ചെറു ചിന്ത: മാനിക്കുക എന്ന പദം ദുർവ്യാഖ്യാനമോ? | രാജൻ പെണ്ണുക്കര

ദൈവ വചനം വ്യവസ്ഥകളൊടുകൂടി പറയുന്നു “എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും”. ഇവിടെ പറഞ്ഞിരിക്കുന്ന “മാനിക്കുക” എന്ന പദം യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത് എന്താണ്.?

മലയാളം നിഘണ്ടുവിൽ മാനിക്കുക (Honor) എന്നതിന് ബഹുമാനിക്കുക, ആദരിക്കുക, മഹിമ, വണങ്ങുക, പൂജിക്കുക, ശ്രേഷ്ടപദം, സ്ഥാനമാനങ്ങള്‍ കൊടുക്കുക, സത്‌കരിക്കുക (അതിഥികളെ) അങ്ങനെ ഇരുപത്തിനാല് (24) വിധ അർത്ഥങ്ങൾ കൊടുത്തിരിക്കുന്നു. എല്ലാ വാക്കുകളുടെയും അർത്ഥങ്ങൾ അതിന്റെ സാഹചര്യവും സന്ദർഭവും ഉപയോഗവും അനുസ്സരിച്ച് വ്യത്യാസപെട്ടിരിക്കുന്നു എന്നല്ലെ നാം പഠിച്ചിരിക്കുന്നത്.

രാജാവിന്റെ മുൻപിൽ നമ്രശിരസ്കരായി നിന്നും, സൈന്യധിപനെ സല്യൂട് ചെയ്‌തും, ന്യായാധിപന്റെ / അധ്യാപകന്റെ മുന്നിൽ വണങ്ങിയോ അല്ലെങ്കിൽ കൈകൂപ്പി നിന്നോ ആണല്ലോ എല്ലാവരും മാനിക്കുന്നത് അഥവാ ആദരിക്കുന്നത്. അതായത് അവരുടെ അർഹതയും യോഗ്യതയും സ്ഥാനവും മാനവും നോക്കി നാം അവരോട് ആദരവ് കാട്ടുന്നു എന്നു ചുരുക്കം.

എന്നാൽ ദൈവീക വിഷയത്തിൽ നാം എങ്ങനെ ദൈവത്തെ മാനിക്കും, ആദരിക്കും എന്നത് ചിന്തനീയമായ കാര്യം തന്നേ. ദൈവത്തിനു നമ്മുടെ സല്യൂട്ടോ, കൈകൂപ്പലോ, തലവണങ്ങലോ അല്ലാ വേണ്ടിയത്. മറിച്ച്, ദൈവം ആരാധിക്കപെടുവാൻ യോഗ്യൻ (പൂജ്യൻ) ആയതുകൊണ്ട് അവനെ ആരാധിക്കുന്നതാണ് ഏറ്റവും വലിയ ആദരവ്. കൂടാതെ, നമ്മേ ദൈവത്തിന് വേണം, നമ്മുടെ ജീവിതത്തിൽ ദൈവത്തിന് പ്രഥമ സ്ഥാനം കൊടുക്കുകയും, ജീവനുള്ള ദൈവത്തേ മാത്രം ആരാധിക്കയും ആശ്രയിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതല്ലേ ദൈവത്തേ മാനിക്കുക എന്നത്. ദൈവ വചനത്തിൽ ദൈവത്തേ മാനിച്ച പലരുടേയും ഉദാഹരണങ്ങളും, വിധങ്ങളും അതുപോലേ ദൈവം അവരെ തിരിച്ചു മാനിച്ച വിഷയങ്ങളും നാം വായിക്കുന്നു.

ഇതിന്റ വേറെ ഒരു വശം ചിന്തിച്ചാൽ, വേർപെട്ട സമൂഹത്തിൽ സാധാരണ ഉപയോഗിക്കുന്ന പദമായി “മാനിക്കുക” എന്ന വാക്കിനെ കാണുവാൻ സാധിക്കുന്നില്ലേ. “ഞാൻ പാസ്റ്ററെ നന്നായി മാനിച്ചു”, “ദൈവത്തിന്റെ ദാസന്മാരെ എങ്ങനെ മാനിക്കണമെന്ന് അവന് ഒട്ടും അറിയില്ല”, “വീട്ടിൽ വരുന്ന പാസ്റ്ററെ മാനിക്കാതെ വിടരുത്”, ഇങ്ങനെയുള്ള പ്രയോഗങ്ങൾ നാം നിരന്തരം കേൾക്കാറുണ്ട്.

സത്യത്തിൽ ഇവിടെ നാം ഉദ്ദേശിക്കുന്നത് സല്യൂട്ടോ, തലവണങ്ങലൊ, കൈകൂപ്പലോ അല്ലാ എന്നത് പകൽ പോലെ വ്യക്തമല്ലേ!!. അപ്പോൾ നാം ഇവിടെ ഉദ്ദേശിക്കുന്ന, അല്ലെങ്കിൽ ഉപയോഗിക്കുന്ന “മാനിക്കുക” എന്ന പദത്തിന്റെ വ്യാഖ്യാനവും അഥവാ അർത്ഥവും എന്താണ്?.

