ആശ്രയിച്ചാൽ കുഴപ്പം ഉണ്ടോ എന്നു ചോദിച്ചാൽ കുഴപ്പം ഉണ്ട് , നമ്മൾ പോവേണ്ടുന്ന വഴി നമ്മൾ മനസ്സിലാക്കിയിരിക്കണം മറിച്ചു മുൻപിൽ ഒടുന്നവരെ നോക്കി ഓടിയാൽ അവർ ഓടുന്നത് തെറ്റായ ദിശയിലേക്ക് ആണെങ്കിൽ അവർക്കും തരണം ചെയ്യാൻ കഴിയില്ല കൂടെ ഓടിയ നമ്മളുടെ ജീവനും അപകടത്തിലാകും ….

മറക്കാനാവാത്ത ആ അനുഭവത്തിനു സമാനമായി ഓർത്തു പോകുന്നു ക്രിസ്‌തീയ ജീവിതത്തിന്റെ ഈ നാളുകൾ.

തിരുവചനത്തിലോട്ടു കണ്ണു ഓടിച്ചാൽ ഏതാണ്ട് മുപ്പതു ലക്ഷത്തിൽ പരം വരുന്ന ഇസ്രയേൽ മക്കളെ നയിക്കാൻ മോശയെയും പിന്നീട് യോശുവയെയും ദൈവം നിയോഗിച്ചതായി കാണാം , അവരുടെ ഏതു വാക്കും ജനത്തിന് വിശ്വാസവും ആശ്വാസവും ആയിരുന്നു , അതുപോലെ തന്നെ അവർ തെറ്റിപോകുമ്പോൾ, പിറുപിറുക്കുമ്പോൾ പാപം ചെയ്യുമ്പോൾ, ശാസനയും, ന്യായവിധിയുടെ ദൂതുമായി ആയി വരുന്നവർ എലിയാവ് ,എലിശ യോവേൽ , മീഖാ ആമോസ്‌ വലിയ പ്രവാചകരും ചെറിയ പ്രേവാചകൻമാരും, നിനവേ എന്ന പട്ടണത്തിന് നേരെ പോലും ദൈവം യോന എന്ന പ്രവാചകനെ അയച്ചു ,

അങ്ങനെ ഒരു വലിയ ജനകൂട്ടത്തെ നയിക്കാനും തിരുത്താനും ശാസിക്കാനും ഒരു ഒറ്റ വെക്തിയെ കൊണ്ടു പോലും സാധിച്ചിരുന്ന ചരിത്രം തിരുവചനത്തിൽ നമ്മൾക്ക് കാണാൻ കഴിയും ….. സമാനമായ രീതിയിൽ , ആത്മീയ ഇസ്രായേലായ , മണവാട്ടി ആയ നമ്മുടെ ഇടയിലും ദൈവം പ്രതിനിധികളെ എഴുന്നേൽപ്പിച്ചു ആയിരങ്ങളെ രക്ഷയുടെ മഹൽഭാഗ്യത്തിലേക്കു നടത്തി കൊണ്ടു വരാൻ മുൻകാലങ്ങളിൽ പിതാക്കൻമാർക്ക് കഴിഞ്ഞതിന്റെ അനന്തര ഫലമാണ് നമ്മൾ ഓരോരുത്തരും , പക്ഷെ ഒരു തുടർക്കഥ എന്നോണം ഇന്നത്തെ ഈ കാലഘട്ടത്തെ നോക്കിയാൽ മഹാദൗത്യത്തിനു പിന്നിലെ ആശ തിരിച്ചറിഞ്ഞു നയിക്കാനും പഠിപ്പിച്ചും ശിക്ഷ്യരെ ഉളവാക്കാൻ പ്രേരിപ്പിച്ചതും, പരിശീലിപ്പിച്ചും അനേകരെ ആ നിത്യതയിലേക്കു നടത്തി കൊണ്ടു പോകുവാൻ ദൈവം ആക്കി വച്ച പ്രതിനിധികളായ നാം ഓരോരുത്തരും മണലിൻ മേൽ അടിസ്‌ഥാനം ഇട്ടതു പോലെ ദൗത്യത്തിനു പിന്നിലെ ആശ മാത്രമല്ല , മഹാദൗത്യം തന്നെ മറന്നു ദേഹത്തിനും ദേഹിയുടെ സംതൃപ്തിക്കും വേണ്ടി വിശ്വാസ ജീവിതത്തിന്റെ ചരട് നീക്കുന്ന കാഴ്ച്ച ഇന്നു കൂടി വരുന്നു…

ഈ അന്ത്യനാളുകളിൽ ഏറ്റവും എളുപ്പത്തിൽ ഒരു മനുഷ്യനെ സ്വാധീനിക്കാൻ കഴിയുന്ന സോഷ്യൽ മീഡിയയുടെ സഹായത്തോടെ ഒരു ഒറ്റ വ്യെക്തിക്കു പോലും ഒരു കൂട്ടം ജനത്തെ ദൈവത്തിങ്കൽ നിന്നു അകറ്റി കളയുവാൻ സാധിക്കുന്ന തരത്തിൽ നാം ഇന്നു എത്തി നിൽക്കുന്നു ….വിത്യസ്ത തരം ആശയങ്ങളും പഠിപ്പിക്കലും , സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി , സഭ വലുതാക്കാനും മെഗാ ആക്കി വിലസാനും , പഠനങ്ങൾ കൂടുമ്പോൾ , ബുദ്ധിയുടെ തലത്തിൽ കൂട്ടി കിഴിച്ചു ദൈവത്തിനു പോലും മാർക്കിടുന്ന , ദൈവത്തിന്റെ സമയവും കാലവും ഒക്കെ നിർണയിക്കുന്ന , പടച്ചു വിടുന്ന , വാക്കുകളും ചിന്തകളും സോഷ്യൽ മീഡിയയിലൂടെ ഉള്ള സ്വാർഥ ലാഭങ്ങളും കൂടി കണക്കിലെടുത്താൽ , ഇതിൽ പതിയിരിക്കുന്ന അപകടം ക്രിസ്തീയ ജീവിതത്തിൽ പാലു കുടിച്ചു വളർന്നു വരുന്ന ,പക്വതയിലേക്ക് നടന്നു കയറേണ്ട ആയിരങ്ങളെ , പതിനായിരങ്ങളെ വളരെ എളുപ്പത്തിൽ ചിതറിച്ചു കളയുന്നു..

തിരുവചനത്തിൽ ഉടനീളം ദൈവം അതിശക്തമായി ഉപയോഗിച്ചവരെയും ദൈവത്തെ രുചിച്ചറിഞ്ഞവരെയും കാണാൻ സാധിക്കും , പക്ഷെ അവർ പോലും ദൈവത്തിന്റെ ദൈവാധിപത്യത്തിന്റെ മർമ്മവും സർവ ജ്ഞാനവും സർവ വ്യാപനവും, അല്ലെങ്കിൽ ദൈവം തന്നെത്താൻ , വെളിപ്പെടുത്തിയിരിക്കുന്ന , വെളിപ്പാടും കൂട്ടികിഴിച്ചു നോക്കിയിട്ടും പൂർണ്ണമായും മനസിലാക്കാൻ കഴിയാതെ വിസ്മരിക്കുന്നതു നമുക്കു തിരുവചനത്തിൽ വായിക്കാൻ കഴിയും ,

(ഇയോബ് 11 ) ൽ കാണുന്നു ,
“”ദൈവത്തിന്റെ അഗാഥത്വം നിനക്കു ഗ്രെഹിക്കാമോ ? സർശക്തന്റെ സമ്പുർത്തി നിനക്കു മനസിലാകുമോ””

നിരന്തരം അന്വേഷണത്തിന്റെയും പരിശ്രമത്തിന്റെ യും ഒടുവിൽ സങ്കീർത്തനകാരൻ ദാവീദ് (139 : 6 ) പറയുന്നു , ഈ പരിജ്ഞാനം എനിക് അത്യത്ഭുതം ആകുന്നു
അതു എനിക്കു ഗ്രഹിച്ചു കൂടാതെവണ്ണം ഉന്നതമായിരിക്കുന്നു.

ലോകം എതിർക്രിസ്തു എന്ന ഒരുവനിലേക്കു വെമ്പൽ കൊള്ളുമ്പോൾ, മണവാട്ടിയുടെ കാത്തിരിപ്പിനും പ്രത്യാശക്കും വിരാമം ഇട്ടു നല്ല വീണ്ടെടുപ്പുകരൻ ആയ കർത്താവിന്റെ സാന്നിധ്യം ആകാശ പാളികളെ തഴുകി ഇറങ്ങേണ്ട , കാഹള നാദത്തിന്റെ മുഴക്കം കേൾക്കേണ്ട സമയം ആഗതമായി എന്നു ലോകസംഭവങ്ങളും പ്രകൃതിയും തിരുവചനവും , വീണ്ടെടുക്കപ്പെട്ടവരിൽ പോലും സൂചനകളും ലക്ഷ്യങ്ങളും കാണിക്കുമ്പോൾ , ( 2 കോരിന്ത്യർ 11: 2, 3) ൽ കാണുന്ന പോലെ “”സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതു പോലെ നിങ്ങളുടെ മനസു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമലതയും വിട്ടു വഷളായി പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു ”എന്നു വായിക്കുന്ന പോലെ

ക്രിസ്തുവിനോടുള്ള ഏകാഗ്രത നഷ്ടമാക്കുന്നത് , സ്ഥാനമാനങ്ങളോ, ഭൗതികമോ, കോടികളോ , എത്ര വലിയ ഇടയനോ , റവറന്റ്, പ്രേവാചകൻ, എന്തുമാകട്ടെ , ആരുമായികൊള്ളട്ടെ , ആരുടെയും പിറകെ ലക്ഷ്യബോധം തെറ്റി സഞ്ചരിക്കാതെ ബറോവയിലെ വിശ്വാസികളെ പോലെ അകവും പുറവും പരിശോധന നടത്തി വിവേചനപൂർവ്വം ഈ മണ്കൂടാരമാകുന്ന പ്രവാസത്തിലെ ഓരോ കാൽവെപ്പും തങ്ങളുടെ നിത്യമായ രക്ഷ നഷ്ടപ്പെടുത്താതെ ദൈവത്തിന്റെ ശ്വാസമാകുന്ന തിരുവചനത്തിൽ മാത്രം ഊന്നൽ കൊടുത്തു കൊണ്ടു മുൻപോട്ടു യാത്ര ചെയ്‍വാൻ ഈ വാക്കുകൾ , അനുഭവം ഉതകട്ടെ , ദൈവ കൃപ കൂടെ ഇരിക്കുകയും ചെയ്യട്ടെ……!!

“” ഇവിടെ ഞാൻ വെറുമൊരു
പരദേശി പോൾ
ഇവിടുത്തെ പാർപ്പിടാമോ വഴിയമ്പലം ”’

-ADVERTISEMENT-

-ADVERTISEMENT-

You might also like