നാം സാധാരണ കണ്ടുവരുന്നതു പോലെ, ചെയ്തുവരുന്നതു പോലെ, അല്ലെങ്കിൽ ഉദ്ദേശിക്കുന്നതു പോലെ “മാനിക്കുക” എന്നുവെച്ചാൽ “പണം നൽകുക”, “കൈമടക്ക്” കൊടുക്കുക, എന്നല്ലേ പലരും മനസ്സിലാക്കി വച്ചിരിക്കുന്നത്.!!!

എന്നാൽ, മലയാളം പണ്ഡിതന്മാരോട് ചോദിച്ചാലും, നിഘണ്ടു പരിശോധിച്ചാലും “മാനിക്കുക” എന്ന പദത്തിന് മുകളിൽ പറഞ്ഞിരിക്കുന്ന രീതിയിലുള്ള ഒരർത്ഥവും ഇല്ലായെന്നു തന്നേ പറയും. അപ്പോൾ, ചിലരുടെ സ്വയനിർമിത നിഘണ്ടു പ്രകാരം മാനിക്കുക എന്ന വാക്കിനെ ദുർവ്യാഖ്യാനം കൊടുത്ത് ദുരുപയോഗം ചെയ്യുന്നു എന്നു പറയുന്നതാകും സത്യം. ചില വാക്കുകളെ നമ്മുടെ പ്രയോജനത്തിനും, സൗകര്യത്തിനും വേണ്ടി സന്ദർഭം അനുസരിച്ച് ആത്മീകതയിൽ പൊതിഞ്ഞു ആത്മീകതയുടെ നിറവും, രൂപവും ഭാവവും കൊടുത്തു ഭൗതീകതയിൽ ഉപയോഗപ്രദമാക്കുന്നു എന്നു പറയുന്നതല്ലേ ഉത്തമം. ഇതു തെറ്റിദ്ധാരണ ഉളവാക്കുന്ന പ്രയോഗം എന്നുപോലും തോന്നി പോകുന്നു.

ഇവിടെ അടിവരയിട്ട് പറയേണ്ടിയ വേറെ ഒരു സത്യം “മാനിക്കുക” എന്ന വാക്കിന് നിഘണ്ടുവിൽ, നമുക്ക് ഒട്ടും ഇഷ്ടപ്പെടാത്തതും, പെട്ടെന്ന് അംഗീകരിക്കാൻ പറ്റാത്ത രീതിയിലും, വളരെ സ്‌പഷ്‌ടമായും പ്രധാന്യം കൊടുത്തും പറയുന്ന വേറെ ചില നാനാർത്ഥങ്ങൾ കോപിക്കുക, അഹങ്കരിക്കുക, തൂക്കുക, അളക്കുക എന്നിവയാണ്. അപ്പോൾ നാം ചെയ്യുന്ന ഈ പ്രവർത്തികൊണ്ട് ഇവിടെ യഥാർത്ഥത്തിൽ നിർവചിക്കപ്പെടുന്നതും സ്ഥാപിച്ചെടുക്കുന്നതും മുകളിൽ പറഞ്ഞ കാര്യങ്ങൾ കൂടിയാണോ എന്ന സംശയം പോലും നിങ്ങളുടെ മനസ്സിൽ ഇപ്പോൾ തോന്നുന്നില്ലേ??.

അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞാൽ ദൈവവചനം അനുശാസിക്കുന്ന, ദൈവം ഉദ്ദേശിച്ച, ആഗ്രഹിക്കുന്ന മാനിക്കലാണോ നാം ഇവിടെ യഥാർത്ഥത്തിൽ നടപ്പിലാക്കുന്നത് എന്നു ഇനിയും ചിന്തിക്കേണ്ടിയ കാലം സമാഗതമായിയിക്കുന്നു.

ഇങ്ങനെ പണം നൽകി മാനിച്ചാൽ പ്രസാദിക്കുന്ന ദൈവത്തെയാണോ നാം സേവിക്കുന്നത് എന്ന സംശയം ഇപ്പോഴും ബാക്കി നിൽക്കുന്നു. ഇതു ദ്രവ്യവുമായി ബന്ധപ്പെട്ട വേറെയൊരു നിർവചനം എന്നു പറയുന്നതല്ലേ ഉത്തമം. ഇതിനെ യഥാർത്ഥത്തിൽ കൂലി, കോഴ, പ്രതിഫലം എന്നോ മറ്റും വിളിച്ചാലും അധികമാകില്ല എന്നു തോന്നി പോകുന്നു. അല്ലെങ്കിൽ ഇതിനു തത്തുല്യമായ വേറെ പദം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അപ്പോൾ ഇവിടെ സംഭവിക്കുന്നത് മൂല്യമുള്ള പല വാക്കുകളുടെ പ്രയോഗത്തിലും, ഉപയോഗത്തിലും വരുന്ന മൂല്യച്ചുതിയും അപചയവും, ദുരുപയോഗവും, ദുർവ്യാഖ്യാനവും എന്നു പറയാതെ വയ്യാ എന്നകാര്യം കൂടി പറഞ്ഞിട്ട് തത്കാലം ഉപസംഹരിക്കുവാൻ ആഗ്രഹിക്കുന്നു.

ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ, നാം എപ്പോഴും ചർച്ച ചെയുന്ന കാര്യങ്ങൾ മറ്റുള്ളവർക് വിദ്യാദായകമായും പ്രയോജനവും ആയി ഭവിക്കുന്നു എങ്കിൽ നമ്മുടെ പ്രയത്നം വിഫലം ആകുന്നില്ല.

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.